കോതമംഗലം: കട്ടിലിൽ തളർത്തിക്കിടത്തിയിടത്തുനിന്ന് പെരുന്നാൾ പുലരിയിൽ പിച്ചെവച്ച് നടക്കാൻ തുടങ്ങുകയാണ് നൂർജഹാൻ. സുഹൃത്ത് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിനെത്തുടർന്ന് അരക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട പതിനേഴുകാരിക്ക് പ്രതീക്ഷ നൽകിയത് കോതമംഗലം നെല്ലിക്കുഴിയിലെ പീസ് വാലിയാണ്. ജനുവരി ആറിനാണ് കാക്കനാട് അത്താണി സ്വദേശിനിയായ നൂർജഹാന് ആക്രമണം ഏൽക്കുന്നത്. അരക്ക് താഴേക്ക് ചലനശേഷി നഷ്ടപ്പെട്ടു. നിരന്തര ഫിസിയോതെറപ്പി ലഭ്യമാക്കിയാൽ മാറ്റങ്ങൾക്ക് സാധ്യത ഉണ്ടെന്ന് ഡോക്ടർമാർ വിധിയെഴുതി. നിർധന കുടുംബത്തിെല അംഗമായ പെൺകുട്ടിക്ക് ഭീമമായ െചലവ് താങ്ങാനാവുമായിരുന്നില്ല. ഇതിനിടെ നട്ടെല്ലിന് പരിക്കേറ്റവർക്കുള്ള പീസ്വാലിയുടെ ചികിത്സ-പുനരധിവാസ കേന്ദ്രത്തെക്കുറിച്ച് അറിയുകയും പൊതുപ്രവർത്തകർ മുഖേന സ്ഥാപനവുമായി ബന്ധപ്പെടുകയും ചെയ്തു. പീസ്വാലിയുടെ മെഡിക്കൽ പാനലിൻെറ വിശദ പരിശോധനക്കുശേഷം േമയ് ആദ്യം സ്ഥാപനത്തിൽ പ്രവേശനം നേടി. രോഗിക്കും കൂട്ടിരിപ്പുകാരനും താമസവും ഭക്ഷണവും ഉൾപ്പെടെ പൂർണമായും സൗജന്യമായാണ് പീസ്വാലിയിലെ ചികിത്സ. ചികിത്സ ആരംഭിച്ച് മൂന്നാഴ്ച പിന്നിടുമ്പോൾ തനിയെ എഴുന്നേൽക്കാനും സഹായ ഉപകരണങ്ങളുടെ സഹായത്തോടെ നിൽക്കാനുമുള്ള അവസ്ഥയിലേക്ക് നൂർജഹാൻ എത്തി. പ്രായം, ആരോഗ്യം, അപകടത്തിൻെറ കാലപ്പഴക്കം എന്നിവ പരിശോധിക്കുമ്പോൾ നൂർജഹാന് സ്വയംപര്യാപ്തത കൈവരിക്കാൻ സാധിക്കുമെന്ന് പീസ് വാലിയിലെ ഫിസിയോതെറപ്പിസ്റ്റുകളായ ഐറിൻ ജോൺ, പി. തങ്കപാണ്ടി, മെബി തോമസ്, ഫ്രാങ്ക്ളിൻ എന്നിവർ പറഞ്ഞു. ഒരുവർഷത്തിനിടെ വിവിധ ജില്ലകളിലെ നട്ടെല്ലിന് പരിക്കേറ്റ അമ്പതോളം പേരാണ് പീസ്വാലിയിലെ ചികിത്സയിലൂടെ സ്വയം പര്യാപ്തരായി മടങ്ങിയത്. നിലവിൽ മുന്നൂറോളം പേർ അഡ്മിഷനായി അപേക്ഷ നൽകി കാത്തിരിക്കുന്നു. ചികിത്സ പൂർത്തിയാക്കുന്ന ചെറുപ്പക്കാർക്ക് ഭിന്നശേഷിക്ക് അനുസൃതമായി ക്രമീകരണങ്ങൾ വരുത്തിയ ഓട്ടോറിക്ഷ ഡ്രൈവിങ്, എൽ.ഇ.ഡി ബൾബ് നിർമാണം എന്നിവയിലും പരിശീലനം നൽകുന്നുണ്ട്. ഇതിനകം നാലുപേർ ഇത്തരത്തിൽ സ്വയംതൊഴിൽ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.