ഓഞ്ഞിത്തോടിലെ കൈയേറ്റം ഒഴിപ്പിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം

കടുങ്ങല്ലൂര്‍: കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ ഓഞ്ഞിത്തോടിലെ കൈയേറ്റം ഒഴിപ്പിച്ച് നീരൊഴുക്ക് സുഗമമാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഇതുസംബന്ധിച്ച അറിയിപ്പ് കടുങ്ങല്ലൂര്‍ പഞ്ചായത്തിന് കഴിഞ്ഞ ദിവസം ലഭിച്ചു. കടുങ്ങല്ലൂര്‍ പഞ്ചായത്ത് പൗരാവകാശ സംരക്ഷണ സമിതി ചെയര്‍മാന്‍ ശ്രീകുമാര്‍ മുല്ലേപ്പിള്ളി മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൻെറ അടിസ്ഥാനത്തിലാണ് നടപടി. കൈയേറ്റം ഒഴിപ്പിച്ച് തോടിൻെറ യഥാര്‍ത്ഥ വീതി കണ്ടെത്താൻ ഓഞ്ഞിത്തോടിൻെറ സ്കെച്ച് തയാറാക്കാന്‍ കടുങ്ങല്ലൂര്‍ പഞ്ചായത്ത് അധികൃതർ പറവൂര്‍ തഹസില്‍ദാര്‍ക്ക് കത്ത് നല്‍കി. തോടിൻെറ പുനരുദ്ധരണം ഇറിഗേഷന്‍ വകുപ്പ് മുഖേന നടത്തി ജലസേചനത്തിനും കുടിവെള്ള ലഭ്യതക്കുമായി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജലസേചന വകുപ്പിനോടും പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. കടുങ്ങല്ലൂര്‍, ആലങ്ങാട് പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന ഓഞ്ഞിത്തോട് മാലിന്യങ്ങളും പായലും നിറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ട നിലയിലാണ്. പെരിയാറിൻെറ കൈവഴിയായ ഓഞ്ഞിത്തോടിൻെറ ഏഴു കിലോമീറ്റര്‍ കടുങ്ങല്ലൂര്‍ പഞ്ചായത്തിലൂടെയാണ് കടന്നു പോകുന്നത്. 2018 ലെ മഹാപ്രളയത്തില്‍ പായലും മാലിന്യങ്ങളും പൂര്‍ണമായി ഒഴുകിപ്പോയെങ്കിലും സംരക്ഷിക്കാത്തതിനാല്‍ വീണ്ടും പായല്‍ വന്നു കൂടി നീരൊഴുക്ക് തടസ്സപ്പെട്ടുകിടക്കുകയാണ്. പ്രദേശവാസികളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് ഓഞ്ഞിത്തോട് പുനരുദ്ധാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.