വന്ധ്യംകരണം നടത്തിയിട്ടും ഗർഭിണിയായി; ലക്ഷം രൂപ നഷ്​ടപരിഹാരം

തൊടുപുഴ: വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ യുവതി വീണ്ടും ഗർഭിണിയായ സംഭവത്തിൽ ആരോഗ്യവകുപ്പ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. നേരേത്ത നഷ്ടപരിഹാരമായി സർക്കാർ നൽകിയ 30,000 രൂപക്ക് പുറമെയാണ് ഒരു ലക്ഷം രൂപ നൽകണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവിട്ടത്. തുക രണ്ടു മാസത്തിനകം നൽകണം. പള്ളിവാസൽ സ്വദേശിനിയാണ് കമീഷനെ സമീപിച്ചത്. അടിമാലി താലൂക്ക് ആശുപത്രിയിലാണ് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയത്. യുവതിക്ക് മൂന്ന് പെൺകുട്ടികളാണ് ഉണ്ടായിരുന്നത്. തുടർന്നാണ് 2012ൽ ശസ്ത്രക്രിയ നടത്തിയത്. 2015ൽ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോൾ ഗർഭിണിയാണെന്ന് മനസ്സിലാക്കി. യുവതിയുടെ ഭർത്താവ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മെഡിക്കൽ ഓഫിസർക്ക് കത്ത് നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് മനുഷ്യാവകാശ കമീഷനെ സമീപിച്ചത്. കമീഷൻ നോട്ടീസ് അയച്ചപ്പോൾ ജില്ല മെഡിക്കൽ ഓഫിസർ 30,000 രൂപ അനുവദിച്ചു. പരാതിക്കാരി കമീഷൻ തൊടുപുഴയിൽ നടത്തിയ സിറ്റിങ്ങിൽ ഹാജരായി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബം നിത്യവൃത്തിക്കുപോലും വിഷമിക്കുകയാണെന്ന് പറഞ്ഞു. 30,000 രൂപ നഷ്ടപരിഹാരം എങ്ങനെയാണ് കണക്കാക്കിയതെന്ന് റിപ്പോർട്ടിൽ ഇല്ലെന്ന് കമീഷൻ ചൂണ്ടിക്കാണിച്ചു. കൂടുതൽ നഷ്ടപരിഹാരം ആവശ്യമുണ്ടെങ്കിൽ പരാതിക്കാരിക്ക് സിവിൽ കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.