ekg pravasi

വർക്ക്ഷോപ്പിൻെറ ലൈസൻസിന് രണ്ടുവർഷത്തെ കാത്തിരിപ്പ് ലക്ഷങ്ങളുടെ നഷ്ടം തിരിച്ചുപിടിക്കാൻ പ്രവാസി സംരംഭകൻ വീണ്ടും നിയമപോരാട്ടത്തിന് കൊച്ചി: സംരംഭം തുടങ്ങാൻ തയാറാകുന്നവർക്ക് ചുവപ്പുനാടകൾ തീർക്കുന്ന കുരുക്ക് കേരളം 2019ൽ സജീവമായി ചർച്ച ചെയ്തത് കണ്ണൂരിലെ സാജൻെറ ആത്മഹത്യയോടെയാണ്. പെരുമ്പാവൂർ അല്ലപ്ര സ്വദേശി ഹാഷിമിനും പറയാനുണ്ട് ഇതുപോലെ ഒരു പകപോക്കൽ കഥ. നിയമപോരാട്ടത്തിലൂടെ തൻെറ സ്വപ്നസംരംഭത്തിന് അനുമതി നേടിയെടുത്തെങ്കിലും രണ്ടു വർഷംകൊണ്ട് ഉണ്ടായ അഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടം ആര് നികത്തുമെന്നാണ് ഈ യുവാവ് ചോദിക്കുന്നത്. പെരുമ്പാവൂരിനടുത്ത് പുല്ലുവഴിയിൽ ഓട്ടോമൊബൈൽ വർക്ക്ഷോപ് നടത്തുന്ന വി.എ. ഹാഷിമിനെയാണ് രായമംഗലം പഞ്ചായത്ത് ഭരിക്കുന്നവരും ഉദ്യോഗസ്ഥരും ചേർന്ന് കടക്കെണിയിലാക്കിയത്. പ്രവാസജീവിതം അവസാനിപ്പിച്ച് എത്തിയാണ് ഹാഷിം വർക്ക്ഷോപ് തുടങ്ങിയത്. മൂന്നുവർഷം മുമ്പ് ലക്ഷങ്ങൾ മുടക്കി സ്ഥലം പാട്ടത്തിനെടുത്ത് കെട്ടിടം പണിതു. വാഹനങ്ങൾ പെയിൻറ് ചെയ്യാൻ ലൈസൻസിന് രായമംഗലം പഞ്ചായത്തിൽ അപേക്ഷിച്ചു. ആദ്യ ഘട്ടത്തിൽ 1.5 എച്ച്.പി മോട്ടോർ പ്രവർത്തിപ്പിക്കാനും പാച്ച്വർക്ക് നടത്താനും അനുമതി ലഭിച്ചു. എന്നാൽ, പിന്നാലെ സ്പ്രേ പെയിൻറിങ്ങിന് അനുമതി നൽകാനാവില്ലെന്നറിയിച്ച് മലിനീകരണ നിയന്ത്രണ ബോർഡിൻെറ അറിയിപ്പ് എത്തി. അവർ ആവശ്യപ്പെട്ട മാറ്റങ്ങൾ വരുത്തി വീണ്ടും പഞ്ചായത്തിനെ സമീപിച്ചെങ്കിലും ലൈസൻസ് നൽകിയില്ല. കാര്യമായ വരുമാനം ലഭിക്കുന്ന സ്പ്രേ പെയിൻറിങ് ചെയ്യാൻ കഴിയാതായതോടെ കടം വീട്ടാൻ കഴിയാതായി. ഒടുവിൽ പ്രവാസി ലീഗൽ സെൽ ഇടപെട്ടു. സെൽ പ്രസിഡൻറ് അഡ്വ. ജോസ് എബ്രഹാം മുഖേന ഹൈകോടതിയിൽ ഹരജി നൽകി. പഞ്ചായത്ത് സെക്രട്ടറിയെ കോടതി വിളിച്ചുവരുത്തി രൂക്ഷമായി ശാസിച്ചു. ബ്രഷുകൊണ്ടുമാത്രം പെയിൻറ് ചെയ്താൽ മതിയെന്ന് എന്ത് അടിസ്ഥാനത്തിലാണ് പഞ്ചായത്ത് പറഞ്ഞതെന്ന് ചോദിച്ച കോടതി, െലെസൻസ് ഉടൻ നൽകാൻ ഉത്തരവിട്ടു. എന്നിട്ടും ഉത്തരവ് ലഭിച്ചില്ലെന്ന് പറഞ്ഞ് ലൈസൻസ് ഏറെനാൾ വൈകിച്ചു. പലതവണ ഓഫിസുകൾ കയറിയിറങ്ങിയശേഷം ഡിസംബർ അവസാനമാണ് ലൈസൻസ് കിട്ടിയത്. അപ്പോഴേക്കും ബാങ്ക് വായ്പ പലിശ കയറി ഇരട്ടിച്ചിരുന്നു. കൈക്കൂലി നൽകാത്തതിന് അധികൃതർ തന്നോട് പക വീട്ടിയെന്നാണ് ഹാഷിം പറയുന്നത്. ഇക്കാലയളവിൽ തനിക്കുണ്ടായ നഷ്ടം പഞ്ചായത്തിൽനിന്ന് ഈടാക്കാൻ നിയമപോരാട്ടം തുടരാനാണ് ഇദ്ദേഹം ശ്രമിക്കുന്നത്. അേതസമയം, കോടതി ഉത്തരവ് ലഭിച്ചയുടൻ ലൈസൻസ് നൽകിയെന്ന് രായമംഗലം പഞ്ചായത്ത് ഓഫിസ് പ്രതികരിച്ചു. പടം: ekg hashim കോടതി ഉത്തരവ് പകർപ്പുമായി ഹാഷിം തൻെറ വർക്ക്ഷോപ്പിന് മുന്നിൽ ശമീൽ ചേന്ദമംഗലൂർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.