പറവൂർ: മൂവായിരത്തിലേറെ ഇടപാടുകാരിൽനിന്ന് നൂറുകോടിയിൽപരം രൂപയുമായി മുങ്ങിയ ടി.എൻ.ടി ചിട്ടിക്കമ്പനി ഉടമകൾ അറസ്റ്റിലായതോടെ നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിൽ ചിറ്റാളർ. ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് മുഖ്യപ്രതികളായ പറവൂർ കുഞ്ഞിത്തൈ കുറുപ്പശ്ശേരി വീട്ടിൽ തോമസ്, മക്കളായ ടെൽസൺ, നെൽസൺ എന്നിവർ പിടിയിലായത്. കഴിഞ്ഞ വർഷം ഫെബ്രുവരി 13നാണ് ചിട്ടി സ്ഥാപനങ്ങളും കുഞ്ഞിത്തൈയിലെ വീടും പൂട്ടി ഇവർ ഒളിവിൽ പോയത്. നിക്ഷേപകരും ചിട്ടിപിടിച്ചിട്ടും പണം കിട്ടാത്തവരും ചിട്ടിക്കമ്പനി ഉടമയുടെ വീട്ടിലേക്ക് ജാഥയായി എത്തിയപ്പോൾ പൂട്ടിയിട്ട നായെ ഭക്ഷണം കഴിക്കാതെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒട്ടേറെപ്പേർ തട്ടിപ്പിന് ഇരയായി. അനുഗ്രഹ എന്ന പേരിൽ തുടങ്ങിയ സ്ഥാപനം പിന്നീട് ടി.എൻ.ടി എന്ന് പേര് മാറ്റി മുംബൈയിൽ രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇരിങ്ങാലക്കുട ആസ്ഥാനമാക്കിയായിരുന്നു പ്രവർത്തനം. മുംബൈയിൽ ര്യാം ജ്യോതി കുറീസ് എന്ന സ്ഥാപനം തുടങ്ങി അവിടെയും തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിട്ടുണ്ട് മൂന്ന് ജില്ലകളിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ അഞ്ഞൂറിലേറെ കേസുകൾ രജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിനെ ഏൽപിക്കാൻ ഐ.ജി എം.ആർ. അജിത്കുമാർ താൽപര്യം കാണിച്ചത്. 25,000 മുതൽ 15 ലക്ഷംവരെ നിഷേപമുള്ളവരാണ് പരാതിക്കാർ. മിക്ക കുറികളും വട്ടമെത്തിയ സമയത്താണ് ഹെഡ് ഓഫിസും 40 ഓളം ശാഖകളും പൂട്ടി ഉടമകൾ മുങ്ങിയത്. ഇവരുടെ മൊബൈൽ ഫോണുകളും നിശ്ചലമായി. ഇതിനു മുമ്പ് വസ്തുക്കൾ, വാഹനങ്ങൾ, മത്സ്യബന്ധന ബോട്ടുകൾ എന്നിവ കൈമാറ്റം ചെയ്തിരുന്നതായി അറിയുന്നു. കുഞ്ഞിത്തൈയിലെ വീടും ഇവരുടെ വസ്തുവകകളും കണ്ടുകെട്ടി ലേലം ചെയ്ത് നിക്ഷേപകർക്ക് പണം നൽകണമെന്നാണ് പണം നഷ്ടപ്പെട്ടവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.