മലങ്കരസഭ തർക്കത്തിൽ നിർണായക നീക്കവുമായി പാത്രിയാർക്കീസ് ബാവ

കോലഞ്ചേരി: മലങ്കര സഭ തർക്കത്തിൽ നിർണായക നീക്കവുമായി പാത്രിയാർക്കീസ് ബാവ. യാക്കോബായ സഭയിലെ മുഴുവൻ മെത്രാപ്പോലീത്തമാരും അടിയന്തര കൂടിക്കാഴ്ചക്ക് ലബനാനിലെ പാത്രിയാർക്ക അരമനയിലെത്താൻ യാക്കോബായ സഭയുടെ പരമാധ്യക്ഷനായ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവ കൽപന അയച്ചു. ഈ മാസം 21 മുതൽ 24 വരെയാണ് മെത്രാപ്പോലീത്തമാരുമായുള്ള കൂടിക്കാഴ്ച. എന്നാൽ, ലബനാനിൽ ആഭ്യന്തരതർക്കം രൂക്ഷമായ സാഹചര്യത്തിൽ കുടിക്കാഴ്ച മസ്കത്തിലേക്ക് മാറ്റുമെന്നും വിവരമുണ്ട്. 2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധിയെത്തുടർന്ന് യാക്കോബായ വിശ്വാസികൾ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. സഭക്ക് മൃഗീയ ഭൂരിപക്ഷമുള്ള മുപ്പതോളം പള്ളികളാണ് ഇതിനകം നഷ്ടമായത്. ഈ പള്ളികളിൽ മൃതദേഹങ്ങൾ സംസ്കരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. ഇതിനെതിരെ സഭയിലെ രണ്ട് മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തിൽ വിശ്വാസികളും വൈദികരും തലസ്ഥാനനഗരിയിൽ സത്യഗ്രഹ സമരം ആരംഭിച്ചിരിക്കുകയാണ്. ഇക്കാര്യങ്ങളും തുടർനടപടികളും കൂടിക്കാഴ്ചയിൽ ചർച്ചയാകും. നിലവിലെ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ ആരോഗ്യ നിലയെക്കുറിച്ച് ആശങ്കകളുയരുന്ന സാഹചര്യത്തിൽ ഇതേക്കുറിച്ചും ചർച്ചയുണ്ടാകും. ബസേലിയോസ് തോമസ് പ്രഥമൻ ബാവ ദിവസങ്ങളായി കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആത്മീയ മേലധ്യക്ഷനെന്ന നിലയിൽ തൻെറയും കേരളത്തിലെ പൊതുസമൂഹത്തിൻെറയും സമവായ നീക്കങ്ങൾക്ക് ചെവികൊടുക്കാത്ത ഓർത്തഡോക്സ് വിഭാഗത്തിൻെറ നിലപാടിൽ പാത്രിയാർക്കീസ് ബാവ കടുത്ത അതൃപ്തിയിലാണ്. കൂടിക്കാഴ്ചക്കുശേഷം ഇക്കാര്യത്തിൽ ചില നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് സഭ വൃത്തങ്ങൾ നൽകുന്ന സൂചന. ഇതോടൊപ്പം യാക്കോബായ സഭയിലെ മെത്രാപ്പോലീത്തൻ ട്രസ്റ്റിയടക്കമുള്ള മെത്രാപ്പോലീത്തമാർക്കെതിരെ വിശ്വാസികളിൽ വളരുന്ന രോഷവും സാമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രതിഷേധവും കൂടിക്കാഴ്ചയിൽ ചർച്ചയാകും. പള്ളികൾ സംരക്ഷിക്കാൻ വിശ്വാസികൾ നടത്തുന്ന പോരാട്ടത്തെ തുരങ്കംെവക്കുന്ന നിലപാടാണ് മെത്രാന്മാരുടേതെന്നാണ് വിശ്വാസികളുടെ ആരോപണം. പിറവം പള്ളി നഷ്ടമാകാൻ കാരണം ഇതാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ഇതിനെത്തുടർന്ന് കോതമംഗലം പള്ളിയിൽ കഴിഞ്ഞയാഴ്ച നടന്ന പ്രതിഷേധങ്ങളിൽ ഒരു മെത്രാനെയും പങ്കെടുപ്പിച്ചിരുന്നില്ല. ഇത്തരം കാര്യങ്ങളിലെല്ലാം സഭ മേലധ്യക്ഷനെന്ന നിലയിൽ പാത്രിയാർക്കീസ് ബാവ നിലപാട് പ്രഖ്യാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.