*റോഡുകളുടെ ദുരവസ്ഥയിൽ ഭരണപക്ഷത്തുനിന്നും പ്രതിഷേധം കൊച്ചി: കോർപറേഷൻ ഭരണത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടി മേയറുടെ രാജി ആവശ്യപ്പെട്ട് രണ്ടാംതവണയും പ്രതിപക്ഷം കൗൺസിൽ യോഗം ബഹിഷ്‌കരിച്ചു. റോഡുകളുടെ ദുരവസ്ഥയിൽ ഭരണപക്ഷത്തുനിന്നും പ്രതിഷേധം ഉയർന്നു. നഗരത്തിലെ വെള്ളക്കെട്ട്, ഇ-ഗവേണൻസ്, റോ റോ, റേ ഭവനപദ്ധതി, ബ്രഹ്മപുരം മാലിന്യ സംസ്കരണകേന്ദ്രവുമായി ബന്ധപ്പെട്ട ഹരിത ട്രൈബ്യൂണൽ വിധി തുടങ്ങി ഒന്നുപോലും ശരിയായി നടപ്പാക്കാൻ ഭരണസമിതിക്ക് ആയില്ലെന്നും അതിനാൽ ഭരണത്തിൽ തുടരാൻ ധാർമിക അവകാശമില്ലെന്നും പ്രതിപക്ഷ പാർലമൻെററി പാർട്ടി നേതാവ് കെ.ജെ. ആൻറണി ചൂണ്ടിക്കാട്ടി. കെ.എം.ആർ.എൽ നടപ്പാക്കുന്ന 1364 കോടിയുടെ കനാൽ നവീകരണ പദ്ധതിയിൽ പശ്ചിമകൊച്ചിയിലെ ആറ് കി.മീറ്ററിൽ അധികം നീളമുള്ള രാമേശ്വരം, കൽവത്തി കനാലുകളെകൂടി ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചർച്ചക്കുശേഷം മേയർ സൗമിനി ജയിൻ മറുപടി പ്രസംഗം ആരംഭിച്ചപ്പോഴേക്കും പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം മുഴക്കി നടുത്തളത്തിലിറങ്ങി നടപടി തടസ്സപ്പെടുത്തി. ഇ-ഗവേണൻസ് വിഷയത്തിൽ മന്ത്രിതല തീരുമാനം നടപ്പാക്കുന്നില്ലെന്ന് എൽ.ഡി.എഫ് അംഗം വി.പി. ചന്ദ്രൻ പറഞ്ഞു. സർട്ടിഫിക്കറ്റുകൾ യഥാസമയം ലഭിക്കാത്തതിനാൽ പലരുടെയും വിദേശയാത്രകൾവരെ തടസ്സപ്പെട്ടെന്ന് സി.എ. പീറ്റർ ചൂണ്ടിക്കാട്ടി. വികസനം സ്തംഭിച്ചു. കോർപറേഷൻ ഭരണത്തെക്കുറിച്ച് ഹൈകോടതിവരെ അതൃപ്തി പ്രകടിപ്പിച്ചു. നഗരഭരണം മോശമാണെന്ന് പൊതു അഭിപ്രായം നിലനിൽക്കുന്ന സാഹചര്യത്തിൽ കൗൺസിലർമാർക്ക് ജനങ്ങളെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ടാണെന്നും അവർ പറഞ്ഞു. റോഡുകൾ എല്ലാം പൊട്ടിപ്പൊളിഞ്ഞ് താറുമാറായെന്ന് യു.ഡി.എഫ് കൗൺസിലർ വി.എസ്. മിനിമോൾ പറഞ്ഞു. മഴയുടെ കാരണം പറഞ്ഞ് ഇനിയും റോഡുപണി നടത്താത്തതിനാൽ അത് ശരിയാകില്ല. അടിയന്തരമായി കുഴികൾ അടച്ച് റോഡുകൾ ഗതാഗതയോഗ്യമാക്കണം. തുറസ്സായ സ്ഥലങ്ങളിൽ തള്ളുന്ന മാലിന്യം ഓടകളിൽ ഒഴുകിയെത്തി നീരൊഴുക്ക് തടസ്സപ്പെടുന്നു. വെള്ളക്കെട്ടിന് പ്രധാന കാരണം ഇതാണ്. ഓൺലൈൻ ബുക്കിങ്ങിലൂടെ റെസിഡൻഷ്യൽ കെട്ടിടങ്ങൾ ഹോട്ടൽ ശൃംഖലയുടെ ഭാഗമാകുന്നത് സാമൂഹികപ്രശ്നം വിളിച്ചുവരുത്തുന്നു. ഇതുസംബന്ധിച്ച കണക്കുകൾ നഗരസഭയുടെ കൈവശം ഇല്ലെന്നും മിനിമോൾ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.