വിഷ്​ണുവിന്​ സ്​കൂളിൽ പോകണം; അമ്മയെ ബുദ്ധിമുട്ടിക്കാതെ...

ആലപ്പുഴ: 14 വയസ്സാണ് വിഷ്ണുവിന്. വളരെ നന്നായി ചിത്രങ്ങൾ വരക്കും. അവക്ക് വർണങ്ങൾ നൽകും. പക്ഷേ, ആ വരകൾക്കപ്പുറത്തേക്ക് അവൻെറ കൈവിരലുകൾ ഉയരില്ല. മറ്റൊന്നും അവന് ചെയ്യാനാകില്ല. ആലപ്പുഴ തിരുവമ്പാടി കുതിരപ്പന്തി വാർഡിൽ ചന്ദ്രശേഖരൻെറയും സിമിമോളുടെയും മകനാണ് വിഷ്ണു സി. ശേഖർ. ആറ് വയസ്സുവരെ ഓടിനടന്നവൻ. ഒരു ദിവസം സിമിമോളുടെ വിരൽത്തുമ്പിൽ തൂങ്ങി നടക്കവെയാണ് അവൻെറ കാലുകൾക്ക് ബലം നഷ്ടപ്പെട്ടത്. മസിലുകൾക്ക് പേശീബലം കുറഞ്ഞ് ശരീരം തളർന്നുപോകുന്ന അസുഖത്തിൻെറ തുടക്കമായിരുന്നു. മേസ്തിരിപ്പണിക്കാരനായ ചന്ദ്രശേഖരൻ ബംഗളൂരുവിലും മണിപ്പാലിലും ഒക്കെ മകനുമായി നടന്നു. നിരാശയായിരുന്നു ഫലം. ശരീരം വളരുന്നതനുസരിച്ച് പേശീബലക്കുറവ് കൂടിവന്നു. പ്രത്യേകിച്ച് ചികിത്സയൊന്നുമില്ല എന്നറിഞ്ഞ് ആദ്യം കുറേക്കാലം നിരാശയിൽ കഴിഞ്ഞു. പിന്നീട് വിഷ്ണുവിനെയും ചുമന്ന് സിമിമോൾ സ്കൂളിലേക്ക് പോയി. ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന സിമിക്ക് മകനെ രാവിലെയും വൈകീട്ടും സ്കൂളിൽ കൊണ്ടുപോയി വരുന്നത് വളരെ പ്രയാസമായിരുന്നു. വട്ടയാൽ സൻെറ് മേരീസ് ഹൈസ്കൂളിലെ എട്ടാംതരം വിദ്യാർഥിയാണ് വിഷ്ണു. വീട്ടിൽനിന്നുള്ള ഇടുങ്ങിയ വഴിയിലൂടെ ഏറെ പണിപ്പെട്ടായിരുന്നു സ്കൂളിലേക്കുള്ള യാത്ര. മുമ്പ് പഠിച്ചിരുന്ന സ്കൂളിൽ സഹപാഠികളായ അഭിരാജും അനൂപും ആയിരുന്നു വിഷ്ണുവിന് സഹായം. ഇപ്പോൾ അവർ ദൂരെയുള്ള മറ്റൊരു സ്കൂളിലാണ്. വീൽചെയറിൽ ഇരുത്തി സ്കൂൾവരെ തള്ളിക്കൊണ്ട് പോകാനുള്ള ആരോഗ്യം അമ്മക്കില്ല. എങ്ങനെയും സ്കൂളിലെത്തി കൂട്ടുകാർക്കൊപ്പം ഇരുന്ന് പഠിച്ച് കമ്പ്യൂട്ടർ എൻജിനീയർ ആകണമെന്നാണ് വിഷ്ണുവിൻെറ ആഗ്രഹം. അവനതിന് ഒരു ഇലക്ട്രിക് വീൽചെയർ വേണം. ഒന്നരലക്ഷം രൂപയാണ് ഇലക്ട്രിക് വീൽചെയറിൻെറ വില. ഈ വർഷംതന്നെ അഞ്ചുതവണ വെള്ളം കയറിയ വീടാണ് അവേൻറത്. ചെറിയ മഴ പെയ്താൽപോലും വെള്ളക്കെട്ടാണ്. അച്ഛൻെറ തുച്ഛ വരുമാനത്തിൽ പുതിയ വീൽചെയർ അവനൊരു സ്വപ്നം മാത്രമാണ്. അമ്മൂമ്മ ഓമനയായിരുന്നു വിഷ്ണുവിന് എല്ലാറ്റിനും കൂട്ട്. മൂന്നുമാസം മുമ്പ് അവർ മരിച്ചു. തലയും കൈകളും ഒഴികെയുള്ള ഭാഗങ്ങൾ ചലിപ്പിക്കാനാകാത്ത വിഷ്ണുവിൻെറ പരിചരണം എൻ.ആർ.എച്ച്.എം പാലിയേറ്റിവ് വിങ്ങാണ് നടത്തുന്നത്. ബി.ആർ.സി അധ്യാപിക ലതിക ആഴ്ചയിൽ ഒരിക്കൽ വീട്ടിൽ വന്ന് ക്ലാസെടുക്കും. ഏക സഹോദരി അനന്യ പ്ലസ് വൺ വിദ്യാർഥിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.