ആലപ്പുഴ: പൗരാവകാശങ്ങൾ നിഷേധിച്ചും കൊന്നും കൊലവിളിച്ചും ഇന്ത്യ മഹാരാജ്യം തടവറയാക്കപ്പെട്ടിരിക്കുകയാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സൗത് കേരള ട്രൈസനേറിയം മീറ്റ് അഭിപ്രായപ്പെട്ടു. ഭീഷണിക്കും പ്രലോഭനങ്ങൾക്കും മുന്നിൽ പതറാതെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് മീറ്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഒരു മാസത്തിലധികമായി പ്രാഥമിക പൗരാവകാശം പോലും നൽകാതെ കശ്മീരിലെ ജനങ്ങളെ ബന്ധിയാക്കിയിരിക്കുകയാണ്. പൗരത്വ പ്രശ്നം ആരോപിച്ച് അസമിൽ ജനലക്ഷങ്ങളെ തടങ്കൽ പാളയത്തിലേക്ക് തള്ളിവിടാനൊരുങ്ങുന്നു. അബ്ദുന്നാസർ മഅ്ദനി മുതൽ ആയിരക്കണക്കിന് വിചാരണത്തടവുകാരെ നിയമക്കുരുക്കിൽപ്പെടുത്തി ജീവിതം നശിപ്പിക്കുന്നു. ഇതിനിടയിൽ ആൾക്കൂട്ടക്കൊലകളും വിദ്വേഷ പ്രഭാഷണങ്ങളും ഭരണകൂടത്തിൻെറ പിന്തുണയോടെ നടക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യാനന്തരം രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെ നേരിടാൻ ബഹുസ്വരതയിലൂന്നി ജനാധിപത്യ മാർഗത്തിൽ ശക്തമായ ജനകീയ കൂട്ടായ്മകൾ രൂപപ്പെടേണ്ടതുണ്ട്. ഈ സന്ദേശം സമൂഹത്തിലെത്തിക്കുന്നതിനായി സംസ്ഥാന വ്യാപകമായി മേഖല, ക്ലസ്റ്റർ തലങ്ങളിൽ പ്രചാരണ സമ്മേളനങ്ങൾ സംഘടിപ്പിക്കും. സംസ്ഥാന പ്രസിഡൻറ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. അബ്ദുല്ല തങ്ങൾ ഐദറൂസി അധ്യക്ഷത വഹിച്ചു. സൈൻ ഹാൻഡ് ബുക്ക് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. ഹദിയത്തുല്ലാഹ് തങ്ങൾ ഹൈദറൂസി, മുഹമ്മദ് മുസ്ലിയാർ, ഉമറുൽ ഫാറൂഖ് തങ്ങൾ എന്നിവർ സംസാരിച്ചു. നിസാം കണ്ടത്തിൽ സ്വാഗതവും മുഹമ്മദ് സ്വാദിഖ് അൻവരി വണ്ടാനം നന്ദിയും പറഞ്ഞു. സംസ്കൃതം പാഠ്യവിഷയമാക്കണം -സംസ്കൃത സംരക്ഷണ വേദി ആലപ്പുഴ: പ്രൈമറിതലം മുതൽ സർവകലാശാല വരെ സംസ്കൃതം നിർബന്ധിത പാഠ്യവിഷയമാക്കണമെന്ന് സംസ്കൃത സംരക്ഷണ വേദി. ആയുർവേദം, ജ്യോതിഷം, വാസ്തുവിദ്യ തുടങ്ങിയ ശാഖകളിൽ പ്രവർത്തിക്കുന്നവർക്ക് സംസ്കൃതം അനിവാര്യമാണ്. സംസ്കൃതം മതവുമായി ബന്ധപ്പെട്ടതല്ല, രാജ്യത്തിൻെറ പൊതുസ്വത്താണ് -സമ്മേളനം വ്യക്തമാക്കി. സംസ്ഥാന പ്രസിഡൻറ് രാജശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. വൈക്കം വി.ആർ. വിജയകുമാരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കുട്ടംപേരൂർ വി.എം.കെ. നമ്പൂതിരി, ജി.എ. കൈമൾ, പി.എം.ജി. പണിക്കർ, ആർ. സദാശിവൻ, ടി.എൻ. വിശ്വനാഥൻ, സുമതിക്കുട്ടിയമ്മ, കെ.കെ. ശ്യാമള, എൻ. ദേവകി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.