യാക്കോബായ സഭ: 1934 ഭരണഘടന അംഗീകരിച്ച് നിയമനടപടികൾ സജീവമാക്കാൻ ഒരുവിഭാഗം

കോലഞ്ചേരി: 1934ലെ ഭരണഘടന അംഗീകരിച്ച് നിയമനടപടികൾ സജീവമാക്കാൻ യാക്കോബായ സഭയിൽ ഒരുവിഭാഗം രംഗത്ത്. പെരുമ്പാവൂർ ബഥേ ൽ സുലോക്കോ, പഴന്തോട്ടം സൻെറ് മേരീസ് ഇടവകകളിലെ യാക്കോബായ വിശ്വാസികളാണ് 1934 ഭരണഘടനയനുസരിച്ച് ഇടവകയിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി ജില്ല കോടതിയെ സമീപിച്ചത്. വരും ദിവസങ്ങളിൽ യാക്കോബായ വിശ്വാസികൾക്ക് ഭൂരിപക്ഷമുള്ള വിവിധ ഇടവകകളും ഈ ആവശ്യവുമായി കോടതിയെ സമീപിക്കുമെന്നാണ് വിവരം. ഇത് സഭ തർക്കത്തിൽ പുതിയ വഴിത്തിരിവാകും. ഓർത്തഡോക്സ് സഭയുടെ 1934ലെ മലങ്കരസഭ ഭരണഘടനയനുസരിച്ച് മലങ്കരയിലെ 1064 പള്ളികളും ഭരിക്കണമെന്ന സുപ്രീംകോടതി വിധിയാണ് ഇപ്പോഴത്തെ നിയമനടപടികൾക്കാധാരം. ഈ വിധിയെ തുടർന്ന് തങ്ങൾക്ക് ഭൂരിപക്ഷമുള്ള 24 ഇടവകകളാണ് യാക്കോബായ സഭക്ക് നഷ്ടമായത്. വിധിക്കെതിരെ സുപ്രീംകോടതിയിലടക്കം യാക്കോബായ നേതൃത്വം നടത്തിയ നിയമനടപടികൾ ലക്ഷ്യം കാണാതെ വന്നതോടെയാണ് വിശ്വാസികൾ സ്വന്തം നിലക്ക് നീക്കം ആരംഭിച്ചത്. സുപ്രീം കോടതിയുടെ ആവർത്തിച്ചുള്ള വിധി പ്രസ്താവങ്ങളുടെ അടിസ്ഥാനത്തിൽ 1934 അംഗീകരിക്കാത്ത നിയമനടപടികൾക്ക് പ്രസക്തിയില്ലെന്ന തിരിച്ചറിവും ഇതിന് കാരണമായിട്ടുണ്ട്. നിലവിൽ ജില്ല കോടതിയിൽ നിയമനടപടികൾ ആരംഭിച്ച യാക്കോബായ വിശ്വാസികളും 1934 ഭരണഘടന അംഗീകരിച്ചിട്ടുണ്ട്. സഭ തർക്കത്തിൽ സുപ്രീംകോടതി വിധിയെ തുടർന്ന് രണ്ട് ഡസനിലധികം പള്ളികൾ നഷ്ടമായിട്ടും കൃത്യമായ നിലപാടെടുക്കാൻ നേതൃത്വത്തിന് കഴിയാത്ത സാഹചര്യത്തിലാണ് യാക്കോബായ വിശ്വാസികൾ ഇടവക തലത്തിൽ സ്വന്തം നിലക്ക് നിയമനടപടികൾ ആരംഭിച്ചിരിക്കുന്നത്. അതേസമയം പാത്രിയാർക്കീസ് ബാവയുടെ അധികാരം അംഗീകരിക്കാത്തിടത്തോളം കാലം 1934 അംഗീകരിക്കുന്നതിന് പ്രസക്തിയില്ലെന്നാണ് യാക്കോബായ പക്ഷത്തിൻെറ ഔദ്യോഗിക നിലപാട്. 1934 ഭരണഘടനയുടെ പ്രഥമപതിപ്പിൽ സഭ മേലധ്യക്ഷനായി പാത്രിയാർക്കീസ് ബാവയെ അംഗീകരിച്ചിട്ടുണ്ടെന്നാണ് നിയമ നടപടികൾ ആരംഭിച്ചവരുടെ വാദം. പിന്നീട് ഈ ഭരണഘടനയിൽ അഞ്ചുവട്ടം ഓർത്തഡോക്സ് പക്ഷം ദേദഗതി വരുത്തിയിട്ടുണ്ടെന്നും ഇതിന് നിയമസാധുതയില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.