പെരുമ്പാവൂര്‍: യാത്രി നിവാസ് കെട്ടിടത്തിൽ നഗരസഭ നിര്‍മിച്ച ബസ് ഷെല്‍റ്റര്‍ നിര്‍മാണത്തില്‍ അഴിമതിയെന്ന പരാതിയെത്തുടര്‍ന്ന് വിജിലന്‍സ് പരിശോധന നടത്തി. എറണാകുളം വിജിലന്‍സ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രാഥമിക പരിശോധന മാത്രമാണിതെന്നും തുടർനടപടി ഉണ്ടാകുമെന്നും ഡിവൈ.എസ്.പി അറിയിച്ചു. നഗരസഭ ഓഫിസില്‍ എത്തിയ സംഘം ഷെൽറ്റർ നിർമാണവുമായി ബന്ധപ്പെട്ട ഫയലുകളെടുത്തു. ഇതിനുശേഷമാണ് ഷെൽറ്റർ പരിശോധിച്ചത്. നിരവധി പരാതികളും ആക്ഷേപങ്ങളും ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഷെല്‍റ്റര്‍ നിര്‍മാണം നഗരസഭ ആരംഭിച്ചത്. പലരും മനുഷ്യാവകാശ കമീഷനെപ്പോലും സമീപിച്ചതിന് ശേഷമാണ് പണി വേഗത്തിലായത്. ലക്ഷങ്ങളുടെ മേല്‍ക്കൂര നിര്‍മാണ സാധനങ്ങളും ഇരുമ്പ് തൂണുകളും മുനിസിപ്പല്‍ മൈതാനത്ത് തുരുമ്പെടുത്ത് മാസങ്ങള്‍ കിടന്നു. ഇവ നിര്‍മാണത്തിന് ഉപയോഗിച്ചാല്‍ ഈടുനിൽക്കില്ലെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും ഇവ തന്നെയാണ് ഉപയോഗിച്ചത്. ഷെല്‍റ്റര്‍ നിര്‍മാണത്തിന് 72 ലക്ഷം രൂപയാണ് നീക്കിെവച്ചതെന്ന് ഭരണസമിതി ആദ്യകാലങ്ങളില്‍ വെളിപ്പെടുത്തിയെങ്കിലും പിന്നീട് വ്യക്തമായ കണക്ക് പുറത്തുവിട്ടില്ല. ജോലികള്‍ ടെൻഡര്‍ അടിസ്ഥാനത്തില്‍ നല്‍കണമെന്ന വ്യവസ്ഥ തിരുത്തി ചിലരുടെ താല്‍പര്യപ്രകാരം കണ്‍സള്‍ട്ടന്‍സിയെ ഏല്‍പിക്കുകയായിരുന്നെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ആദ്യഘട്ടത്തില്‍ യോഗ്യതയില്ലെന്ന കാരണം പറഞ്ഞ് തള്ളിയ ഏജന്‍സിയെ സാക്ഷ്യപത്രം പോലുമില്ലാതെ വീണ്ടും കരാര്‍ ഏല്‍പിച്ചതിന് പിന്നില്‍ നഗരസഭയില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥനും കൗണ്‍സിലറും ചേര്‍ന്ന ബിനാമിയാണെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിജിലന്‍സിന് പൊതുപ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. മൊത്തം തുകയുടെ പകുതിയിലധികം നല്‍കിയിട്ടും പണി ആരംഭിച്ചത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം പിന്നിട്ട ശേഷമാണ്. ഇപ്പോഴും നിര്‍മാണം പൂര്‍ത്തിയായിട്ടില്ലാത്ത അവസ്ഥയിലാണ്. നേരത്തേ വിഭാവനം ചെയ്ത പ്ലാനിലല്ല നിര്‍മാണമെന്നതും വിജിലന്‍സ് അന്വേഷണത്തില്‍ ഉൾപ്പെടുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.