പട്ടികജാതി കോളനികളിലെ ഹോമിയോ ഡിസ്പെൻസറികളിൽ ഒരുവർഷമായി ശമ്പളമില്ല

കൊച്ചി: ഹോമിയോ വകുപ്പിന് കീഴിൽ പട്ടികജാതി കോളനികളിൽ ആരംഭിച്ച എസ്.സി എസ്.പി ഡിസ്പെൻസറികളിൽ ഡോക്ടർമാരുൾപ്പെടെ ജീവനക്കാർക്ക് ഒരു വർഷമായി ശമ്പളമില്ല. സംസ്ഥാനത്തെ 29 ഡിസ്പെൻസറികളിൽ ജോലി നോക്കുന്ന 116ഓളം ജീവനക്കാർക്ക് ഒരു കോടിയോളം രൂപയാണ് ശമ്പളയിനത്തിൽ നൽകാനുള്ളത്. പട്ടികജാതി കോളനി നിവാസികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് 2012ലാണ് ഡിസ്പെൻസറികൾ ആരംഭിച്ചത്. പട്ടികജാതി ഉപപദ്ധതി പ്രകാരം പ്രത്യേകം ഫണ്ടും വകയിരുത്തിയിരുന്നു. കഴിഞ്ഞ വർഷത്തെ പ്രളയദുരിതാശ്വാസത്തിന് കൂടുതൽ തുക ചെലവാക്കേണ്ടിവന്നതിനാലാണ് പ്രതിസന്ധി ഉണ്ടായതെന്നാണ് അധികൃതരുടെ വാദം. എന്നാൽ, എസ്.സി എസ്.പി ഫണ്ട് പ്രളയദുരിതാശ്വാസത്തിലേക്ക് വകമാറ്റിയതാണ് ശമ്പളം മുടങ്ങാൻ കാരണമെന്നാണ് ജീവനക്കാർ ആരോപിക്കുന്നത്. വീണ്ടും വെള്ളപ്പൊക്കവും നാശനഷ്ടങ്ങളും ഉണ്ടായ സാഹചര്യത്തിൽ ശമ്പളം അനിശ്ചിതമായി നീളുമെന്ന ആശങ്കയിലാണ് ഇവർ. പട്ടികജാതി, ഹോമിയോ വകുപ്പുകളുടെയും ആരോഗ്യമന്ത്രിയുടെയും ശ്രദ്ധയിൽ വിഷയം കൊണ്ടുവന്നെങ്കിലും പരിഹാരമുണ്ടായില്ലെന്നും പറയുന്നു. 2018 സെപ്റ്റംബറിനുശേഷം ശമ്പളയിനത്തിൽ ഒരു പൈസപോലും കിട്ടിയിട്ടില്ല. പട്ടികജാതി കോളനികളിൽ വാടകക്കെട്ടിടങ്ങളിലാണ് ഡിസ്പെൻസറികൾ. വാടകയിനത്തിലും വലിയൊരു തുക നൽകാനുണ്ട്. ഹോമിയോ വകുപ്പിന് കീഴിൽ ആരംഭിച്ച ഡിസ്പെൻസറികളിൽ ഡോക്ടർ, ഫാർമസിസ്റ്റ്, അറ്റൻറർ, സ്വീപ്പർ തസ്തികകളാണുള്ളത്. ഡോക്ടർ, ഫാർമസിസ്റ്റ് എന്നിവരെ ടെക്നിക്കൽ എംപ്ലോയ്മൻെറുവഴിയും അറ്റൻറർ, സ്വീപ്പർ എന്നിവരെ അതത് പ്രദേശവാസികളിൽ നിന്നുമാണ് നിയമിച്ചത്. മിക്ക ജീവനക്കാരും വനിതകളുമാണ്. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. കരാർ പുതുക്കി 2012 മുതൽ സേവനം ചെയ്യുന്നവരുമുണ്ട്. ഓരോ ജില്ലയിലെയും പട്ടികജാതി കോളനികൾ കേന്ദ്രീകരിച്ച് ആരംഭിച്ച ഡിസ്പെൻസറികൾ ഗുണകരമെന്നാണ് പൊതുവിലയിരുത്തൽ. ചില ജില്ലകളിൽ മൂന്നും നാലും ഡിസ്പെൻസറികളുമുണ്ട്. - എ. സക്കീർ ഹുസൈൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.