ആളില്ലാത്ത വീട്ടിൽ മദ്യസേവ: വിദ്യാർഥികളെ നാട്ടുകാർ പിടികൂടി

ചെങ്ങന്നൂർ: ആൾത്താമസമില്ലാത്ത വീടിൻെറ അടുക്കളവാതിൽ കുത്തിത്തുറന്ന് മദ്യസേവയും ലഹരി ഉപയോഗവും പതിവാക്കിയ നാല് വിദ്യാർഥികളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ഏറെ നാളായി അടച്ചിട്ടിരുന്ന ചെറിയനാട് മാമ്പ്രവിള കിഴക്കേതിൽ രേവതി ഭവനത്തിൽ വിനോദിൻെറ വീട്ടിലാണ് സംഭവം. ഒമ്പത്, 10, പ്ലസ് വൺ വിദ്യാർഥികളാണ് പിടിയിലായത്. വീട്ടിൽനിന്ന് മദ്യക്കുപ്പികൾ, സിറിഞ്ചുകൾ തുടങ്ങിയവ കണ്ടെടുത്തു. വീട് മുഴുവൻ മലമൂത്രവിസർജനം നടത്തിയ നിലയിലായിരുന്നു. ചുവരുകളിൽ അശ്ലീല ചിത്രങ്ങളും വരച്ചിരുന്നു. വീട്ടുപകരണങ്ങൾ തല്ലിത്തകർത്ത നിലയിലായിരുന്നു. സംഭവമറിഞ്ഞ് നാട്ടിലെത്തിയ വിനോദ് നടത്തിയ പരിശോധനയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന പ്രമാണവും മറ്റ് വിലപ്പെട്ട രേഖകളും ഐ പാഡ്, ഗ്രൈൻഡിങ് മെഷീൻ എന്നിവ മോഷ്ടിച്ചതായും കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി വിദ്യാർഥികൾ വീട്ടിലെത്തിയപ്പോൾ നാട്ടുകാർ വീട് വളയുകയായിരുന്നു. ആളുകളെ കണ്ട് ഇറങ്ങി ഓടിയവരെ നാട്ടുകാർ ഓടിച്ച് പിടിച്ചു. പൊലീസ് നാലുപേരെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തശേഷം വിട്ടയച്ചു. വിനോദിൻെറ പരാതിയെത്തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.