കൊച്ചി: ഒരുകോടി വിലവരുന്ന മോഷ്ടിച്ച ഹഷീഷുമായി രണ്ട് യുവാക്കൾ പിടിയിൽ. തേവരയിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് ഒ രുകിലോ ഹഷീഷുമായി പറവൂർ കുന്നുകര കുരിയാപാടത്ത് വീട്ടിൽ അബി (19), തോപ്പുംപടി വില്ലേജിൽ ചുള്ളിക്കൽ മാളിയേക്കൽ വീട്ടിൽ അമൽ റിഫാസ് (19) എന്നിവർ പിടിയിലായത്. സമീപകാലത്ത് ജില്ലയിൽ നടന്ന ഏറ്റവും വലിയ ഹഷീഷ് വേട്ടയാണിതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. നെട്ടൂരിൽ കഴിഞ്ഞദിവസമുണ്ടായ കൊലപാതകത്തിന് പിന്നിൽ ലഹരിമാഫിയയാണെന്ന വാർത്തകൾ വന്നതുമുതൽ എക്സൈസ് പരിശോധനകൾ കർശനമാക്കിയിരുന്നു. കൊച്ചിയിലെ ലഹരിസംഘാംഗങ്ങളെ സംബന്ധിച്ചുള്ള വിശദമായ അന്വേഷണം നടത്തുന്നതിനായി എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമീഷണർ കെ. ചന്ദ്രപാലൻ സ്ക്വാഡ് സി.ഐ ബി. സുരേഷിൻെറ നിയന്ത്രണത്തിലുള്ള ടോപ് നാർകോട്ടിക് സീക്രട്ട് ഗ്രൂപ്പിന് നിർദേശം നൽകിയിരുന്നു. ലഹരി സംഘാംഗങ്ങളെ സംബന്ധിച്ച് സീക്രട്ട് ഗ്രൂപ് നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. ഇരുവരും അടിപിടി മോഷണക്കേസുകളിലും ലഹരിമരുന്ന് കേസുകളിലും പ്രതികളാണ്. പിടികൂടിയ മയക്കുമരുന്ന് മലപ്പുറം സ്വദേശിയായ ഒരു യുവാവിൽനിന്ന് പിടിച്ചുപറിച്ചതാണെന്നാണ് പ്രതികളുടെ മൊഴി. ആവശ്യക്കാരെന്ന രീതിയിൽ സമീപിച്ച് ലഹരിമരുന്ന് മോഷ്ടിച്ചാണ് പ്രതികൾ വിൽപന നടത്തിയിരുന്നത്. മയക്കുമരുന്ന് മോഷ്ടിച്ചാലും പരാതിപ്പെടാൻ ആർക്കും സാധിക്കാത്തതിനാലാണ് ഈ രീതി പിന്തുടർന്നതെന്ന് പ്രതികൾ പറഞ്ഞു. ഇത്രയും അളവിൽ മയക്കുമരുന്ന് കൈവശംവെക്കുന്നത് 20വർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ് സ്ക്വാഡ് ഇൻസ്പെക്ടർ പി. ശ്രീരാജ് പ്രിവൻറിവ് ഓഫിസർ കെ.ആർ. രാംപ്രസാദ് സിവിൽ എക്സൈസ് ഓഫിസർമാരായ എം.എം. അരുൺകുമാർ, വിപിൻദാസ്, ഡ്രൈവർ പ്രദീപ് എന്നിവരടങ്ങിയ സഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.