പിറവം നഗരസഭ: മാസ്​റ്റർ പ്ലാൻ അംഗീകരിക്കുന്നതിൽ അലംഭാവമെന്ന്​

പിറവം: നഗരസഭയുടെ വികസനത്തിന് അനിവാര്യമായ മാസ്റ്റർ പ്ലാൻ അംഗീകരിക്കുന്നതിൽ ഭരണകർത്താക്കൾ അനാസ്ഥയും അലംഭാവവും കാണിക്കുന്നതായി പരാതി. എല്ലാ നഗരസഭകളും 30 വർഷത്തെ വികസന പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ ജില്ല നഗരാസൂത്രണ കാര്യാലയത്തെ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് ടൗൺ പ്ലാനിങ് ഓഫിസർ 2017 മുതൽ നഗരസഭയുടെ 27 ഡിവിഷനുകളിലും സർവേ നടത്തി. നഗരസഭ പ്രദേശത്തെ റോഡുകൾ, പുഴകൾ, ജൈവവൈവിധ്യം, കളിസ്ഥലങ്ങൾ, കലാലയങ്ങൾ, ആരാധനസ്ഥലങ്ങൾ, കൃഷിയിടങ്ങൾ, പാർപ്പിടമേഖല എന്നിവയെല്ലാം സമഗ്രമായി പരിശോധിച്ചു. സർവേയുടെ കണ്ടെത്തലുകൾ ക്രോഡീകരിച്ച് 30 വർഷത്തേക്കുള്ള പദ്ധതികളാണ് കരട് രേഖയിൽ ഉണ്ടായിരുന്നത്. കരട് പ്ലാൻ തയാറാക്കുന്ന ഓരോഘട്ടത്തിലും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി ചർച്ച നടന്നിരുന്നു. മാസ്റ്റർ പ്ലാൻ നിർദേശങ്ങളിൽ ഏറ്റവും പ്രധാനം നിർദിഷ്ട പാഴൂർ- പേപ്പതി ബൈപാസ് റോഡിൻെറ അലൈൻമൻെറായിരുന്നുവെന്ന് കൗൺസിലർ െബന്നി വി. വർഗീസ് ചൂണ്ടിക്കാട്ടി. പിറവം-എറണാകുളം റോഡിൽ പാഴൂർ-പേപ്പതി റീച്ചിൽ 1.280 കി.മീറ്റർ മാത്രം 10 കൊടുംവളവുകളാണുള്ളത്‌. അപകടകരമായ വളവുകൾ നിവർത്തണമെന്ന് കാലങ്ങളായുള്ള ആവശ്യമായിരുന്നു. 2010ൽ നാറ്റ്പാക് നടത്തിയ പഠനത്തിൽ പാഴൂർ അമ്പലപ്പടി മുതൽ പേപ്പതി ഇല്ലിക്കത്താഴം വരെ ഒരു കി.മീറ്റർ ദൂരം പുതിയ അലൈൻമൻെറിൽതന്നെ വളവുകൾ ഒഴിവാകും. 288 മീറ്റർ ദൂരവും കുറയും. കരട് മാസ്റ്റർ പ്ലാനിൽ ഉൾപ്പെട്ട ബൈപാസ് റോഡിന് 20 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന ബജറ്റിലോ കിഫ്ബിയിലോ ഉൾപ്പെടുത്താതെ തുക കണ്ടെത്താൻ സാധിക്കില്ല. നഗരസഭ കൗൺസിൽ മാസ്റ്റർ പ്ലാൻ അംഗീകരിച്ചാലേ ഇക്കാര്യത്തിനായി സംസ്ഥാന സർക്കാറിനെ സമീപിക്കാൻ സാധിക്കൂ. 2018 സെപ്റ്റംബർ 26ലെ കൗൺസിൽ യോഗത്തിൽ എറണാകുളം ടൗൺ പ്ലാനർ കരട് പ്ലാൻ അവതരിപ്പിച്ചിരുന്നു. ചർച്ചകൾക്കുശേഷം ഒരുമാസത്തിനകം അംഗീകാരം നൽകണമെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ, ഒമ്പത് മാസം കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല. 2019 മാർച്ച് ഒന്നിനും മേയ് 17നും ടൗൺ പ്ലാനർ നോട്ടീസ് നൽകിയെങ്കിലും നഗരസഭ അധികൃതർ പ്രതികരിച്ചിട്ടില്ല. കൂത്താട്ടുകുളം ഉൾപ്പെടെ എല്ലാ നഗരസഭകളും മാസ്റ്റർ പ്ലാൻ അംഗീകരിച്ചെങ്കിലും പിറവം നഗരസഭ വിഷയം ചർച്ച ചെയ്യാൻ പോലും തയാറാവാത്തത് ഗുരുതര വീഴ്ചയാണെന്ന് ബെന്നി പറഞ്ഞു. നഗരസഭയുടെ വരുംവർഷങ്ങളിലെ വാർഷിക പദ്ധതികളെയും പ്ലാൻ ഫണ്ടിൻെറ ലഭ്യതയെയും ഇത് ദോഷകരമായി ബാധിക്കുമെന്നും പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.