കോലാലമ്പൂർ: മലേഷ്യയിലെ പ്രവർത്തനം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങി ലുലു ഗ്രൂപ്. മലേഷ്യൻ പ്രധാ നമന്ത്രി ഡോ. മഹാതീർ മുഹമ്മദുമായി ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് വ്യക്തമാക്കിയത്. ജോഹർ ബാഹ്രു, മലാക്ക, കേത, സെലാങ്കൂർ നഗരങ്ങളിൽ ഉൾപ്പെടെ 2021 അവസാനം ആകുമ്പോഴേക്കും പത്ത് ഹൈപ്പർമാർക്കറ്റുകൾകൂടി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് യൂസഫലി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഇതോടെ അയ്യായിരത്തിലധികം പേർക്ക് തൊഴിൽ നൽകാൻ സാധിക്കും. കഴിഞ്ഞ വർഷം 15 മില്യൺ ഡോളറിൻെറ (65 കോടി രൂപ) ഉൽപന്നങ്ങളാണ് ലുലു മലേഷ്യയിൽനിന്ന് കയറ്റുമതി ചെയ്തത്. ഈ വർഷം 15 മില്യനാണ് (നൂറുകോടി രൂപ) ലക്ഷ്യമിട്ടിരിക്കുന്നത്. പുതിയ ഹൈപ്പർമാർക്കറ്റുകൾ സ്ഥാപിക്കാൻ മൂന്ന് വർഷത്തിനുള്ളിൽ 2,100 കോടി രൂപയാണ് ലുലു മലേഷ്യയിൽ മുതൽമുടക്കുന്നത്. മലേഷ്യയിലെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന് മഹാതിർ മുഹമ്മദ് യൂസഫലിയെ അറിയിച്ചു. മലേഷ്യയിലെ രണ്ടാമത്തെ ഹൈപ്പർമാർക്കറ്റ് ക്വാലാലംപൂരിൽ മലേഷ്യൻ വ്യാപാരമന്ത്രി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തിരുന്നു. ഇതുൾപ്പെടെ രണ്ട് ഹൈപ്പർമാർക്കറ്റുകളാണ് ലുലുവിന് മലേഷ്യയിലുള്ളത്. 2016ലാണ് ആദ്യത്തെ ഹൈപ്പർമാർക്കറ്റ് മലേഷ്യയിൽ പ്രവർത്തനമാരംഭിച്ചത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക കാര്യാലയത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ലുലു ഗ്രൂപ് ഡയറക്ടർ എം.എ. സലീം, ഫിനാൻഷ്യൽ ഗ്രൂപ് എം.ഡി. അദീബ് അഹമ്മദ്, മലേഷ്യൻ ഡയറക്ടർ ആസിഫ് മൊയ്തു, റീജനൽ മാനേജർ ഷിഹാബ് യൂസഫ് എന്നിവരും സംബന്ധിച്ചു. മലേഷ്യൻ രാജ്ഞി അസീസ ആമിന, ആഭ്യന്തരമന്ത്രി മുഹ്യിദ്ദീൻ യാസിൻ, നാലാമത്തെ വലിയ സംസ്ഥാനമായ പേരാകിൻെറ മുഖ്യമന്ത്രി അഹമ്മദ് ഫൈസൽ അസുമു എന്നിവരുമായും യൂസഫലി കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.