മണ്ണഞ്ചേരി: സർക്കാർ ഹോമിയോ മരുന്ന് നിർമാണ സ്ഥാപനമായ പാതിരപ്പള്ളി ഹോംകോയിൽ തീപിടിത്തം. ഇൻറർകോം ഉപകരണങ്ങളും ഫയലുകളും കത്തിനശിച്ചു. ഞായറാഴ്ച രാവിലെയാണ് തീപിടിത്തം. അവധി ദിവസമായിരുന്നതിനാൽ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കമ്പനിയുടെ പ്രവേശന കവാടത്തിൽ റിസപ്ഷൻ ഭാഗത്തുനിന്നാണ് തീപടർന്നത്. ഇവിടെയുണ്ടായിരുന്ന ഇൻറർകോം ഉപകരണങ്ങളും കസേരകളും കഴിഞ്ഞ വർഷത്തെ ഇൻവോയിസ് ഫയലുകളുമാണ് കത്തിയത്. ആലപ്പുഴയിൽനിന്ന് രണ്ട് യൂനിറ്റ് അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. ഓഫിസ് കെട്ടിടത്തോട് ചേർന്നുള്ള ഫാക്ടറി കെട്ടിടത്തിൽ മരുന്ന് നിർമാണത്തിന് ആയിരക്കണക്കിന് ലിറ്റർ സ്പിരിറ്റ് സൂക്ഷിച്ചതിനാൽ തീപിടിത്തം അധികൃതരെയും നാട്ടുകാരെയും ഭയാശങ്കയിലാക്കിയിരുന്നു. എന്നാൽ, സെക്യൂരിറ്റി ജീവനക്കാരും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് തീപടരാതെ കെടുത്തിയത് ആശ്വാസമായി. ആലപ്പുഴ നോർത്ത് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘവും എത്തിയിരുന്നു. തീപിടിത്തം ഉണ്ടാകുന്നതിന് മുമ്പ് ഹോംകോക്ക് മുന്നിലെ ട്രാൻസ്ഫോമറിൽ പൊട്ടിത്തെറി ശബ്ദംകേട്ടു. സെക്യൂരിറ്റി ജീവനക്കാരൻ ഇവിടെ പോയി തിരികെവന്നപ്പോഴാണ് കമ്പനിയിൽ തീപടരുന്നത് കണ്ടതെന്ന് പൊലീസ് പറഞ്ഞു. ഇൻറർകോം ഉപകരണത്തിലെ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു. തീപിടിത്തത്തിൽ സംശയമൊന്നുമില്ലെന്നും എന്നാലും സി.സി ടി.വി ഉൾപ്പെടെ പരിശോധിക്കുമെന്നും ഹോംകോ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.