കാലിത്തൊഴുത്തിനെ നോക്കി ഈ കുഞ്ഞുങ്ങൾ പറയുന്നു, അംഗൻവാടി

മണ്ണഞ്ചേരി (ആലപ്പുഴ): കാലിത്തൊഴുത്ത് പവിത്രതയാർന്ന ഒരു ഈറ്റില്ലമാണെന്ന് വിശ്വാസചരിത്രം പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ഈ കുഞ്ഞുങ്ങൾ സൈനബയുടെ പശുത്തൊഴുത്തിൽ തന്നെ പഠിക്കട്ടെയെന്ന് ആർക്കെങ്കിലും വാശിയുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരുകാര്യം സത്യമാണ്. 12 വർഷമായി മണ്ണേഞ്ചരിയിലെ കുഞ്ഞുങ്ങൾ പഠിക്കുന്നത് കാരിക്കാശ്ശേരി സൈനബയുടെ കാലിത്തൊഴുത്തിലാണ്. മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാംവാർഡിലെ 122ാം നമ്പർ അംഗൻവാടിയാണ് തൊഴുത്തിൽ പ്രവർത്തിക്കുന്നത്. അടുത്തകാലത്ത് ഈ സ്ഥലം മറ്റൊരാൾക്ക് കൈമാറിയെങ്കിലും അംഗൻവാടിയായതുകൊണ്ട് പ്രവർത്തിക്കാൻ അവരും അനുവദിച്ചു. അല്ലെങ്കിൽ അംഗൻവാടി വർക്കറും ഹെൽപറും കൂടി ഈ കുട്ടികളുമായി എവിടെ പോകാനാണ്. ഇവിടെ കുട്ടികൾക്ക് കളിക്കാൻ കളിമുറ്റവും കളി ഉപകരണങ്ങളും ഇല്ല. കുട്ടികൾ കൂട്ടിലടച്ച തത്തയെപോലെ അംഗൻവാടിയിൽ തന്നെയാണ്. വർക്കറും ഹെൽപറും കൂടി അംഗൻവാടിക്ക് കെട്ടിടം നിർമിക്കാൻ മൂന്ന് സൻെറ് സ്ഥലത്തിനായി പല വാതിലുകളും മുട്ടി. ലഭിച്ചില്ല. അവസാനം ഇലേശ്ശേരി ബഷീർ (സ്വത്തു ബഷീർ) പൊന്നാട് പെരുന്തുരുത്ത് കരിയോട് ചേർന്ന് കെട്ടിടം പണിയാൻ സ്ഥലംനൽകി. ഈ സ്ഥലത്തേക്ക് റോഡ് നിർമിക്കാൻ രണ്ട് പുരയിടക്കാർ ചേർന്ന് നാല് മീറ്റർ വീതിയിൽ 100 മീറ്റർ നീളം വരുന്ന സ്ഥലവും നൽകി. പഞ്ചായത്ത് നൽകിയ 65,000 രൂപയും വർക്കറും ഹെൽപറും ചേർന്ന് നാട്ടുകാരിൽനിന്ന് ശേഖരിച്ച 70,000 രൂപയും ചെലവഴിച്ച് ഈ സ്ഥലം നന്നായി പൂഴിയിട്ട് ഉയർത്തി. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥലത്തിന് ചുറ്റും കരിങ്കൽ ഭിത്തി കെട്ടുകയും ചെയ്തു. ഇവിടെ അംഗൻവാടി കെട്ടിടം പണിയുന്നതിന് ടെൻഡറും നൽകി. എന്നാൽ, പദ്ധതി ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുയാണ്. കെട്ടിടംപണി തുടങ്ങുന്നതിനായി വൈദ്യുതി കണക്ഷന് അപേക്ഷിക്കാൻ ഉടമസ്ഥാവകാശ രേഖക്ക് ചെന്നപ്പോൾ നിർദിഷ്ട സ്ഥലം മുൻ പ്രമാണത്തിൽ നിലമായിരുന്നു എന്നാണ് പറയുന്നത്. അങ്ങനെയാണ് ഈ അംഗൻവാടി ഈ അവസ്ഥയിൽ നിലനിൽക്കുന്നത്. -ടി.എ.കെ. ആശാൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.