കാർട്ടൂൺ വിവാദം: ചിലർ നൽകുന്നത് തെറ്റായ സന്ദേശം -മന്ത്രി

ആലപ്പുഴ: കാർട്ടൂൺ വിവാദവുമായി ബന്ധപ്പെട്ട് തെറ്റായ സന്ദേശം നൽകാൻ ചിലർ ശ്രമിക്കുകയാണെന്ന് സാംസ്കാരിക മന്ത്രി എ.കെ. ബാലൻ. പിറന്നാൾ ആശംസകൾ നേരാനായി ഗൗരിയമ്മയുടെ ചാത്തനാട്ടെ വീട്ടിലെത്തിയപ്പോൾ അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു. മുമ്പ് മാതൃഭൂമിയിലെ ഗോപീകൃഷ്ണൻ വരച്ച കടക്ക് പുറത്ത് എന്ന കാർട്ടൂണിന് സർക്കാർ അവാർഡ് കൊടുത്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ പ്രത്യേക രീതിയിൽ ചിത്രീകരിക്കുന്നതായിരുന്നു ആ കാർട്ടൂൺ. മുഖ്യമന്ത്രി തന്നെയാണ് അവാർഡ് സമർപ്പിച്ചത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിൻെറ പ്രശ്‌നത്തിൽ ഏതെങ്കിലും രൂപത്തിലുള്ള നിയന്ത്രണം സർക്കാറോ എൽ.ഡി.എഫോ ആഗ്രഹിക്കുന്നില്ലെന്നതിന് ഇത് തെളിവാണ്. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവും പ്രതിപക്ഷം മൊത്തമായും ചില സാമുദായിക സംഘടനകളും ആർച്ച് ബിഷപ്പിൻെറ കത്തും ലഭിച്ച സാഹചര്യത്തിൽ ഒരു വിഭാഗത്തിൻെറ വികാരം വ്രണപ്പെടുന്നു എന്ന തോന്നൽ ഉണ്ടായപ്പോൾ അത് പരിശോധിക്കേണ്ടതാണെന്ന് പറയുക സർക്കാറിൻെറ ഉത്തരവാദിത്തമാണ്. അത് സർക്കാർ നിർവഹിച്ചു. ഇക്കാര്യം പുനഃപരിശോധിക്കാമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുമുണ്ട്. ഇപ്പോൾ പ്രശ്‌നം നിലനിൽക്കുന്നില്ല. ഏത് അക്കാദമിയിലും നയപരമായ തീരുമാനം എടുക്കാൻ സർക്കാറിന് അധികാരമുണ്ട്. പക്ഷേ, അത്തരം അധികാരം ഒന്നും ഇവിടെ ഞങ്ങൾ ഉപയോഗിക്കുന്നില്ല. എല്ലാ അക്കാദമികളും അതിൻെറ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കണം എന്നതാണ് സർക്കാർ നയമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.