പ്രസവത്തിനിടെയുള്ള മാതൃമരണനിരക്ക്​ കുറക്കാൻ ആരോഗ്യവകുപ്പ്​

കൊച്ചി: പ്രസവത്തിനിടെയുള്ള മാതൃമരണനിരക്ക് കുറക്കാൻ സംസ്ഥാനത്തെ എല്ലാ സർക്കാർ/സ്വകാര്യ ആശുപത്രികളിലും 'ഒബ്സ ്റ്റട്രിക് റാപ്പിഡ് റെസ്പോൺസിബിൾ ടീം' (ഒ.ആർ.ആർ ടീം) സജ്ജമാക്കി ആരോഗ്യവകുപ്പ്. 2020ഓടെ മാതൃമരണനിരക്ക് 30ലേക്കും തുടർന്ന് 2030ഓടെ 20ലേക്കും കുറക്കാനുള്ള തീവ്ര പരിപാടികൾക്കാണ് വകുപ്പ് തുടക്കമിട്ടിരിക്കുന്നത്. കേരളത്തിൽ മാതൃമരണനിരക്ക് ദേശീയ ശരാശരിയെക്കാൾ കുറവാണെങ്കിലും കഴിഞ്ഞ മൂന്നുവർഷംവരെ ഇത് 67ആയിരുന്നു. മരണനിരക്ക് 2019 തുടക്കത്തിൽ 46ലേക്കും ഇപ്പോൾ 40ലേക്കും താഴ്ന്നിട്ടുണ്ട്. ഒ.ആർ.ആർ ടീമിൻെറ പ്രവർത്തനം ഊർജിതമാകുന്നതോടെ മാതൃ മരണനിരക്ക് വളരെയേറെ കുറക്കാൻ കഴിയുമെന്നാണ് ആരോഗ്യവകുപ്പിൻെറ കണക്കുകൂട്ടൽ. പ്രസവത്തെ തുടർന്നും പ്രസവാനന്തരവും ഉണ്ടാകുന്ന സങ്കീർണതകൾ ഒഴിവാക്കാൻ ഡോക്ടർമാരുടെ ശ്രമം ഉണ്ടാകണമെന്നതാണ് പ്രധാനം. എങ്കിലും അടിയന്തര സാഹചര്യം എപ്പോഴും ഉണ്ടാകാം. അങ്ങനെ സംഭവിച്ചാൽ ഒരു നിമിഷംപോലും പാഴാക്കാതെ ഒ.ആർ.ആർ ടീം സജ്ജമായി പ്രവർത്തിച്ച് ജീവൻ രക്ഷിക്കുകയാണ് വേണ്ടത്. സർക്കാർ/സ്വകാര്യ മേഖലകളിലെ പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളിലും അവിടത്തെ ഒബ്സ്റ്റട്രിക് ആൻഡ് ഗൈനക്കോളജി വിഭാഗം ഡോക്ടറുടെ നേതൃത്വത്തിൽ ഒ.ആർ.ആർ ടീം സജ്ജമാക്കണമെന്നാണ് നിർദേശം. ജില്ലകളിൽ ഒരു പരിശീലനകേന്ദ്രം ആരംഭിക്കാനും നിർദേശിച്ചിട്ടുണ്ട്. ഗൈനക്കോളജി ഡോക്ടർക്ക് പുറമെ സംഘത്തിൽ ക്രിട്ടിക്കൽ കെയർ, അനസ്തേഷ്യ, എമർജൻസി മെഡിസിൻ വിഭാഗങ്ങളിൽനിന്ന് ഓരോ ഡോക്ടർമാരും ഉണ്ടാകണം. സ്റ്റാഫ് നഴ്സ് ടീമിലെ പ്രധാന അംഗമാണ്. ഏത് അടിയന്തര ഘട്ടവും നേരിടാൻ തയാറായി ആരോഗ്യകാര്യങ്ങൾ കൈകാര്യംചെയ്യുന്ന ജീവനക്കാരും ടീമിൽ ഉണ്ടാകണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഇവർക്കെല്ലാം പിന്തുണനൽകാൻ അഡ്മിനിസ്ട്രേഷൻ വിഭാഗവും ഉണർന്ന് പ്രവർത്തിക്കണം. മാതൃമരണനിരക്ക് കുറക്കാനുള്ള ശ്രമത്തിന് ദേശീയ ആരോഗ്യനയം (എൻ.എച്ച്.എം) ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കേരള ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി (കെ.എഫ്.ഒ.ജി) എന്നിവയുടെ സഹകരണമുണ്ട്. മാതൃമരണത്തിൻെറ കാരണങ്ങള്‍: അമിത രക്തസ്രാവം (20%), അമിത രക്തസമ്മര്‍ദം (11%), ഹൃദയസംബന്ധമായ അസുഖങ്ങള്‍ (4%), അണുബാധ (5%), ആമ്‌നിയോട്ടിക് ഫ്ല്യൂയിഡ് എംബോളിസം (8%), ത്രോംബോ എംബോളിസം (4%), പ്ലാസൻറ പ്രിവിയ (4%), ആത്മഹത്യ. എ. സക്കീർ ഹുസൈൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.