ശാന്തിവനം: ടവർ സ്ഥാപിക്കുന്നത്​ വൈകിപ്പിക്കാൻ ശ്രമമെന്ന്​​ കെ.എസ്​.ഇ.ബി

കൊച്ചി: വടക്കൻ പറവൂർ വഴിക്കുളങ്ങരയിലെ ശാന്തിവനത്തിൽ വൈദ്യുതി ടവർ സ്ഥാപിക്കുന്ന ജോലി മനഃപൂർവം വൈകിപ്പിക്കാൻ ശ്രമമെന്ന് കെ.എസ്.ഇ.ബി ഹൈകോടതിയിൽ. പദ്ധതി അന്തിമഘട്ടത്തിലായിരിക്കെ തടസ്സപ്പെടുത്താനാണ് ഭൂവുടമ പരാതി ഉന്നയിക്കുന്നതെന്ന് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ജൈവവൈവിധ്യ സമ്പന്നമായ ശാന്തിവനത്തിൽ നടക്കുന്ന ൈവദ്യുതി ടവർ നിർമാണവും 110 കെ.വി ലൈൻ വലിക്കുന്നതും തടയണമെന്നാവശ്യപ്പെട്ട് ഭൂവുടമ തുണ്ടപറമ്പിൽ പ്രീത എന്ന മീന നൽകിയ ഹരജിയിലാണ് വിശദീകരണം. ഹരജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ, കെ.എസ്.ഇ.ബി അടക്കമുള്ള എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ കോടതി ഉത്തരവായി. 30 ടവർ സ്ഥാപിച്ച് 7.5 കി.മീ. ലൈൻ വലിക്കാനാണ് പദ്ധതിയെന്ന് വിശദീകരണത്തിൽ പറയുന്നു. 15 ടവറിൻെറ നിർമാണം പൂർത്തിയായി. ശേഷിച്ച ടവറുകളുടെ അടിത്തറ നിർമിച്ചുവരുകയാണ്. ഇനി രണ്ട് കി.മീറ്ററോളം ലൈൻ മാത്രമേ സ്ഥാപിക്കാനുള്ളൂ. ഇൗ ഘട്ടത്തിൽ അലൈൻമൻെറ് മാറ്റുന്നത് കൂടുതൽ ഭൂവുടമകളുടെ പരാതിക്കിടയാക്കുമെന്നും പദ്ധതി വൈകുമെന്നും കെ.എസ്.ഇ.ബി അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ എ.എ. രുക്‌സാന നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ശാന്തിവനം സ്വാഭാവികവനമല്ല. പരമാവധി 40 വർഷം വരെ പ്രായമുള്ള മരങ്ങൾ മാത്രമാണ് ഇവിടെയുള്ളത്. വിജ്ഞാപനം ചെയ്ത വനഭൂമിയല്ലെന്ന് വനംവകുപ്പ് അസിസ്റ്റൻറ് കൺസർവേറ്റർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ദേശീയപാത വികസനത്തിന് ഇവിടെ ഭൂമി ഏറ്റെടുത്തിരുന്നു. ദേശാടനപ്പക്ഷികളുടെ സങ്കേതമാണെന്നും വിവിധയിനം ജീവജാലങ്ങളെ സംരക്ഷിക്കുന്നെന്നുമുള്ള വാദം സ്ഥാപിത താൽപര്യത്തിനുവേണ്ടി ഉയർത്തുന്നതാണ്. കേരള ജൈവവൈവിധ്യ ബോർഡിൻെറ പരിധിയിൽ ഈ സ്ഥലമില്ല. സ്ഥാപിത താൽപര്യക്കാരുടെ എതിർപ്പിനെത്തുടർന്ന് പദ്ധതി വൈകുന്നതുമൂലം 7.8 കോടി രൂപയിൽ നടക്കേണ്ട പദ്ധതിയുടെ ചെലവ് 30.47 കോടിയായി വർധിച്ചു. ഭൂമിയിലെ കാവിൽ ഏപ്രിൽ 20നും 21നും നൂറും പാലും പൂജയുള്ളതിനാൽ പണി നടത്തരുതെന്ന് ഹരജിക്കാരി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പ്രദേശവാസികൾ കാവിൽ വിളക്കുതെളിക്കുന്നുണ്ടെന്നും പാലഭിഷേകം നടത്തുന്നുണ്ടെന്നും പറയുന്നത് ശരിയല്ല. ടവർ സ്ഥാപിക്കുന്നത് പൂജ നടത്തുന്നതിനോ ആരാധിക്കുന്നതിനോ തടസ്സമല്ലെന്നും വിശദീകരണത്തിൽ പറയുന്നു. ഹരജിക്കാരിയുടെ പരാതിയെത്തുടർന്ന് നേരേത്ത സ്ഥലം സന്ദർശിച്ച എ.ഡി.എം ലൈൻ മാറ്റുന്നത് പ്രായോഗികമല്ലെന്ന് കണ്ടെത്തിയതാണെന്നും ഇതിനെതിരെ ഹരജിക്കാരി നൽകിയ ഹരജിയിൽ എ.ഡി.എമ്മിൻെറ നിർദേശം ഹൈകോടതി ശരിെവച്ചിരുന്നതാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. അതേസമയം, ടവർ നിർമാണം സ്റ്റേ ചെയ്യണമെന്ന ഹരജിക്കാരുടെ ആവശ്യം അനുവദിക്കാതിരുന്ന കോടതി ഹരജി മധ്യവേനലവധിക്കുശേഷം പരിഗണിക്കാൻ മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.