ആലപ്പുഴ: പ്രളയപ്പെയ്ത്തിൽ നനഞ്ഞുകുതിർന്ന പുസ്തകങ്ങൾ പുഴയോരത്തും വെള്ളമിറങ്ങിയ പാടവരമ്പിലും നിവർത്തിവെച്ച ് തോർത്തിയുണക്കുന്ന കുട്ടനാട്ടിലെ കുഞ്ഞുങ്ങൾ പ്രളയശേഷം എല്ലാവരുടേയും നൊമ്പരമായിരുന്നു. വീട് പൂർണമായും തകർന്നതിനെ തുടർന്ന് പലരും ആലപ്പുഴ നഗരത്തിലെയും മറ്റും സ്കൂളുകളിലാണ് കുറേക്കാലം തുടർപഠനം നടത്തിയത്. ചിലർ ദൂരെ ദേശങ്ങളിലുള്ള ബന്ധുവീടുകളിൽനിന്ന് പഠിച്ചു. ഒടുക്കം പ്രളയത്തിനുതന്നെ കുട്ടനാടൻ കരുത്തിനോട് തോറ്റ് പിന്മാറേണ്ടിവന്നു. ആർത്തലച്ചെത്തിയ പ്രളയവെള്ളത്തെ ചെറുത്തുനിന്ന് കുട്ടനാട്ടിലെ കുട്ടികൾ എസ്.എസ്.എൽ.സിക്ക് നേടിയത് 99.91 ശതമാനം വിജയം. പത്താംക്ലാസ് പരീക്ഷയിൽ 99.91 ശതമാനം വിജയവുമായി കുട്ടനാട് വിദ്യാഭ്യാസ ഉപജില്ല വിജയശതമാനത്തിൽ സംസ്ഥാനത്ത് ഒന്നാമതെത്തി. പരീക്ഷയെഴുതിയ 2114 പേരിൽ 2112 പേരും വിജയിച്ചു. 150 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കുട്ടനാട്ടിലെ 31 സ്കൂളുകൾ നൂറുശതമാനം വിജയം നേടി. ഇതിൽ അഞ്ച് സർക്കാർ സ്കൂളും 25 സർക്കാർ എയ്ഡഡ് സ്കൂളും ഉൾപ്പെടും. തലവടി ജി.വി.എച്ച്.എസ്.എസ്, കുപ്പപ്പുറം ജി.എച്ച്.എസ്.എസ്, മങ്കൊമ്പ് അവിട്ടം തിരുനാൾ ജി.വി.എച്ച്.എസ്.എസ്, കെ.കെ. കുമാരപിള്ള സ്മാരക ജി.എച്ച്.എസ് കരുമാടി, കൊടുപ്പുന്ന ജി.എച്ച്.എസ് എന്നീ ഗവ. സ്കൂളുകളാണ് നൂറൂശതമാനം വിജയം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.