വ്യാജരേഖ കേസ്: ഫാ. പോൾ തേലക്കാട്ടിൻെറ മൊഴിയെടുത്തു ആലുവ: സീറോ മലബാർ സഭയിലെ വ്യാജരേഖ കേസിൽ പൊലീസ് സഭ മുൻ വക്താ വ് ഫാ. പോൾ തേലക്കാട്ടിൻെറ മൊഴിയെടുത്തു. അന്വേഷണ ഉദ്യോഗസ്ഥനായ ആലുവ ഡിവൈ.എസ്.പി കെ.എ. വിദ്യാധരൻ മുമ്പാകെ തിങ്കളാഴ്ച രാവിലെ 10.45ഓടെയാണ് അദ്ദേഹം ഹാജരായത്. കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജ ബാങ്ക് രേഖകൾ ചമച്ചതിൽ പോൾ തേലക്കാട്ടിന് പങ്കുണ്ടെന്ന ആരോപണത്തിൻെറ പശ്ചാത്തലത്തിലാണ് മൊഴിയെടുത്തത്. എറണാകുളം അങ്കമാലി അതിരൂപത വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടൻ, ഫാ. അഗസ്റ്റിൻ വട്ടോളി, രൂപത പ്രൊക്യുറേറ്റർ സെബാസ്റ്റ്യൻ മാണിക്കത്താൻ എന്നിവരടക്കം അഞ്ച് വൈദികർക്കും അഭിഭാഷകനുമൊപ്പമാണ് ഫാ. പോൾ തേലക്കാട്ട് എത്തിയത്. മൊഴിയെടുക്കൽ മൂന്ന് മണിക്കൂർ നീണ്ടു. ആലഞ്ചേരിയുടെ രഹസ്യ ബാങ്ക് അക്കൗണ്ടിൻെറതെന്ന് പറഞ്ഞ് ഫാ. പോൾ തേലക്കാട്ട് അഡ്മിനിസ്ട്രേറ്റർ വഴി സഭ സിനഡിന് സമർപ്പിച്ച രേഖകൾ വ്യാജമാണെന്നും അങ്ങനെയൊരു അക്കൗണ്ടില്ലെന്നും പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് വ്യാജരേഖകളുടെ ഉറവിടം തേടി അന്വേഷണം ശക്തിമാക്കിയത്. വ്യാജരേഖ ഉണ്ടാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത് ഫാ. പോൾ തേലക്കാട്ടാണെന്നും ഇതിന് സഭയിലെ പതിനഞ്ചോളം വൈദികർ കൂട്ടുനിന്നതായും വൈദിക സമിതി മുൻ അംഗം ഫാ. ആൻറണി പൂതവേലിൽ ആരോപിച്ചിരുന്നു. എന്നാൽ, കിട്ടിയ രേഖകൾ അഡ്മിനിസ്ട്രേർക്ക് കൈമാറുക മാത്രമേ താൻ ചെയ്തിട്ടുള്ളൂ എന്നാണ് തേലക്കാട്ടിൻെറ നിലപാട്. മൊഴിയെടുക്കലിനുശേഷം പുറത്തിറങ്ങിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചില്ല. എന്നാൽ, ഫാ. തേലക്കാട്ടിനോട് സഭ സിനഡ് നീതികാട്ടിയില്ലെന്ന് വൈദിക സമിതി സെക്രട്ടറി ഫാ. കുര്യക്കോസ് മുണ്ടാടൻ ആരോപിച്ചു. ആഭ്യന്തര അന്വേഷണം നടത്താതെ കേസ് നൽകാൻ പാടില്ലായിരുന്നു. ഫാ. പോൾ തേലക്കാട്ടിനെ അനാവശ്യമായി നിയമനടപടികളിലേക്ക് തള്ളിവിട്ടതിൽ വൈദിക സമിതിക്ക് അതൃപ്തിയുണ്ട്. നടപടിക്രമങ്ങൾ സഭ മാനിച്ചില്ല. ഇത് പൊതുജനങ്ങളിൽ ആശയക്കുഴപ്പത്തിനും സംശയങ്ങൾക്കും വഴിവെക്കുമെന്നും ഫാ. കുര്യാക്കോസ് മുണ്ടാടൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.