ഈയൊരു പകൽ കൂടി; പ്രചാരണത്തിന്​ അവസാനംകുറിച്ച്​ ഇന്ന്​ കൊട്ടിക്കലാശം

ആലപ്പുഴ: കനത്ത ചൂടിൽ നടന്ന പ്രചാരണത്തിന് ഒടുവിൽ പെയ്ത മഴ സ്ഥാനാർഥികൾക്കും പ്രവർത്തകർക്കും ആശ്വാസമായി. തെരഞ്ഞ െടുപ്പ് പടിവാതിൽക്കലിൽ എത്തിയതോടെ മുന്നണികളെല്ലാം തന്നെ ആവേശക്കൊടുമുടിയിലായിരുന്നു. തലങ്ങും വിലങ്ങും പരസ്യ പ്രചാരണ വാഹനങ്ങൾ കാതടപ്പിച്ചുള്ള ശബ്ദഘോഷങ്ങളുമായി വീഥികളിൽ ചുറ്റിക്കറങ്ങി. സ്ഥാനാർഥിയെ പ്രകീർത്തിക്കുന്ന ഗാനങ്ങൾ ഉച്ചഭാഷിണികളിലൂടെ മുഴങ്ങി. എൽ.ഡി.എഫിൻെറയും യു.ഡി.എഫിൻെറയും സ്ഥാനാർഥികൾ പരമാവധി സമ്മതിദായകരെ കാണാനുള്ള ഓട്ടത്തിലായിരുന്നു. അഖിലേന്ത്യ അധ്യക്ഷൻ അമിത് ഷായുടെ വരവുമായി ബന്ധപ്പെട്ട് ബി.ജെ.പി കേന്ദ്രങ്ങൾ പരസ്യപ്രചാരണം കുറച്ച് പരിപാടി വിജയിപ്പിക്കുന്ന തിരക്കിലായിരുന്നു. അതേസമയം, അപ്രതീക്ഷിതമായി അമിത് ഷാക്ക് എത്താൻ കഴിയാതെവന്നതിനാൽ എൻ.ഡി.എ കേന്ദ്രങ്ങൾ നിരാശയിലായി. കപ്പക്കടയിലെ പൊതുയോഗം തീരുന്നതിനുമുമ്പ് മഴയും എത്തി. ഞായറാഴ്ച വൈകീട്ട് എൽ.ഡി.എഫ് സ്ഥാനാർഥി എ.എം. ആരിഫിൻെറ പ്രചാരണം സമാപിക്കുന്നത് സക്കരിയബസാറിലാണ്. വിവിധ കേന്ദ്രങ്ങളിലെ പര്യടനത്തിനുശേഷം 4.15ന‌് ഇ.എം.എസ് സ്റ്റേഡിയത്തിൽ സ്ഥാനാർഥി എത്തും. തുടർന്ന‌് പ്രവർത്തകർക്കൊപ്പം 4.30ന് സക്കരിയ ബസാറിലേക്ക‌് നീങ്ങും. അവിടെയാണ് എൽ.ഡി.എഫിൻെറ കൊട്ടിക്കലാശം. യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ കരുനാഗപ്പള്ളിയിൽനിന്ന് റോഡ്ഷോയായി വൈകീട്ട് നാലിന് വട്ടപ്പള്ളിയിൽ നടക്കുന്ന കൊട്ടിക്കലാശത്തിൽ പങ്കെടുക്കും. എൻ.ഡി.എയുടെ കൊട്ടിക്കലാശം മുല്ലക്കൽ എ.വി.ജെ ജങ്ഷനിലാണ്. മുൻകാലങ്ങളിൽ വിവിധ മുന്നണികളുെട കൊട്ടിക്കലാശ പരിപാടികൾ ഒരുകേന്ദ്രത്തിൽ തന്നെയാണ് നടക്കാറുള്ളത്. ചേർത്തലയിൽ തെരഞ്ഞെടുപ്പ് പ്രചാരണ സമാപന കൊട്ടിക്കലാശം പ്രധാനപ്പെട്ട മൂന്ന് മുന്നണിക്കും വ്യത്യസ്ത സ്ഥലങ്ങളാണ് അനുവദിച്ചത്. യു.ഡി.എഫ് ചേർത്തല ദേവീക്ഷേത്രത്തിന് മുൻവശവും എൽ.ഡി.എഫ് അമ്പലത്തിന് വടക്കുവശവും എൻ.ഡി.എ പ്രൈവറ്റ് ബസ് സ്റ്റാൻഡിലുമാണ് കൊട്ടിക്കലാശത്തിന് അനുവദിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.