ഉമ്മ കൂടെയില്ലാതെ ആദ്യമായി പോളിങ് ബൂത്തിലേക്ക് ഇത്തവണത്തെ തെരഞ്ഞെടുപ്പും വോട്ടുചെയ്യലും വലിയ നഷ്ടങ്ങളുടെ ഓ ർമകൂടിയാണ്. എന്നൊക്കെ വോട്ട് ചെയ്യാൻ പോയിട്ടുണ്ടോ അന്നൊക്കെ പ്രിയപ്പെട്ട ഉമ്മയും ഉണ്ടായിരുന്നു. ശാരീരിക അവശതകൊണ്ട് പ്രയാസപ്പെട്ടിരുന്ന ഉമ്മയെ ഒപ്പം കൂട്ടിയാണ് എല്ലാ തവണയും വോട്ട് ചെയ്യാൻ പോകാറുള്ളത്. അസുഖമായാലും വോട്ട് ചെയ്യണം എന്നത് ഉമ്മക്ക് നിർബന്ധമായിരുന്നു. അതുകൊണ്ട് നാട്ടിലുള്ള സമയങ്ങളിലൊക്കെ ഉമ്മയെയും വോട്ട് ചെയ്യാൻ കൊണ്ടുപോകുമായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പായപ്പോഴേക്കും ഉമ്മ തീരെ കിടപ്പിലായി. എണീറ്റിരിക്കാൻപോലുമാവാത്ത അവസ്ഥയായിരുന്നു. അതുകൊണ്ട് വോട്ടുചെയ്യാൻ വരുന്നില്ലെന്ന് ഉമ്മ പറഞ്ഞു. കഴിഞ്ഞ ആഗസ്റ്റിൽ ഉമ്മ വിടപറഞ്ഞു. ആ വലിയ ദുഃഖത്തിൻെറ ഓർമകൂടിയാണ് ലോക്സഭ തെരഞ്ഞെടുപ്പ്. ഗായകൻ എന്ന നിലക്ക് എല്ലാ തെരഞ്ഞെടുപ്പിലും ശബ്ദം കൊണ്ട് സജീവ സാന്നിധ്യമാകാൻ കഴിഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രാചരണങ്ങൾക്ക് ഇതിനോടകം നിരവധി ഗാനങ്ങൾ പാടി. ഇത്തവണയും വിവിധ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് ഗാനങ്ങൾ പാടിയിട്ടുണ്ട്. രാഷ്ട്രീയ ഭേദമന്യേ എല്ലാ നേതാക്കളുമായി നല്ല അടുപ്പവും ബന്ധവുമുണ്ട്. അതിനാൽതന്നെ സൗഹൃദങ്ങളുടെ പുറത്ത് പാടണമെന്ന് പറയുമ്പോൾ ഒഴിഞ്ഞുമാറാനാവില്ല. പരിപാടികളുമായി രാജ്യത്തിന് പുറത്തുപോകേണ്ടിവരുന്നതിനാൽ ചിലപ്പോഴൊക്കെ വോട്ട് ചെയ്യാൻ സാധിച്ചിട്ടില്ല. 2009ലെ ലോക്സഭ തെരഞ്ഞെടുപ്പിന് യു.എസിലായിരുന്നു. ഓരോ വോട്ടും നമ്മുടെ അവകാശവും അധികാരവുമാണെന്ന ബോധം നമ്മുടെ ഉള്ളിലുണ്ട്. അതിനാൽ സാഹചര്യങ്ങൾ മൂലം അത് ചെയ്യാൻ പറ്റാതിരിക്കുമ്പോൾ വല്ലാത്ത വിഷമവും തോന്നാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.