വോട്ടങ്ങാടി... 'തൊഴിലാളികളുടെ ജീവന് വിലകൽപിക്കുന്നവർ ഭരണത്തിൽ വരണം' -ആലുവ കീഴ്മാട് പഞ്ചായത്തിലെ ചാലക്കൽ തോട്ടിൽ പണിയെടുക്കുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ വാക്കാണിത്. നാടൊട്ടാകെ തെരഞ്ഞെടുപ്പ് ചൂടിൽ മുഴുകുമ്പോൾ, തങ്ങളുടെ വിശ്രമവേളകളിൽ ഇവരും ചർച്ചകളിലാണ്. പറയാനുണ്ട് ഏറെ വേവലാതികൾ. ചളിയും മാലിന്യവും കുപ്പിച്ചില്ലുകളും നിറഞ്ഞ ദുർഗന്ധം വമിക്കുന്ന തോടുകളിലും മറ്റുമാണ് തങ്ങളെപ്പോലെയുള്ളവർ പണിയെടുക്കുന്നതെന്ന് ലൈല സലാം നടുപറമ്പിൽ പറയുന്നു. 'അധികാരത്തിൽ വരുന്ന പാർട്ടി ഏതായാലും ഇന്ത്യയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇ.എസ്.ഐ അനുകൂല്യം നൽകാൻ തയാറാകണം' -മാലിന്യക്കൂമ്പാരത്തിലേക്ക് വിരൽചൂണ്ടി അവർ ആവശ്യപ്പെട്ടു. അപകടരമായ രീതിയിൽ പണിയെടുക്കുന്ന തങ്ങൾക്ക് എപ്പോഴും എന്തും പറ്റാം. സർക്കാർ ആശുപത്രികൾ മാത്രമാണ് ആശ്രയം. അവിടങ്ങളിൽ ചില സന്ദർഭങ്ങളിൽ വേണ്ടത്ര സൗകര്യം ഇല്ല. കൂടെ പണിയെടുക്കുന്ന നബീസക്ക് ജോലിക്കിടെ പാമ്പുകടിയേറ്റപ്പോൾ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ചികിത്സക്ക് വലിയ തുക ചെലവായെന്നും അനുഭവം പങ്കുെവച്ച് അവർ പറഞ്ഞു. അതുകൊണ്ട് തന്നെയാണ് ഇ.എസ്.ഐ ആനുകൂല്യം നൽകണമെന്ന് ആവശ്യപ്പെടുന്നത്. പാവപ്പെട്ടവർക്കടക്കം ദുരിതം അനുഭവിക്കേണ്ടിവന്ന ഒരു കാലമാണ് നോട്ട് നിരോധനത്തിലൂടെ കടന്നുപോയത്. പണത്തിനായി തെരുവിൽ അലയേണ്ട സ്ഥിതിയാണ് വൃദ്ധർക്കടക്കം ഉണ്ടായത്. ഇങ്ങനെയുള്ള ഭരണകൂടത്തിനെതിരായ ജനവിധിയാകും ഇനിയുണ്ടാവുകയെന്ന് തൊഴിലുറപ്പ് സംഘത്തിലെ വത്സല കുബേന്ദ്രൻ പറഞ്ഞു. എല്ലാവർക്കും ഒരോ രാഷ്‌ട്രീയമുണ്ടെന്നും എന്നാൽ, രാഷ്‌ട്രീയ വൈരാഗ്യത്തിെൻറ പേരിൽ പാവപ്പെട്ട കുടുംബങ്ങളുടെ നെടുംതൂണായ യുവാക്കളെ നിഷ്ഠൂരമായി കൊലപ്പെടുത്തുന്ന അക്രമരാഷ്‌ട്രീയം എല്ലാ പാർട്ടികളും ഉപേക്ഷിക്കണമെന്നും അമ്മ മനസ്സിെൻറ വേദനയിൽ തൊഴിലാളികൾ ഒന്നടങ്കം പറയുന്നു. ഇതിനിടയിൽ ശബരിമല വിഷയവും ചർച്ചയിലേക്ക് കയറിവന്നു. അമ്പലപറമ്പിൽ താമസിക്കുന്ന മിനി അജയനാണ് വിഷയം എടുത്തിട്ടത്. വിശ്വാസികളെ വെല്ലുവിളിച്ച് എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന് വാശിപിടിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് മിനിയുടെ നിലപാട്. 'വിശ്വാസപരമായ വിഷയങ്ങൾ ഭക്തർക്ക് വിട്ടുകൊടുക്കണം. ഇന്ധനവില കൂട്ടാനുള്ള അധികാരം കമ്പനികൾക്ക് വിട്ടുകൊടുത്തതാണ് നിത്യോപയോഗ സാധനങ്ങളുടേതടക്കം വിലവർധനക്ക് കാരണമെന്ന്'- ഷൈല തിലകൻ മാരയിലിൽ പറയുന്നു. ഭാർഗവിക്ക് പറയാനുള്ളത് എല്ലാ ക്ഷേമപെൻഷനുകളും 2000 രൂപയാക്കണമെന്നാണ്. ജില്ലയിലെ ഏറ്റവും വലിയ ജല സംഭരണിയായ തുമ്പിച്ചാൽ, വട്ടച്ചാൽ സംരക്ഷിക്കാൻ ചാലക്കുടി മണ്ഡലത്തിൽനിന്ന് ജയിച്ചുവരുന്ന അംഗം തയാറാകണമെന്നും നബീസ മരത്താംകുടി പറയുന്നു. തൊഴിലുറപ്പ് കൂലി 271 രൂപയിൽനിന്ന് 500 രൂപയാക്കണമെന്നാണ് സൗദ മരത്താൻകുടിയും ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.