െകാച്ചി: ഇൻറർവ്യൂ മാർക്ക് കൂട്ടിയിട്ടതടക്കം സുതാര്യമല്ലാത്ത നിയമന നടപടിക്രമങ്ങൾ മൂലം അർഹമായ ജോലി ലഭിക്കാതെ പോയ ഉദ്യോഗാർഥിക്ക് നഷ്ടപരിഹാരം വിധിച്ച് ഹൈകോടതി. െപാതുമേഖല സ്ഥാപനമായ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (കെ.എം.എം.എൽ) ഉദ്യോഗാർഥിയായ എസ്. ഷമീറിന് മൂന്ന് ലക്ഷം രൂപ മൂന്ന് മാസത്തിനകം നൽകണമെന്നാണ് ജസ്റ്റിസ് വി. ചിദംബരേഷ്, ജസ്റ്റിസ് എ. എം. ബാബു എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിെൻറ ഉത്തരവ്. മൂന്ന് മാസത്തിനകം ഇത് നൽകാത്ത പക്ഷം കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്നും ഭാവി നിയമനങ്ങളിൽ കമ്പനിക്കുള്ള മുന്നറിയിപ്പാണ് ഇതെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. അതേസമയം, നിയമനം റദ്ദാക്കണമെന്ന ഹരജിക്കാരെൻറ ആവശ്യം നിയമനം ലഭിച്ച മുഴുവൻ പേരും കേസിൽ കക്ഷിയല്ലെന്ന കാരണത്താൽ കോടതി അനുവദിച്ചില്ല. സുതാര്യമല്ലാത്ത നിയമനങ്ങൾ റദ്ദാക്കണമെന്ന ഷമീറിെൻറ ആവശ്യം നേരേത്ത സിംഗിൾബെഞ്ച് അനുവദിച്ചിരുന്നില്ല. ഇതിനെതിരെ നൽകിയ അപ്പീൽ ഹരജിയാണ് ഡിവിഷൻബെഞ്ച് പരിഗണിച്ച് തീർപ്പാക്കിയത്. എക്സിക്യൂട്ടിവ് ട്രെയിനി (കെമിക്കൽ) പോസ്റ്റിലേക്ക് എഴുത്ത് പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങി ഏഴാം റാങ്ക് ലഭിച്ച മുസ്ലിം സമുദായക്കാരനായ ഹരജിക്കാരനെ പിന്തള്ളി 33ാം റാങ്കുകാരനായ മുസ്ലിം സമുദായാംഗവും 48ാം റാങ്കുകാരനായ ഒ.ബി.സി ഉദ്യോഗാർഥിയും ഇൻറർവ്യൂവിനുശേഷം നിയമനം നേടിയത് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. തുല്യമാർക്ക് വീതമുള്ള 100 ചോദ്യങ്ങളടങ്ങുന്ന എഴുത്ത് പരീക്ഷയിൽ 44.75 മാർക്കാണ് ഹരജിക്കാരന് കിട്ടിയത്. 27.75, 21.25 മാർക്ക് വീതമാണ് മറ്റ് രണ്ട് പേർക്ക് ലഭിച്ചത്. എന്നാൽ, ഇൻറർവ്യൂവിൽ തനിക്ക് 20 മാർക്ക് മാത്രം ലഭിച്ചപ്പോൾ മറ്റ് രണ്ട് പേർക്കും 44ഉം 46ഉം വീതം ലഭിച്ചു. ആകെ മാർക്കിൽ പിന്തള്ളപ്പെട്ട തനിക്ക് നിയമനം നിഷേധിക്കുകയും മറ്റ് രണ്ട് പേർക്ക് നിയമനം ലഭിക്കുകയും ചെയ്തു. എഴുത്ത് പരീക്ഷയുടെ മാർക്ക് പരിധി 50 ആക്കി നിശ്ചയിച്ച് ഇൻറർവ്യൂ നടത്തിയതാണ് ഇൗ അട്ടിമറിക്ക് ഇടയാക്കിയതെന്നാണ് ഹരജിയിലെ ആരോപണം. മുൻവർഷങ്ങളിൽ എഴുത്ത് പരീക്ഷക്ക് 100ഉം ഇൻറർവ്യൂവിന് 20ഉം മാർക്കാണ് നിശ്ചയിച്ചിരുന്നതെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. ഇൻറർവ്യൂവിന് 20 ശതമാനത്തിലധികം മാർക്ക് പരിധിവെക്കുന്നത് ചട്ടവിരുദ്ധമായതിനാൽ 50 മാർക്കിൽ നടത്തിയ ഇൻറർവ്യൂ നടപടികൾ നിലനിൽക്കുന്നതല്ല. കമ്പനിയിലെ മുൻ ജനറൽ മാനേജറുടെ മകനാണ് തനിക്ക് പകരം നിയമനം കിട്ടിയയാൾ. അതിനാൽ, അനധികൃത നിയമനം റദ്ദാക്കി അർഹനായ തനിക്ക് നിയമനം നൽകാൻ ഉത്തരവിടണമെന്നും നഷ്ടപരിഹാരം നൽകണമെന്നുമായിരുന്നു ഹരജിക്കാരെൻറ ആവശ്യം. എന്നാൽ, പുസ്തകത്തിൽനിന്ന് ലഭിക്കുന്ന അറിവിനെന്ന പോലെ ചിന്താശേഷിയുള്ളവർക്ക് വെയിറ്റേജ് നൽകുന്നതിനായാണ് ഇൻറർവ്യൂ മാർക്ക് 50 ആക്കിയതെന്നായിരുന്നു കെ.എം.എം.എല്ലിെൻറ വിശദീകരണം. അന്തിമഫലം വന്നശേഷം മാത്രമാണ് മാർക്കിെൻറ ഘടനയും അത് കണക്ക്കൂട്ടുന്ന രീതിയും വെളിപ്പെടുത്തിയതെന്നും പരീക്ഷ സമയത്ത് ഇത് മറച്ചുവെച്ചത് അന്യായമാണെന്നുമുള്ള ഹരജിക്കാരെൻറ വാദം കോടതി അനുവദിച്ചു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ സുതാര്യമല്ലെന്നും സ്വേച്ഛാപരമായും സ്വജനപക്ഷപാതപരമായുമാണ് നടപടിക്രമങ്ങൾ നടന്നതെന്നും വ്യക്തമാണ്. എന്നാൽ, നിയമനം ലഭിച്ച മുഴുവൻ പേരെയും കക്ഷി ചേർക്കാത്തതിനാൽ നടപടിക്രമങ്ങളും നിയമനങ്ങളും റദ്ദാക്കാനാവില്ലെന്ന സിംഗിൾബെഞ്ച് ഉത്തരവ് ഡിവിഷൻബെഞ്ച് ആവർത്തിച്ചു. നീതിയല്ലാത്തതിനാൽ ഒരാളുടെ മാത്രം നിയമനം റദ്ദാക്കാനുമാവില്ല. അതേസമയം, ഇപ്പോൾ പഞ്ചായത്ത് വകുപ്പിൽ ക്ലർക്കായി ജോലിക്ക് ചേരാനിരിക്കുന്ന ഹരജിക്കാരന് കെമിക്കൽ എൻജിനീയറിങ്ങിലെ സ്വപ്നങ്ങൾ ഹനിക്കേണ്ടി വന്നതിന് ഉത്തരവാദി കെ.എം.എം.എൽ കമ്പനിയാണെന്ന കാര്യം അവഗണിക്കാനാവില്ല. അതിനുള്ള നഷ്ടപരിഹാരം നൽകാൻ അവർ ബാധ്യസ്ഥരാണെന്ന് വ്യക്തമാക്കിയ കോടതി തുടർന്ന് മൂന്ന് ലക്ഷം രൂപ ഹരജിക്കാരന് നൽകാൻ നിർദേശിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.