പൂജ -വഴിപാട് സാമഗ്രികള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിതരണം ചെയ്യണം -ഹൈകോടതി കൊച്ചി: ക്ഷേത്രങ്ങളിലേക്കാവശ്യമായ പൂജ -വഴിപാട് സാമഗ്രികള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്്തന്നെ വിതരണം ചെയ്യണമെന്ന് ഹൈകോടതി. ക്ഷേത്ര പ്രതിഷ്ഠക്കും ഭക്തര്‍ക്കും ആവശ്യമായ പൂജ -വഴിപാട് സാമഗ്രികളുടെ ഗുണനിലവാരവും ശുദ്ധിയും പ്രധാനമാണെന്നും ഇവ നൽകുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ബോര്‍ഡ് ഒരുക്കണമെന്നും ജസ്റ്റിസ് പി. ആര്‍. രാമചന്ദ്രമേനോന്‍, ജസ്റ്റിസ് എൻ. അനില്‍കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ നിര്‍ദേശിച്ചു. പുതിയ സംവിധാനം കൊണ്ടുവരാന്‍ സമയം വേണ്ടതിനാല്‍ പഴയ സംഭരണ -വിതരണരീതി ജൂണ്‍ 30 വരെ തുടരാനും ദേവസ്വം ബോര്‍ഡിന് അനുമതി നൽകി. പുതിയരീതി അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് ദേവസ്വം ബോർഡ് വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഗുണനിലവാരമുള്ള വസ്തുക്കള്‍ മിതമായ വിലയില്‍ ഭക്തര്‍ക്ക് ലഭിക്കണം. ഗുണനിലവാരവും ശുദ്ധിയുമുള്ള സാമഗ്രികള്‍ നല്‍കുന്നത് ബോര്‍ഡിെൻറ വരുമാനം വര്‍ധിപ്പിക്കും. ഇത് നടപ്പാക്കുന്നതില്‍ ദേവസ്വം ബോര്‍ഡിന് തടസ്സങ്ങളുണ്ടെങ്കില്‍ സര്‍ക്കാറിനെയോ സര്‍ക്കാര്‍ വകുപ്പുകളെയോ ഇടപെടുവിക്കാമെന്നും കോടതി വ്യക്തമാക്കി. വഴിപാട് സാധനങ്ങള്‍ കേന്ദ്രീകൃതമായി വിതരണം ചെയ്യാന്‍ പ്രയാസമായതിനാല്‍ മുന്‍കാലത്തെ എല്ലാ നടപടികളും അവസാനിപ്പിച്ചുള്ള ദേവസ്വം ബോര്‍ഡ് തീരുമാനം കോടതി റദ്ദാക്കി. പ്രതിഷ്ഠയുടെയും ഭക്തരുടെയും താല്‍പര്യം സംരക്ഷിക്കാന്‍ എല്ലാ സഹായവും നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.