കുസാറ്റ് സംഘർഷ ഭൂമിയാക്കാൻ അനുവദിക്കില്ല- -മുഖ്യമന്ത്രി കളമശ്ശേരി: കൊച്ചിൻ യൂനിവേഴ്സിറ്റി ഒരു സംഘർഷ ഭൂമിയാക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഫെബ്രുവരി അഞ്ചിന് കുസാറ്റ് സെനറ്റ് തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന വിദ്യാർഥി സംഘർഷത്തിൽ പുറത്തുനിന്നുള്ള സായുധരായ ആളുകൾ കടന്നുകയറി കാമ്പസ് യുദ്ധക്കളമാക്കിയത് സംബന്ധിച്ച് വി.കെ. ഇബ്രാഹീംകുഞ്ഞ് എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. പൊലീസ് നിഷ്പക്ഷമായി പ്രവർത്തിക്കുകയും യൂനിവേഴ്സിറ്റി അധികൃതർ സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. കുസാറ്റ് വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അഞ്ചിന് വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായി. മലബാറീസ് ഗ്രൂപ് എന്നറിയപ്പെടുന്നതും പ്രമുഖ വിദ്യാർഥി യൂനിയനെ പിന്തുണക്കുന്നതുമായ 60ഓളം വിദ്യാർഥികൾ യൂനിവേഴ്സിറ്റി വക സഹാറ ഹോസ്റ്റലിന് സമീപം ബിയർ കുപ്പി, സോഡാ കുപ്പി, കമ്പിവടി എന്നിവ ശേഖരിച്ച് സംഘം ചേരുന്നതറിഞ്ഞ് മറ്റു വിഭാഗത്തിൽപെട്ട ഇരുപതോളം വിദ്യാർഥികൾ അവിടെ എത്തുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്ഥലത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ അവിടെ എത്തുകയും എട്ടുപേരെ സ്ഥലത്തുനിന്ന് നീക്കി സ്റ്റേഷനിൽ കൊണ്ടുപോയി കേസെടുത്ത് ജാമ്യത്തിൽ വിടുകയും ചെയ്തു. മലബാറീസ് ഗ്രൂപ്പിൽപെട്ട 60ഓളം വിദ്യാർഥികൾ സായുധരായി നിൽക്കുന്നതുകണ്ട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടും അനുസരിക്കാതെ ഹോസ്റ്റലിെൻറ മുകളിൽ കയറി കൈയിൽ കരുതിയിരുന്ന ബിയർ കുപ്പിയും സോഡാ കുപ്പിയും വലിച്ചെറിയുകയും ചെയ്തിരുന്നു. 43 പേരെ നിയമപ്രകാരം അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. കുസാറ്റ് കാമ്പസ് സമാധാനപരമായി പ്രവർത്തിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും പൊലീസിനും യൂനിവേഴ്സിറ്റി അധികൃതർക്കും ആവശ്യമായ നിർദേശം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൾചറൽ മീറ്റ് സമാപനം കൊച്ചി: ദക്ഷിണ നാവിക സേന കൾചറൽ മീറ്റ് സമാപനം നേവൽ ബേസിലെ സാഗരിക ഓഡിറ്റോറിയത്തിൽ നടന്നു. സമുദ്ര പരിശീലനവിഭാഗം റിയർ അഡ്മിറൽ സഞ്ജയ് ജെ.സിങ് മുഖ്യാതിഥിയായിരുന്നു. നേവൽ എയർക്രാഫ്റ്റ് യാർഡ് മത്സരങ്ങളിൽ ഓവറോൾ നേടി. നേവൽ ഷിപ് റിപ്പയർ യാർഡ് രണ്ടാംസ്ഥാനത്തെത്തി. മികച്ച പ്രകടനം കാഴ്ചവെച്ചവർക്കുള്ള പുരസ്കാരത്തിന് വനിത വിഭാഗത്തിൽ വി.എസ്. ആശ, പുരുഷവിഭാഗത്തിൽ ആനന്ദ് സുബിൻ എന്നിവർ അർഹരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.