സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന്​ സർക്കാർ സാഹചര്യമൊരുക്കണം -ചെന്നിത്തല

കൊച്ചി: സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിനുള്ള സാഹചര്യമാണ് സംസ്ഥാന സർക്കാർ സൃഷ്ടിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമ പ്രവർത്തനത്തിന് കൂച്ചുവിലങ്ങിടാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. മാധ്യമ നിയന്ത്രണം സംബന്ധിച്ച സർക്കാർ ഉത്തരവ് ഇതി​െൻറ ഉദാഹരണമാണ്. 'മാധ്യമ മാരണ' ഉത്തരവാണിതെന്നും അദ്ദേഹം പറഞ്ഞു. സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം കേരളയുടെ ഏഴാമത് വാര്‍ഷിക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. മാധ്യമ മേഖല അതിഗുരുതര വെല്ലുവിളി നേരിടുന്ന കാലമാണിത്. അമേരിക്കന്‍ പ്രസിഡൻറ് ഡൊണാള്‍ഡ് ട്രംപ് മാധ്യമ പ്രവര്‍ത്തകരെ വൈറ്റ് ഹൗസില്‍നിന്ന് പുറത്താക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി നാലര വര്‍ഷത്തിനിടയില്‍ ഒരിക്കലും വാര്‍ത്തസമ്മേളനം നടത്തിയിട്ടില്ല. കേരളത്തില്‍ വര്‍ഷങ്ങളായി തുടരുന്ന കാബിനറ്റ് യോഗത്തിനു ശേഷമുള്ള ബ്രീഫിങ്ങും ഇല്ലാതായി. ജനാധിപത്യ സംവിധാനത്തിൽ മാധ്യമങ്ങളുടെ പങ്ക് തള്ളിക്കളയാനാവില്ല. ഈ സാഹചര്യത്തിൽ നീതിപൂർവവും നിഷ്പക്ഷവുമായ മാധ്യമ പ്രവർത്തനത്തെ ബാധിക്കുന്ന ഉത്തരവ് സർക്കാർ പിൻവലിക്കണം. മാധ്യമപ്രവര്‍ത്തകരുടെ പെന്‍ഷന്‍ 15,000 രൂപ ആക്കി വര്‍ധിപ്പിക്കണമെന്ന ആവശ്യം അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ ആവശ്യമായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സംസ്ഥാനത്ത് വ്യാപകമാക്കണം. സംസ്ഥാനത്തെ മൂന്നരക്കോടി ജനങ്ങളെയും സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിക്കു കീഴില്‍ കൊണ്ടുവരണമെന്നും ഇതിനുള്ള ശ്രമങ്ങൾ നടത്തുമെന്നും ചെന്നിത്തല പറഞ്ഞു. സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന പ്രസിഡൻറ് നടുവട്ടം സത്യശീലന്‍ അധ്യക്ഷത വഹിച്ചു. കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ പ്രഫ. കെ.വി. തോമസ് എം.പി ആദരിച്ചു. ഹൈബി ഈഡന്‍ എം.എല്‍.എ, പി.എന്‍. പ്രസന്നകുമാര്‍, വി. പ്രതാപചന്ദ്രന്‍, വൈസ് പ്രസിഡൻറ് എസ്. സുധീശന്‍, പി.വി. പങ്കജാക്ഷന്‍, ജനറല്‍ സെക്രട്ടറി എ. മാധവന്‍, കെ.ജി. മത്തായി, ആര്‍.എം. ദത്തന്‍, ടി.വി. മുഹമ്മദാലി, സി.ഡി. ദേശികന്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.