കെ.എ.എസിലെ സംവരണ അട്ടിമറി പ്രതിഷേധാർഹം -വെള്ളാപ്പള്ളി ചേർത്തല: മുന്നാക്ക ജാതി സംവരണവും സാമ്പത്തിക സംവരണവും ഭരണഘടന വിരുദ്ധമാണെന്ന സുപ്രീംകോടതി ഭരണഘടന ബെഞ്ചിെൻറ വിധി നിലനിൽക്കെ ദേവസ്വം ബോർഡുകൾ വഴി മുന്നാക്ക ജാതി സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള സർക്കാറിെൻറ ശ്രമം പ്രതിഷേധാർഹമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരള ഭരണനിർവഹണ സർവിസ് നിയമനവുമായി ബന്ധപ്പെട്ട ചട്ടങ്ങളും നിർദേശങ്ങളും ഉപദേശങ്ങളും പുനഃപരിശോധനക്ക് വിധേയമാക്കണമെന്നും അതുവരെ നിയമന നടപടികൾ നിർത്തിവെക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. അഖിലേന്ത്യ സർവിസിലേക്ക് യു.പി.എസ്.സി നടത്തുന്ന മാതൃകയിലും നിലവാരത്തിലും സമാന രീതിയിൽ എഴുത്തുപരീക്ഷയും കൂടിക്കാഴ്ചയും നടത്താനാണ് കെ.എ.എസിെൻറ കാര്യത്തിലും ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, പിന്നാക്ക സമുദായങ്ങളെ ഒഴിവാക്കണമെന്ന ഗൂഢതന്ത്രത്തിെൻറ ഭാഗമായി ഒഴിവുകളിൽ മൂന്നിലൊന്നുമാത്രം നേരിട്ടുള്ള നിയമനവും ഇതിനുമാത്രം സംവരണവുമാക്കി. സംസ്ഥാനത്തെ 80 ശതമാനമുള്ള പട്ടിക, പിന്നാക്ക വിഭാഗങ്ങളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായ രീതിയിലുള്ള നടപടി സർക്കാർ സ്വീകരിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്തിൽ വെള്ളാപ്പള്ളി പറയുന്നു. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുന്ന എ.കെ. ആൻറണി രാഹുൽ ഗാന്ധിയുടെ നിലപാടിനോടും പ്രതികരിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്ത കാര്യത്തിൽ ബി.ജെ.പിയുടെ പ്രധാന നേതാവാണെന്ന പരിഗണനയെങ്കിലും നല്‍കി പൊലീസ് കുറച്ചുകൂടി ശ്രദ്ധിക്കണമായിരുെന്നന്ന് ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.