പൈപ്പ് അറ്റകുറ്റപ്പണി പൊലീസ് തടഞ്ഞു; കുടിവെള്ളമില്ലാതെ കിഴക്കേക്കര, രണ്ടാർ മേഖലകൾ

മൂവാറ്റുപുഴ: കിഴക്കേക്കര-ആയവന റോഡിൽ പൊട്ടിയ കുടിവെള്ള പൈപ്പ് നന്നാക്കുന്നത് പൊലീസ് തടഞ്ഞത് കിഴക്കേക്കര, രണ്ടാർ മേഖലകളിൽ കുടിവെള്ള വിതരണം മുട്ടിച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. കിഴക്കേക്കര തൃക്ക ക്ഷേത്രത്തിനുമുന്നിൽ പൊട്ടിയ കുടിവെള്ള പൈപ്പ് നന്നാക്കാനുള്ള വാട്ടർ അതോറിറ്റി ജീവനക്കാരുടെ ശ്രമമാണ് പൊലീസ് നിർത്തിവെപ്പിച്ചത്. മൂന്നുമാസം മുമ്പാണ് പ്രദേശത്ത് മൂന്നിടത്തായി പൈപ്പ് പൊട്ടിയത്. നൂറുകണക്കിന് ലിറ്റർ ശുദ്ധജലമാണ് റോഡിൽ ഒഴുകുന്നത്. ഇതോടെ ബി.എം.ബി.സി നിലവാരത്തിൽ നിർമിച്ച റോഡ് തകർന്നു. കുടിവെള്ള ക്ഷാമം രൂക്ഷമായി ജനങ്ങൾ പ്രതിഷേധവുമായി രംഗത്തുവന്നതോടെ ഇന്നലെ പൈപ്പ് നന്നാക്കാൻ ജീവനക്കാരെത്തി. പൊട്ടിയ ഭാഗത്ത് കുഴിയെടുക്കാൻ ആരംഭിച്ചതോടെയാണ് ഗതാഗത തടസ്സത്തി​െൻറ പേരിൽ പൊലീസെത്തി പണി തടഞ്ഞത്. മേഖലയിലേക്കുള്ള കുടിവെള്ള വിതരണം പൂർണമായി നിർത്തിയ ശേഷമാണ് ജീവനക്കാർ പണി ആരംഭിച്ചിരുന്നത്. ഇതാണ് കുടിവെള്ളവിതരണം മുടങ്ങാൻ കാരണമായത്. ഇതോടെ നഗരസഭ 11, 12, 13 വാർഡുകളിൽപെട്ട ആശ്രമം ടോപ്പ്, കിഴക്കേക്കര, രണ്ടാർ, ചാലിക്കടവ്, മേഖലകൾക്കുപുറമെ ആവോലി പഞ്ചായത്തിലെ മൂന്ന് വാർഡുകളിലും കുടിവെള്ള വിതരണം താളംതെറ്റി. കുടിവെള്ളക്ഷാമം രൂക്ഷമായ നിരവധി കോളനികളും ജനസാന്ദ്രതയേറിയ പ്രദേശങ്ങളും ഉൾകൊള്ളുന്ന മേഖലകളാണ് ഇതെല്ലാം. കുടിവെള്ളംമുട്ടിയതോടെ പ്രതിഷേധം ശക്തമാകുകയാണ്. കിഴക്കേക്കരക്കും നഗരത്തി​െൻറ വിവിധ ഭാഗങ്ങളിലേക്കും പോകാൻ നിരവധി റോഡുകളുള്ളപ്പോൾ ഗതാഗതക്കുരുക്കി​െൻറ പേരിൽ പൈപ്പ് അറ്റകുറ്റപ്പണി തടഞ്ഞത് നീതീകരിക്കാനാവില്ലെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് കെ.എ. അബ്ദുൽ സലാം പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.