യാക്കോബായ സഭയിൽ 19ന്​ നേതൃ തെരഞ്ഞെടുപ്പ്​

കോലഞ്ചേരി: 16 വർഷത്തിനുശേഷം യാക്കോബായ സഭയിൽ നേതൃ തെരഞ്ഞെടുപ്പിന് കളമൊരുങ്ങി. പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ മത്സരരംഗത്ത് ശേഷിക്കുന്നത് ഒമ്പതുപേരാണ്. ഏറ്റവും പ്രധാന അധികാരപദവിയായ മെത്രാപ്പോലീത്തൻ ട്രസ്റ്റി സ്ഥാനത്തേക്ക് നിലവിലെ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവെക്കതിരെ സഭയിലെ ഏറ്റവും മുതിർന്ന മെത്രാപ്പോലീത്തയും കോട്ടയം ഭദ്രാസനാധിപനുമായ ഡോ. തോമസ് മാർ തിമോത്തിയോസ് മത്സരിക്കുന്നതാണ് ഏറ്റവും ശ്രദ്ധേയം. അൽമായ ട്രസ്റ്റി സ്ഥാനത്തേക്ക് സി.കെ. ഷാജി ചുണ്ടയിൽ(മൂവാറ്റുപുഴ), കുഞ്ഞ് പരത്തുവയലിൽ എന്നിവരും സെക്രട്ടറി സ്ഥാനത്തേക്ക് പ്രഫ. രഞ്ജൻ എബ്രഹാം, പീറ്റർ കെ. ഏലിയാസ്, വൈദിക ട്രസ്റ്റി സ്ഥാനത്തേക്ക് ഫാ. സ്ലീബ പോൾ വട്ടവേലിൽ കോർഎപ്പിസ്കോപ്പ, ഫാ. പീറ്റർ വേലംപറമ്പിൽ കോർഎപ്പിസ്കോപ്പ, ഫാ. വർഗീസ് ഇടിയത്തേരിൽ കോർഎപ്പിസ്കോപ്പ എന്നിവരും മത്സരിക്കുന്നു. തെരഞ്ഞെടുപ്പിന് തുടക്കംകുറിച്ച് 19ന് രാവിലെ 10ന് യാക്കോബായ സഭ പള്ളികളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട മൂവായിരത്തോളം പ്രതിനിധികൾ സഭ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയാർക്ക സ​െൻററിൽ സമ്മേളിക്കും. ഉച്ചക്ക് ഒന്നുമുതൽ രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. ഓരോ ഭദ്രാസനത്തിനും ഓരോ ബൂത്തെന്ന രീതിയിൽ ക്രമീകരിച്ചാണ് വോട്ടെടുപ്പ്. കഴിഞ്ഞ 16 വർഷമായി തുടരുന്ന നേതൃത്വത്തിനെതിരെ വിശ്വാസികളിൽനിന്ന് രൂക്ഷ പ്രതിഷേധം ഉയർന്നതോടെ സഭ മേലധ്യക്ഷനായ പാത്രിയാർക്കീസ് ബാവ ഇടപെട്ടാണ് തെരഞ്ഞെടുപ്പ് തീരുമാനിച്ചത്. ഇക്കാലയളവിലെല്ലാം കാതോലിക്ക ബാവ, മെത്രാപ്പോലീത്തൻ ട്രസ്റ്റി പദവികൾ ബസേലിയോസ് തോമസ് പ്രഥമനും അൽമായ ട്രസ്റ്റി, സെക്രട്ടറി സ്ഥാനങ്ങൾ തമ്പുജോർജ് തുകലൻ, ജോർജ് മാത്യു എന്നിവർ മാറിമാറിയും വഹിച്ചുവരുകയായിരുന്നു. ബസേലിയോസ് തോമസ് പ്രഥമനെ വീണ്ടും മെത്രാപ്പോലീത്തൻ ട്രസ്റ്റി സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നത് ഇപ്പോഴത്തെ നേതൃത്വത്തിലെ ചിലരുടെ അജണ്ടയാണെന്ന ആക്ഷേപം ശക്തമാണ്. അദ്ദേഹത്തെ വിജയിപ്പിച്ച് ഇപ്പോഴുള്ളവർക്കുതന്നെ പിൻസീറ്റ് ഭരണം നടത്താനാണെന്നാണ് ആക്ഷേപം. 91 വയസ്സായ താൻ പദവികൾ ഒഴിയുകയാണെന്ന് അടുത്തിടെ നടത്തിയ പ്രസംഗത്തിലും തോമസ് പ്രഥമൻ ബാവ പറഞ്ഞിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.