വഴിവിളക്കുകളിൽ പകുതിയും കണ്ണടച്ചു; കൈയൊഴിഞ്ഞ് കരാറുകാർ

ആറാട്ടുപുഴ: വഴിവിളക്കുകൾ കണ്ണടച്ചത് മൂലം യാത്രക്കാർ ദുരിതത്തിൽ. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തി​െൻറ വിവിധ ഭാഗങ്ങളിൽ മാസങ്ങൾക്ക് മുമ്പ് സ്ഥാപിച്ച വഴിവിളക്കുകളിൽ ഭൂരിഭാഗവും മാസങ്ങളായി തെളിയുന്നില്ല. ഓരോ ദിവസം പിന്നിടുമ്പോൾ പ്രവർത്തിക്കാത്ത വിളക്കുകളുടെ എണ്ണം കൂടിവരുകയാണ്. ആറാട്ടുപുഴയിൽ പൊതുമേഖല സ്ഥാപനമായ കെൽട്രോണും തൃക്കുന്നപ്പുഴയിൽ ഓച്ചിറ കേന്ദ്രമായ സ്വകാര്യ സ്ഥാപനവുമാണ് വഴിവിളക്കി​െൻറ കരാർ ഏറ്റെടുത്തത്. ആറാട്ടുപുഴ പഞ്ചായത്തിൽ രണ്ടായിരത്തോളം വഴിവിളക്കുകളാണ് കെൽട്രോൺ കരാറെടുത്ത് സ്ഥാപിച്ചത്. നാലുമാസം മുമ്പ് സ്ഥാപിച്ച വഴിവിളക്കുകളിൽ പകുതിയിലേറെ കത്തുന്നില്ലെന്നാണ് പഞ്ചായത്ത് അധികാരികൾ പറയുന്നത്. ഇതിൽ തന്നെ ഭൂരിഭാഗം വിളക്കുകളും സ്ഥാപിച്ച് ആഴ്ചകൾക്കുള്ളിൽ കേടായതാണ്. ലൈറ്റുകൾക്ക് രണ്ട് കൊല്ലമാണ് ഗാരൻറി നൽകിയിരുന്നത്. എന്നാൽ, തകരാർ പരിഹരിക്കുന്നതിൽ കെൽട്രോൺ അനാസ്ഥയാണ് കാട്ടുന്നതെന്ന് പഞ്ചായത്ത് അംഗങ്ങൾ പറയുന്നു. പലതവണ പരാതി പറഞ്ഞപ്പോൾ ഒരുതവണ എത്തി കുറെ പ്രശ്നങ്ങൾ പരിഹരിച്ചിരുന്നു. എന്നാൽ, പിന്നീട് തിരിഞ്ഞ് നോക്കിയിട്ടില്ല. ആയിരത്തോളം വിളക്കുകളാണ് നിലവിൽ പ്രവർത്തിക്കാതെ കിടക്കുന്നത്. പഞ്ചായത്ത് പലതവണ കെൽട്രോൺ അധികാരികളുമായി ബന്ധപ്പെട്ടെങ്കിലും കരാർ വ്യവസ്ഥ പാലിക്കാൻ തയാറാകുന്നില്ല. വൈദ്യുതി പോസ്റ്റുകൾക്ക് അകലം കൂടുതലായതിനാൽ കാറ്റടിക്കുമ്പോൾ വൈദ്യുതി കമ്പികൾ കൂട്ടിയിടിക്കുന്നതാണ് വിളക്കുകൾ വേഗത്തിൽ കേടായിപ്പോകാൻ കാരണമെന്നാണ് കെൽട്രോണി​െൻറ ന്യായം. പഞ്ചായത്ത് അധികാരികൾ പരാതി ആവർത്തിക്കുമ്പോൾ കേടായ വിളക്കുകളുടെ ലിസ്റ്റ് തയാറാക്കി വെക്കാൻ പറഞ്ഞ് തടിതപ്പുകയാണ് ഇവർ. വഴിവിളക്കിനുവേണ്ടി മുടക്കിയ ലക്ഷങ്ങൾ ഫലത്തിൽ ജനങ്ങൾക്ക് ഒരു പ്രയോജനവും ചെയ്യുന്നില്ല. കെൽട്രോൺ അനാസ്ഥ തുടരുമ്പോഴും കരാർ വ്യവസ്ഥ നടപ്പിൽ വരുത്താൻ കാര്യക്ഷമമായ നടപടി പഞ്ചായത്തും കൈക്കൊണ്ടിട്ടില്ല. രണ്ട് വർഷം ഗാരൻറിയിൽ സ്ഥാപിച്ച വഴിവിളക്കുകൾ ശരിയാക്കാൻ വൈദ്യുതി ബോർഡും തയാറാകുന്നില്ല. ജനങ്ങൾ പരാതി പറയുമ്പോൾ പഞ്ചായത്ത് അധികാരികൾ കൈമലർത്തുകയാണ്. പ്രശ്നത്തിന് എന്ന് പരിഹാരം കാണുമെന്ന് ഒരു ഉറപ്പും ബന്ധപ്പെട്ടവർ നൽകുന്നില്ല. കെൽട്രോണിന് നോട്ടീസ് അയക്കുവാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. എന്നിട്ടും പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ തുടർനടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു. പഞ്ചായത്തിലെ മുഴുവൻ വൈദ്യുതി പോസ്റ്റിലും വിളക്കുകൾ സ്ഥാപിക്കാൻ പഞ്ചായത്ത് തീരുമാനമെടുത്തിരിക്കുകയാണ്. എന്നാൽ, നിലവിലെ വിളക്കുകൾ തെളിക്കാതെ പദ്ധതി നടപ്പാക്കേണ്ടെന്ന നിലപാടിലാണ് ഭൂരിഭാഗം പഞ്ചായത്ത് അംഗങ്ങളും. തൃക്കുന്നപ്പുഴയിലും സമാനമായ അവസ്ഥയാണുള്ളത്. സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്താൻ കരാർ ഏറ്റെടുത്ത സ്വകാര്യ കമ്പനി തയാറാകുന്നില്ല. കാലങ്ങളായി വൈദ്യുതി വിളക്കി​െൻറ കരാർ വ്യവസ്ഥകൾ പാലിക്കുന്നതിൽ കാരാറുകാർ തയാറാകാത്തത് എല്ലാ പഞ്ചായത്തുകളിലും പ്രശ്നമായി നിലനിൽക്കുന്നുണ്ട്. കരാർ വ്യവസ്ഥകൾ പരിഷ്കരിക്കണമെന്ന ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.