പ്രളയത്തിൽ സ്വപ്നങ്ങൾ തകർന്ന് ഭിന്നശേഷിക്കാർ

കൊച്ചി: പ്രളയം തകർത്തെറിഞ്ഞവയെ പുനർനിർമിക്കാൻ ശ്രമം നടക്കുമ്പോഴും പകച്ചുനിൽക്കുന്ന വലിയൊരു വിഭാഗം ജനത ഇനിയുമുണ്ട്. പു‍റംലോകവുമായി ബന്ധപ്പെടാനും സ്വന്തം കാര്യങ്ങൾ പരസഹായമില്ലാതെ നിർവഹിക്കാനും സാധിക്കാതെ വലയുകയാണ് ഭിന്നശേഷിക്കാർ. ആർത്തലച്ചുവന്ന പ്രളയജലത്തിൽ പലരുടെയും വീൽചെയർ, കൃത്രിമ കാൽ, ശ്രവണോപകരണങ്ങൾ, വാക്കറുകൾ, സി.പി ചെയറുകൾ തുടങ്ങിയവ നശിച്ചു. ചളികയറിയാണ് വീൽചെയറുകൾ നശിച്ചത്. സെറിബ്രൾപൾസി ബാധിതർക്ക് മാത്രമായുള്ള സി.പി ചെയറുകളും പൂർണമായും കിടപ്പിലായ രോഗികളുടെ വാട്ടർബെഡുകളും ഉപയോഗശൂന്യമായി. വീൽചെയറിന് പുറമെ കൂടുതൽ പേർക്കും നഷ്ടമായത് ശ്രവണോപകരങ്ങളാണ്. ഇതുമൂലം കുഞ്ഞുങ്ങൾ മുതൽ വയോധികർ വരെ ബുദ്ധിമുട്ടുന്നത് ദുരിത മേഖലയിലെ പല വീടുകളിലെയും സ്ഥിരംകാഴ്ചയാണ്. കൃത്രിമക്കാലുകളും കൈകളുമടക്കമുള്ളവ പുതിയതു കിട്ടാൻ ലക്ഷങ്ങൾ മുടക്കണം. സഹായ ഉപകരണങ്ങൾ നശിച്ചതോടെ പല വിദ്യാർഥികളുടെയും പഠനംപോലും മുടങ്ങിയെന്ന് സ്പെഷൽ സ്കൂളുകളിലെ അധ്യാപകർ പറയുന്നു. പലരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരായതിനാൽ ഇതൊന്നും പണം കൊടുത്ത് വാങ്ങാൻ സാധിക്കില്ല. പേപ്പർപേന, വിത്തുപേന, ചന്ദനത്തിരി, സോപ്പ് തുടങ്ങിയ നിർമിച്ചാണ് പലരും ചെറിയ വരുമാനം കണ്ടെത്തിയിരുന്നത്. വെള്ളപ്പൊക്കത്തിൽ ഇവയെല്ലാം നശിച്ചു. വിൽപനക്കൊരുക്കിയ ആയിരക്കണക്കിന് പേപ്പർപേനകളാണ് പലർക്കും നഷ്ടപ്പെട്ടത്. വികലാംഗ ക്ഷേമ കോർപറേഷൻ മുഖാന്തരം സഹായ ഉപകരണങ്ങൾ നൽകുമെന്ന് അറിയിച്ചെങ്കിലും പലയിടത്തും കിട്ടുന്നില്ലെന്നും ആക്ഷേപമുണ്ട്. നാടി​െൻറ നാനാഭാഗങ്ങളിൽ മറ്റെല്ലാ രീതിയിലുള്ള സഹായങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും ഭിന്നശേഷിക്കാരുടെ ഉപകരണങ്ങൾ നൽകുന്നത് ചുരുക്കം ചില സംഘടനകൾ മാത്രമാണ്. റോട്ടറി കൊച്ചിൻ കോസ്മോസി​െൻറ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങൾ സൗജന്യമായി നൽകുന്നുണ്ട്. നൂറുകണക്കിന് പേരാണ് ദിവസവും ഉപകരണങ്ങൾ ആവശ്യപ്പെട്ട് വിളിക്കുന്നതെന്ന് റോട്ടറി കൊച്ചിൻ കോസ്മോസ് സേവനവിഭാഗം ചെയർമാൻ കെ.ജി. ശ്രീജിത്ത് പണിക്കർ പറഞ്ഞു. പി. ലിസി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.