തിരിച്ചറിയണം, തറികളിൽ തുന്നിയ ജീവിത സ്വപ്നങ്ങൾ

കൊച്ചി: 'കാത്തുവെച്ച സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും മേലെയാണ് പ്രളയജലം പാഞ്ഞൊഴുകിയത്. താമസ സ്ഥലത്തിനൊപ്പം ജീവിതമാർഗം കൂടി ഇതിൽ കുത്തിയൊലിച്ചുപോയി. ക്യാമ്പുകളിലായിരുന്നു പിന്നീട് ജീവിതം. ആവശ്യത്തിന് ഭക്ഷണവും വസ്ത്രവുമൊക്കെ ലഭിച്ചു. പക്ഷേ അതൊന്നുമല്ല ഞങ്ങൾക്കുവേണ്ടത്. തൊഴിൽ സാഹചര്യവും അതിനുള്ള ഉപകരണങ്ങളുമാണ്. എല്ലാത്തിലുമപരി ഓണക്കാലത്തേക്കു കരുതിവെച്ച ഉൽപന്നങ്ങൾ വാങ്ങാനെങ്കിലും നിങ്ങൾ മനസ്സുകാട്ടണം...' കൈത്തറി ഉൽപന്നങ്ങൾക്കു പേരുകേട്ട പറവൂർ ചേന്ദമംഗലത്തെ ഒരുപറ്റം തൊഴിലാളികളുടെ വാക്കുകളാണിത്. പ്രതിസന്ധികൾക്കു നടുവിലും ഓണക്കാലത്തെ നേട്ടം മനസ്സിൽക്കണ്ട് നെയ്തുകൂട്ടിയ ഒരായിരം സ്വപ്നങ്ങളാണ് ഇവർക്കു നഷ്ടമായത്. പ്രളയം ഏറെ ബാധിച്ച പറവൂർ താലൂക്കിൽ അഞ്ച് കൈത്തറി സഹകരണ സംഘങ്ങളും നൂൽ വിതരണം ചെയ്യുന്ന ഒരു യാൺ ബാങ്കുമാണുള്ളത്. 400 തൊഴിലാളികളും അനുബന്ധ ജോലി ചെയ്യുന്ന 200ഓളം തൊഴിലാളികളും ഉൾപ്പെടുന്നതാണ് കൈത്തറി മേഖല. കൂടാതെ വീടുകളിൽ ചെറിയ ഷെഡുകളിലായി 250ഓളം പേർ തൊഴിലെടുക്കുന്നുണ്ട്. പ്രളയത്തിൽ മൊത്തം 15 കോടിയുടെ നഷ്ടം മേഖലക്കുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. കരിമ്പാടത്തുള്ള എച്ച് 47, എച്ച് 91, കുര്യാപ്പിള്ളിയിലെ 3476 എന്നീ മൂന്ന് സംഘങ്ങളും കരിമ്പാടത്തെ യാൺ ബാങ്കുമാണ് പൂർണമായും വെള്ളത്തിനടിയിലായത്. സംഘങ്ങളിലെ തറികൾ, ഫർണിച്ചറുകൾ, ഉൽപന്നങ്ങൾ, നൂൽ ഉൾപ്പെടെ വസ്തുക്കളും യാൺ ബാങ്കിലുണ്ടായിരുന്ന നൂലും ഉപയോഗശൂന്യമായി. ഇതോടെ ദിവസങ്ങളായി ജോലിയും കൂലിയുമില്ലാതെ നട്ടംതിരിയുകയാണ് ഒരു ജനത. ഒരു തറി ശരിയാക്കാൻ കുറഞ്ഞത് 60,000 രൂപയെങ്കിലും ആവശ്യമാണ്. ഭാഗികമായി തകർന്നവയാണെങ്കിൽ 30,000 രൂപയെങ്കിലും വേണ്ടിവരും. എല്ലാം പൂർണമായി പരിഹരിക്കാൻ കോടികളുടെ നിക്ഷേപവും സമയവും ആവശ്യമാണെന്ന് പറവൂർ ഹാൻഡ് ലൂം സൊസൈറ്റി പ്രസിഡൻറ് ടി.എസ്. ബേബി 'മാധ്യമ'ത്തോടു പറഞ്ഞു. ജില്ലക്ക് ഏഴു കോടിയാണ് ഒരു വർഷം കൈത്തറി മേഖല നേടിക്കൊടുക്കുന്നത്. സ്കൂൾ യൂനിഫോം ഉൽപാദനത്തിലൂടെ രണ്ടു കോടി വരുമാനം. ബാക്കി നേട്ടം ഓണക്കാലത്താണ്. ഇത്തരത്തിൽ സംരക്ഷിച്ചിരുന്നവയിൽ രണ്ടു കോടിയോളം വിലയുള്ള ഉൽപന്നങ്ങൾ പൂർണമായും നശിച്ചു. ഒാണവിപണി സാഹചര്യങ്ങൾ ഇല്ലാതിരുന്നതിനാൽ മൂന്നു കോടിയോളം വിലയുള്ള ഉൽപന്നങ്ങൾ സുരക്ഷിതമായുണ്ട്. സാധാരണ മുണ്ടുകൾ മുതൽ ആഘോഷ വസ്ത്രങ്ങൾ വരെയുണ്ട്. കല്യാണം, വിവാഹ നിശ്ചയം പോലുള്ള വിശേഷങ്ങൾക്കോ അല്ലാതെയോ ഇവ വാങ്ങുന്നതായിരിക്കും ഇപ്പോൾ തൊഴിലാളികളോടു ചെയ്യാവുന്ന ഏറ്റവും വലിയ സഹായമെന്നും അദ്ദേഹം പറഞ്ഞു. എസ്. ഷാനവാസ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.