ഡെങ്കിപ്പനി: പെരുമ്പാവൂരില്‍ ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദേശം

കൊച്ചി: ഡെങ്കിപ്പനി ഭീഷണിയെ തുടര്‍ന്ന് പെരുമ്പാവൂര്‍ നഗരസഭ മേഖലയില്‍ പകര്‍ച്ചവ്യാധി നിയന്ത്രണ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനം. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ജില്ല കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഡെങ്കി ഔട്ട് ബ്രേക്ക് നടന്ന പ്രദേശം ജില്ല കലക്ടര്‍ സന്ദര്‍ശിച്ചു. ഡെങ്കി പനി പരത്തുന്ന ഈഡീസ് കൊതുകളുടെ ഉറവിടങ്ങള്‍ കൂടുതലായി കണ്ടെത്തിയ പെരുമ്പാവൂര്‍ റയോണ്‍സ് കമ്പനി, പ്ലൈവുഡ് നിര്‍മാണ ശാല, സ്‌ക്രാപ്പ് ശേഖരിക്കുന്ന യൂനിറ്റ് എന്നിവിടങ്ങളിലാണ് കലക്ടര്‍ സന്ദര്‍ശനം നടത്തിയത്. തുടര്‍ന്നു നടന്ന അവലോകന യോഗത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ കലക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കിയത്. റയോണ്‍സ് കമ്പനിയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും കാടു വെട്ടിത്തെളിച്ച് ശുചീകരണം നടത്തുകയും വേണം. ഇതിനായി 10 തൊഴിലാളികളെയും ആവശ്യമുള്ള ദിവസങ്ങളില്‍ ജെസിബി ഉപയോഗിച്ചും ശുചീകരണം നടത്തും. ആരോഗ്യ വകുപ്പി​െൻറ മേല്‍നോട്ടത്തില്‍ നഗരസഭ, കിന്‍ഫ്ര എന്നിവയുടെ സഹായ സഹകരണത്തോടെയാകും പ്രവര്‍ത്തനങ്ങള്‍. ആരോഗ്യം, ഭക്ഷ്യ സുരക്ഷ, റവന്യൂ, തൊഴില്‍, പൊലീസ് വകുപ്പുകളുടെയും നഗരസഭയുടെയും ഏകോപനത്തില്‍ ഭക്ഷണ ശാലകള്‍, ജ്യൂസ് കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍, അനധികൃത സ്ഥാപനങ്ങള്‍, പകര്‍ച്ചവ്യാധി ഉണ്ടാകാന്‍ ഇടയാക്കുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന ശക്തമാക്കാനും തീരുമാനിച്ചു. ഇതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സ്‌ക്വാഡ് രൂപവത്കരിച്ചിട്ടുണ്ട്. അനധികൃത കടകള്‍, മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥാപനങ്ങള്‍ എന്നിവക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും നിയമ ലംഘനം കണ്ടാല്‍ സ്ഥാപനം അടച്ചുപൂട്ടാനും യോഗത്തില്‍ തീരുമാനിച്ചു. കൂടാതെ പൊതുനിരത്തില്‍ മാലിന്യമെറിയുന്നവരെ പിടികൂടുന്നതിന് സിസിടിവി ക്യാമറ സ്ഥാപിക്കാനും തീരുമാനിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങളുടെയും സംയുക്ത പരിശോധന സ്‌ക്വാഡി​െൻറയും ചുമതല ജില്ല റൂറല്‍ ഹെല്‍ത്ത് ഓഫീസര്‍ പി.എന്‍. ശീനിവാസന്‍ നിര്‍വഹിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് ഓരോ ദിവസവും കലക്ടര്‍ക്ക് സമര്‍പ്പിക്കണം. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം 26 ന് കലക്ടറേറ്റില്‍ ചേരും. പെരുമ്പാവൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സതി ജയകൃഷ്ണന്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ നിഷ വിനയന്‍ , നഗരസഭ കൗണ്‍സിലര്‍മാര്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍.കെ. കുട്ടപ്പന്‍, അഡിഷണല്‍ ഡി.എം.ഒ ഡോ. എസ്. ശ്രീദേവി, കുന്നത്തുനാട് തഹസില്‍ദാര്‍ സാബു കെ. ഐസക്, ജില്ല ലേബര്‍ ഓഫിസര്‍ ശ്രീമതി എം.വി. ഷീല, ജില്ല റൂറല്‍ ഹെല്‍ത്ത് ഓഫിസര്‍ പി.എന്‍. ശ്രീനിവാസന്‍, ജില്ലാ മലേറിയ ഓഫീസര്‍ എം.സുമയ്യ, പെരുമ്പാവൂര്‍ നഗരസഭാ സെക്രട്ടറി യു.എസ്. സതീശന്‍, പെരുമ്പാവൂര്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബൈജു കെ. പൗലോസ്, നഗരസഭ ഹെല്‍ത്ത് ഉദ്യോഗസ്ഥര്‍, കിന്‍ഫ്ര മാനേജര്‍, റയോണ്‍സ് പ്രതിനിധികള്‍, താലൂക്ക് ആശുപത്രി ആർ.എം.ഒ ഡോ. മിഥുന്‍, റവന്യൂ ഉദ്യോഗസ്ഥര്‍, ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങള്‍, ജില്ലാ ഹെല്‍ത്ത് സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.