രോഗത്തെ തോൽപിച്ച് അൻസൽ ഉന്നതപഠനത്തിന്​ ഒരുങ്ങുന്നു

ആലുവ: ശരീരവും മനസ്സും രോഗം തളർത്തിയപ്പോൾ അതിനൊപ്പം തളർന്നുപോകാതെ പൊരുതിക്കയറിയ മുഹമ്മദ് അൻസൽ ഹയർ സെക്കൻഡറി പഠനത്തിനൊരുങ്ങുന്നു. ആലുവ കുട്ടമശ്ശേരി മങ്ങാട്ടുകര അബ്‌ദുൽ അസീസി‍​െൻറ മകൻ മുഹമ്മദ് അൻസലാണ് എസ്.എസ്.എൽ.സിയിലെ മിന്നുന്ന വിജയത്തോടെ ഉന്നതപഠനത്തിന് തയാറെടുക്കുന്നത്. 2017 മേയിലാണ് സ്‌പൈനൽ കോഡിന് അസുഖം ബാധിച്ച് അൻസലി​െൻറ ശരീരം ഭാഗികമായി തളർന്നത്. ആ സമയത്ത് ആലുവ എസ്.എൻ.ഡി.പി സ്‌കൂൾ വിദ്യാർഥിയായിരുന്ന അൻസൽ 10ാം ക്ലാസിലേക്ക് കടന്നിരിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ മൂത്രതടസ്സമായിരുന്നു തുടക്കം. വിവിധ ആശുപത്രികളിലെ പരിശോധനയിലാണ് സ്‌പൈനൽ കോഡിന് അസുഖം ബാധിച്ചതാണെന്ന് മനസ്സിലായത്. രോഗം മൂലം ഭാഗികമായി തളർന്ന അൻസൽ രണ്ട് മാസത്തോളം ആശുപത്രിയിലും വീട്ടിലുമായി വിശ്രമത്തിലായിരുന്നു. ഫിസിയോതെറപ്പിയടക്കമുള്ള ചികിത്സകളിലൂടെയാണ് എഴുന്നേൽക്കാനായത്. നഗരത്തിൽ റെയിൽവേ സ്‌റ്റേഷൻ റോഡിൽ കച്ചവടം നടത്തിയിരുന്ന പിതാവ് മക‍​െൻറ ശുശ്രൂഷക്ക് കൂടെതന്നെയുണ്ടായിരുന്നു. ഇതോടെ കച്ചവട സ്‌ഥാപനം പൂട്ടേണ്ടിവന്നു. പഞ്ചായത്ത് അധികൃതർ, നാട്ടുകാർ തുടങ്ങിയവരുടെ സഹായത്തോടെയാണ് ചികിത്സ പലപ്പോഴും മുന്നോട്ടുകൊണ്ടുപോയത്. വലിയ തുക െചലവുള്ള കുത്തിവെപ്പ് അടക്കമാണ് നൽകിയിരുന്നത്. ഇതുവരെ എട്ട് ലക്ഷത്തോളം രൂപ െചലവായി. പുറത്തേക്ക് പോകാമെന്ന അവസ്‌ഥ വന്നതോടെ പഠിക്കാൻ താൽപര്യമുള്ള മകനെ എല്ലാ ദിവസവും സ്‌കൂളിൽ കൊണ്ടുപോകലും തിരികെ കൊണ്ടുവരലും പിതാവ് ഏറ്റെടുത്തു. അത്തരത്തിൽ കഷ്ടപ്പെട്ട് പഠിച്ച അൻസൽ പിതാവിനെ നിരാശപ്പെടുത്തിയില്ല. അഞ്ച് വിഷയത്തിന് എ പ്ലസും അഞ്ച് വിഷയത്തിന് എയും നേടി 93 ശതമാനം മാർക്കോടെയാണ് അൻസൽ വിജയിച്ചത്. അൻസൽ മികച്ച വിജയം നേടിയതറിഞ്ഞ് കീഴ്മാട് പഞ്ചായത്ത് പ്രസിഡൻറ് കെ.എ. രമേശ്, വൈസ് പ്രസിഡൻറ് സൗജത്ത് ജലീൽ തുടങ്ങിയവർ വീട്ടിലെത്തി അഭിനന്ദനം അറിയിച്ചിരുന്നു. ഈ പ്രയാസങ്ങൾക്കിടയിലും അൻസലി​െൻറ മുതിർന്ന സഹോദരി ഇസ്സുന്നിസ പ്ലസ് ടുവിൽ ഉന്നതവിജയം നേടി. കുടുംബത്തിലെ പ്രശ്നങ്ങൾക്കിടയിലും മക്കൾക്ക് ഉന്നത വിജയം നേടാൻ മാതാവ് സൽമത്തും എല്ലാവിധ പ്രോത്സാഹനങ്ങളും നൽകിയിരുന്നു. എസ്.എൻ.ഡി.പി സ്‌കൂളിൽതന്നെ പഠനം തുടരണമെന്നാണ് അൻസലി​െൻറയും പിതാവി​െൻറയും ആഗ്രഹം. ഇതിന് അൻവർ സാദത്ത് എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ് കെ.എ. രമേശ് തുടങ്ങിയവർ സഹായം വാഗ്‌ദാനം ചെയ്തിട്ടുണ്ട്. അൻസലി​െൻറ അസുഖം പൂർണമായി മാറണമെങ്കിൽ ഇനിയും ചികിത്സ വേണ്ടിവരും. അതിന് രണ്ട് ലക്ഷത്തോളം രൂപ െചലവ് വരും. നിലവിൽ 15,000 രൂപയോളം മരുന്നിനും മറ്റുമായി െചലവുണ്ട്. ഇടക്കിടക്ക് വിവിധ പരിശോധനകൾ വേണ്ടിവരും. ഇതിനും വലിയൊരു തുക ആവശ്യമുണ്ട്. യാസർ അഹമ്മദ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.