സ്ത്രീകളുടെ പരാതി പൊലീസ് ഗൗരവത്തോടെ കാണണം -വനിത കമീഷൻ കൊച്ചി: സ്ത്രീകളുടെ പരാതികൾ പൊലീസ് ഗൗരവത്തോടെ പരിഗണിക്കണമെന്ന് വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. പലപ്പോഴും പരാതികളിൽ കാലതാമസം ഉണ്ടാകുന്നതായാണ് മനസ്സിലാക്കാനാകുന്നത്. പൊലീസിെൻറ ഭാഗത്തുനിന്ന് ഉണ്ടാകുന്ന അനാസ്ഥയെ കമീഷൻ ഗൗരവമായാണ് നോക്കിക്കാണുന്നതെന്നും അവർ പറഞ്ഞു. കൊച്ചിയിൽ കമീഷൻ മെഗാ അദാലത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോസഫൈൻ. കോട്ടയം കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനി ജസ്ന മരിയ ജയിംസിനെ കാണാതായ സംഭവത്തിൽ പൊലീസ് നടപടി വൈകിയോയെന്ന കാര്യം അറിയില്ല. വിഷയം വനിത കമീഷനിലും എത്തിയിട്ടില്ല. സംഭവത്തിൽ കമീഷന് എന്തുചെയ്യാനാകുമെന്ന് പരിശോധിക്കും. യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ കാര്യത്തില്‍ വനിത കമീഷന് നേരിട്ടെന്തെങ്കിലും ചെയ്യാനാകില്ല. എന്നാൽ, അനുകൂല തീരുമാനങ്ങൾക്ക് സർക്കാറിൽ സമ്മർദം ചെലുത്തും. സർക്കാറിനോടും ഡി.ജി.പിയോടും കമീഷൻ നിലപാട് അറിയിക്കും. സമൂഹ മാധ്യമങ്ങളിൽ അശ്വതി ജ്വാലയെ അവഹേളിച്ച സംഭവത്തിൽ കമീഷൻ യഥാസമയം ഇടപെട്ടിരുന്നു. സമാനമായ നിരവധി സംഭവങ്ങളിലും ഇതേ നിലപാട് സ്വീകരിച്ചിരുന്നു. അതേസമയം, കൊച്ചി നഗരസഭ യോഗത്തിൽ മേയർ സൗമിനി ജയിനിന് നേരേയുണ്ടായ സംഭവങ്ങളിൽ കമീഷൻ ഇടപെടുന്നില്ല. വ്യക്തിപരമായ പ്രശ്നങ്ങൾക്കപ്പുറം അതിന് രാഷ്ട്രീയമാനങ്ങളുണ്ട്. അത് കമീഷൻ പരിഗണിക്കുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇത്തരം സംഭവങ്ങൾ വർധിക്കുന്നുണ്ടെന്നും ജോസഫൈൻ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.