നഴ്​സുമാരുടെ ശമ്പള പരിഷ്​കരണം: വിജ്ഞാപനം സ്​റ്റേ ചെയ്യാത്തതിനെതിരെ അപ്പീൽ

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ അടക്കം ജീവനക്കാരുടെ മിനിമം വേതന വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം സിംഗിൾ ബെഞ്ച് അനുവദിക്കാത്തതിനെതിരെ ആശുപത്രി ഉടമകളുടെ അപ്പീൽ. ഏപ്രിൽ 23ലെ സര്‍ക്കാര്‍ വിജ്ഞാപനം നടപ്പാക്കിയാൽ ആശുപത്രികളുടെ നിലനിൽപ് പ്രതിസന്ധിയിലാകുമെന്നും റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷനും മലപ്പുറം നിംസ് ആശുപത്രി ചെയർമാൻ ഹുസൈൻ കോയ തങ്ങളും ഹരജി നൽകിയിരുന്നു. ഹരജി പരിഗണിക്കവേ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം ഹരജിക്കാർ ഉന്നയിച്ചെങ്കിലും സിംഗിൾ ബെഞ്ച് അനുവദിച്ചില്ല. വിശദമായ വാദം കേട്ടശേഷം ഇക്കാര്യം തീരുമാനിക്കാമെന്ന് വ്യക്തമാക്കി ഒരു മാസം കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി. ഇതിനെതിരെയാണ് ഹരജിക്കാർ അപ്പീൽ നൽകിയിരിക്കുന്നത്. അപ്പീൽ ഡിവിഷൻ ബെഞ്ച് മുമ്പാകെ എത്തിയെങ്കിലും ഇടപെടാതിരുന്ന കോടതി സമാന അപ്പീലുകളുണ്ടെങ്കില്‍ അവയെല്ലാം ഒന്നിച്ച് പരിഗണിക്കാനായി വെള്ളിയാഴ്ചത്തേക്ക് മാറ്റി. കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷൻ, ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ, അസോസിയേഷന്‍ ഓഫ് അഡ്വാന്‍സ്ഡ് സ്‌പെഷാലിറ്റി ഹെല്‍ത്ത് കെയര്‍ ഇൻസ്റ്റിറ്റ്യൂഷന്‍സ്, അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത് പ്രൊവൈഡേഴ്‌സ്, വിജ്ഞാപനത്തി​െൻറ പരിമിതികൾ ചോദ്യം ചെയ്ത് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷൻ എന്നിവ സമര്‍പ്പിച്ച ഹരജികള്‍ ചൊവ്വാഴ്ച മറ്റൊരു സിംഗിൾ ബെഞ്ചി​െൻറ പരിഗണനക്കെത്തിയിരുന്നു. ഈ ഹരജികൾ മധ്യവേനലവധിക്കുശേഷം പരിഗണിക്കാൻ മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.