വനിത കമീഷൻ അദാലത്: കോളജിൽ പ്രവേശനഫീസ്: വിദ്യാർഥിനിയുടെ പരാതിയിൽ പരിഹാരം

കൊച്ചി: സ്വകാര്യ കോളജുകാർ അധികമായി വാങ്ങിയ പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് എൻജിനീയറിങ് വിദ്യാര്‍ഥിനി വനിത കമീഷനിൽ നൽകിയ പരാതിയിൽ പരിഹാരമായി. കൊച്ചി സ്വദേശിനിയായ യുവതി തിരുവനന്തപുരത്തെ സ്വകാര്യ എൻജിനീയറിങ് കോളജിനെതിരെയാണ് പരാതി നൽകിയത്. കോളജിലെ ഇലക്ട്രോണിക്സ് വിദ്യാർഥിനിയായിരുന്നു പരാതിക്കാരി. പഠനകാലയളവിൽ കോളജ് അടച്ചുപൂട്ടിയതിനെത്തുടർന്ന് അധികൃതർ മറ്റൊരു സ്വകാര്യകോളജിൽ പ്രവേശനം തരപ്പെടുത്തി. എന്നാൽ, പ്രവേശന ഫീസായി ഇവിടെയും പണം നൽകേണ്ടിവന്നു. ഇക്കാര്യം ചോദ്യം ചെയ്തപ്പോൾ കോളജ് അധികൃതർ നാല് ചെക്ക് നൽകി. ബാങ്കിൽ മാറാനെത്തിയെങ്കിലും പണമില്ലാത്തിനാൽ ചെക്ക് മടങ്ങി. തുടർന്നാണ് വിദ്യാർഥിനി കമീഷനെ സമീപിച്ചത്. 2016 മുതൽ കേസ് കമീഷൻ പരിഗണിക്കുന്നുണ്ടെങ്കിലും എതിർകക്ഷി ഹാജരായിരുന്നില്ല. തുടർന്ന് കോളജ് അധികൃതരോട് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയക്കുന്നതിനൊപ്പം വിദ്യാഭ്യാസമന്ത്രിക്ക് പരാതി നൽകാനും കമീഷൻ കഴിഞ്ഞ സിറ്റിങ്ങിൽ തീരുമാനിച്ചിരുന്നു. തിങ്കളാഴ്ച കമീഷനിലെത്തിയ കോളജ് അധികൃതർ ജൂണിൽ മാറാവുന്ന ചെക്ക് വിദ്യാർഥിനിക്ക് കൈമാറി പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.