ആലുവ: സംസ്ഥാനത്ത് ആദ്യമായി വിളകളുടെ ചികിത്സക്ക് ആരോഗ്യകേന്ദ്രം തുടങ്ങുന്നു. വിളകളെ ബാധിക്കുന്ന രോഗബാധ ശാസ്ത്രീയമായി നിർണയിച്ച് അവ പരിഹരിക്കാൻ മതിയായ കീടനാശിനിയും സൂക്ഷ്മ മൂലകങ്ങളും കർഷകർക്ക് സൗജന്യമായി ലഭ്യമാക്കുകയാണ് ലക്ഷ്യം. ആലുവ ചൂർണിക്കര പഞ്ചായത്തിൽ തുടങ്ങുന്ന വിള പരിപാലന കേന്ദ്രത്തിെൻറ ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് 3.30 ന് മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം െചയ്യും. തരിശ് പാടശേഖരങ്ങൾ നെൽകൃഷിയിലൂടെ സജീവമാക്കിയെടുത്ത് ശ്രദ്ധനേടിയ പഞ്ചായത്ത് ഭരണസമിതിയും കൃഷിഭവനും ചേർന്നാണ് വിളകളുടെ കൃത്യമായ ആരോഗ്യ പരിപാലനത്തിന് ചികിത്സ കേന്ദ്രം ആരംഭിക്കുന്നത്. സാധാരണ വിളകളുടെ സംരക്ഷണത്തിന് ചുരുങ്ങിയ അളവിൽമാത്രം മരുന്ന് മതി. എന്നാൽ, കീടനാശിനി വലിയ പാക്കറ്റുകളാണ് പലപ്പോഴും ലഭിക്കുക. ഇത് ചെറിയ ആവശ്യങ്ങൾ കഴിഞ്ഞാൽ ഉപേക്ഷിക്കുകയോ മറ്റ് വിളകൾക്ക് തളിക്കുകയോ ചെയ്യലാണ് പതിവ്. മണ്ണിനെയും ഭൂഗർഭ ജലത്തെയും അന്തരീക്ഷത്തെയും മലിനമാക്കും. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമെന്ന നിലക്കാണ് ഈ പദ്ധതി ആവിഷ്കരിച്ചത്. എല്ലാ ബുധനാഴ്ചകളിലും രാവിലെ പത്തു മുതൽ അഞ്ചുവരെ ക്ലിനിക് പ്രവർത്തിക്കും. ആദ്യ തവണ കർഷകർ സ്ഥലത്തിെൻറ കരം തീർത്ത രസീതുമായി വരണം. മണ്ണ് പരിശോധിച്ച ശേഷം വിളകൾക്ക് ആവശ്യമായി മരുന്ന് നൽകും. അവ സ്വന്തം നിലയിൽ തളിക്കാൻ സാധിക്കാത്തവർക്ക് അഗ്രോ സർവിസ് സെൻറർ വഴി തളിച്ച് കൊടുക്കും. ഇതിനുള്ള സർവിസ് ചാർജ് മാത്രമേ ഇൗടാക്കുകയുള്ളൂവെന്ന് ചൂർണിക്കര പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉദയകുമാർ, കൃഷി ഓഫിസർ ജോൺ ഷെറി എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഉദ്ഘാടനച്ചടങ്ങിെൻറ ഭാഗമായി കാർഷിക കർമസേനയുടെ പ്രവർത്തന ഉദ്ഘാടനം ഇന്നസെൻറ് എം.പി നിർവഹിക്കും. പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിക്കും. പദ്ധതി നിർവഹണം, വസ്തു നികുതി പിരിവ് എന്നിവയിലെ മികവിന് ജീവനക്കാരെയും ജനപ്രതിനിധികളെയും ചടങ്ങിൽ ആദരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ. ജലീൽ പറഞ്ഞു. 1.95 കോടി നികുതി പിരിച്ച് സംസ്‌ഥാനത്ത് രണ്ടാംസ്‌ഥാനമാണ് ചൂർണിക്കര നേടിയതെന്ന് പഞ്ചായത്ത് സെക്രട്ടറി ഡെന്നിസ് കൊറയ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.