ആലുവ: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥികൾക്ക് സൗകര്യമൊരുക്കി റവന്യൂ ജീവനക്കാർ. താലൂക്കിന് കീഴില്‍ ആലുവ, അങ്കമാലി റെയില്‍വേ സ്‌റ്റേഷനുകൾ, കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷനുകൾ എന്നിങ്ങനെ നാല് കൗണ്ടറുകളാണ് പ്രവര്‍ത്തിച്ചത്. തമിഴ്‌നാട്ടിൽ നിന്നടക്കം എത്തുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പരീക്ഷ കേന്ദ്രങ്ങളിൽ കൃത്യമായി എത്തിച്ചേരാനുള്ള സഹായങ്ങൾ നൽകലായിരുന്നു ഇവരുടെ പ്രധാന കർത്തവ്യം. ജില്ല കലക്ടറുടെ നിർദേശാനുസരണം തഹസിൽദാർ സന്ധ്യദേവിയുടെ നേതൃത്വത്തിലായിരുന്നു കൗണ്ടറുകളുടെ പ്രവര്‍ത്തനം. പുലർച്ച മുതൽ വിവിധ ട്രെയിനുകളിലും ബസുകളിലുമായി വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഒഴുക്കായിരുന്നു. ഇതില്‍ മലയാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ഹാൾ ടിക്കറ്റുകൾ പരിശോധിച്ച് പരീക്ഷ കേന്ദ്രങ്ങൾ കൃത്യമായി പറഞ്ഞുകൊടുക്കുകയും അവിടേക്ക് എത്തിച്ചുചേരാനുള്ള വാഹന സൗകര്യങ്ങൾ കാണിച്ചുകൊടുക്കുകയും ചെയ്തു. ശനിയാഴ്ച രാത്രിയിലും പലരും എത്തിയിരുന്നു. ഇവരടക്കം താമസ സൗകര്യം നേരേത്ത ആവശ്യപ്പെട്ടിരുന്നവർക്ക് അതിനുള്ള സഹായങ്ങളും ചെയ്തിരുന്നു. വൈ.എം.സി.എ, ഗവ. െറസ്‌റ്റ് ഹൗസുകള്‍, യൂത്ത് ഹോസ്‌റ്റലുകള്‍, യാത്രി ഭവനുകള്‍ തുടങ്ങിയവയാണ് താമസ സൗകര്യങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയിരുന്നത്. ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഫീസ് ആനുകൂല്യം ലഭ്യമാക്കാനും ഉദ്യോഗസ്‌ഥര്‍ സൗകര്യമൊരുക്കിയിരുന്നു. പെരുമ്പാവൂര്‍, ആലുവ എന്നിവിടങ്ങളിലാണ് കൂടുതലായും താമസ സൗകര്യം ഒരുക്കിയത്. എല്ലാ പരീക്ഷ കേന്ദ്രങ്ങളുടെയും പ്രിന്‍സിപ്പലിെൻറ ഫോണ്‍ നമ്പറുകള്‍ അടക്കം പൂര്‍ണമായ വിവരങ്ങള്‍ ഹെല്‍പ് ഡെസ്‌കില്‍ ലഭ്യമാക്കിയിരുന്നു. ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ വേണമെന്ന നിബന്ധന ഉണ്ടായിരുന്നതിനാൽ കടും നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചെത്തിയവർ വെട്ടിലായി. ഇവരെ സഹായിക്കാൻ കെ.എസ്.യു പ്രവർത്തകർ രംഗത്തുണ്ടായിരുന്നു. തങ്ങളുടെ വീടുകളിലും മറ്റുമുള്ള ഇളം നിറത്തിലുള്ള ഷർട്ടുകളും വെള്ള മുണ്ടുകളും പ്രവർത്തകർ കുട്ടികൾക്ക് എത്തിച്ച് നൽകി. കൂടാതെ വിദ്യാർഥികളെ സഹായിക്കാനായി ശിവഗിരി സ്‌കൂൾ പരിസരത്ത് ഹെൽപ് െഡസ്കുകളും ഇട്ടിരുന്നു. ലെഗിൻസ് ധരിച്ചെത്തിയ പെൺകുട്ടികൾക്ക് ആശ്വാസമേകിയത് രാവിലെ ഏഴുമണിക്ക് തുറന്ന റെയിൽവേ സ്‌റ്റേഷൻ പരിസരത്തെ തുണിക്കടയാണ്. ഇവിടെനിന്ന് ട്രാക് സ്യൂട്ടടക്കം വാങ്ങിയാണ് പെൺകുട്ടികൾ പരീക്ഷക്ക് പോയത്. കുട്ടികൾക്ക് വസ്ത്രം മാറുന്നതിനുള്ള പ്രത്യേക സൗകര്യം വ്യാപാരി നൽകുകയും ചെയ്തു. ശിവഗിരി സ്‌കൂളിൽ പരീക്ഷക്കെത്തിയ കുട്ടികളുടെ രക്ഷിതാക്കൾക്ക് ആലുവ ഈസ്‌റ്റ് പൊലീസ് സ്‌റ്റേഷനിലെ എസ്.ഐ യാക്കൂബ് വിവിധ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസ് നൽകി. പരീക്ഷ നടക്കുന്ന സമയത്ത് സമീപ വീടുകളിൽ വിശ്രമിച്ചിരുന്ന രക്ഷിതാക്കൾക്കാണ് ജനമൈത്രി പൊലീസ് ഉദ്യോഗസ്‌ഥൻ കൂടിയായ അദ്ദേഹം ക്ലാസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.