നീറ്റ് പരീക്ഷ: കൊച്ചിയിലെത്തിയ ഇതര സംസ്ഥാന വിദ്യാര്‍ഥികള്‍ മടങ്ങി

കൊച്ചി: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ എഴുതുന്നതിന് ഇതര സംസ്ഥാനങ്ങളില്‍നിന്ന് കൊച്ചിയിലെത്തിയ അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ മടങ്ങി. ജില്ലയില്‍ 58 പരീക്ഷകേന്ദ്രത്തിൽ 33,160 വിദ്യാര്‍ഥികള്‍ക്കാണ് ഹാള്‍ ടിക്കറ്റ് അനുവദിച്ചിരുന്നത്. രാവിലെ 7.30ന് പരീക്ഷകേന്ദ്രങ്ങള്‍ തുറന്നു. രണ്ട് സ്ലോട്ടിലായായിരുന്നു പ്രവേശനം. എ സ്ലോട്ട് ലഭിച്ചവരെ രാവിലെ 7.30 നും 8.30നും ഇടക്കും ബി സ്ലോട്ട് ലഭിച്ചവരെ 8.30നും 9.30നും ഇടക്കും ഹാളില്‍ പ്രവേശിപ്പിച്ചു. കര്‍ശന പരിശോധനകള്‍ക്കുശേഷമായിരുന്നു വിദ്യാര്‍ഥികളെ പരീക്ഷഹാളില്‍ പ്രവേശിപ്പിച്ചത്. ഭക്ഷണം ഉള്‍പ്പെടെ ഒരുവിധത്തിലുമുള്ള സാധനങ്ങളും ഹാളില്‍ അനുവദിച്ചിരുന്നില്ല. അഡ്മിഷന്‍ കാര്‍ഡും ഫോട്ടോയും മാത്രമേ അനുവദിച്ചിരുന്നുള്ളൂ. ഉത്തരം രേഖപ്പെടുത്താനുള്ള പേനകള്‍ ഹാളില്‍ വിതരണം ചെയ്തു. 10 മുതല്‍ ഉച്ചക്ക് ഒന്നുവരെയായിരുന്നു പരീക്ഷസമയം. ഇതിനിടെ തമ്മനം നളന്ദ പബ്ലിക് സ്‌കൂളില്‍ പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിയുടെ പിതാവ് കുഴഞ്ഞുവീണ് മരിച്ചു. തമിഴ്നാട് സ്വദേശി കസ്തൂരി മഹാലിംഗത്തി​െൻറ പിതാവ് തിരുവാരൂര്‍ ജില്ലയിലെ തിരുത്തുറൈപ്പൂണ്ടി വിളക്കുടി മേലേ സ്ട്രീറ്റ് 6/48 ല്‍ എസ്. കൃഷ്ണസ്വാമിയാണ് (47) മരിച്ചത്. മരണവാര്‍ത്ത അറിഞ്ഞതോടെ നളന്ദ പബ്ലിക് സ്‌കൂളിനുമുന്നില്‍ വലിയ ആള്‍ക്കൂട്ടമായി. ഇതോടെ ഒരുമണിക്ക് പരീക്ഷ കഴിെഞ്ഞങ്കിലും 1.40ഓടെയാണ് ഇവിടെ േഗറ്റ് തുറക്കാനായത്. അക്ഷമരായ ചില രക്ഷിതാക്കള്‍ ഗേറ്റില്‍ അടിച്ചും മറ്റും പ്രതിഷേധം പ്രകടിപ്പിെച്ചങ്കിലും പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. ജില്ലയില്‍ ഒരിടത്തും പരീക്ഷയുമായി ബന്ധപ്പെട്ട് മോശം സംഭവം ഉണ്ടായില്ലെന്നും എല്ലാവരും ബുദ്ധിമുട്ടില്ലാതെ പരീക്ഷ എഴുതിയെന്നും അധികൃതര്‍ അറിയിച്ചു. ഉച്ചക്ക് ഒന്നോടെ പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് തിരികെ തമിഴ്നാട്ടിലേക്ക് പോകാള്ള യാത്രസൗകര്യങ്ങളും ക്രമീകരിച്ചിരുന്നു. തമിഴ്നാട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സിയുടെ എല്ലാ ബസുകളും ഉച്ചക്ക് ഒന്നിനുശേഷമാണ് സര്‍വിസ് നടത്തിയത്. ഉച്ചക്ക് രണ്ടുമുതല്‍ കോയമ്പത്തൂര്‍, കുമളി, തൊടുപുഴ എന്നിവിടങ്ങളിലേക്ക് ഓരോ 30 മിനിറ്റിലും കെ.എസ്.ആര്‍.ടി.സി ബസുകള്‍ ലഭ്യമായിരുന്നു. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനുപുറെമ വൈറ്റില ഹബ്, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍നിന്നും സര്‍വിസുകളുണ്ടായിരുന്നു. തിരുനെല്‍വേലി, തൂത്തുക്കുടി, മധുര എന്നിവിടങ്ങളിലേക്കും എസ്.ഇ.ടി.സി സര്‍വിസ് നടത്തി. എറണാകുളം സൗത്തില്‍നിന്ന് ആരംഭിക്കുന്ന ചെന്നൈയിലേക്കുള്ള സുവിധ സ്പെഷല്‍ ട്രെയിന്‍ സമയം പുനഃക്രമീകരിച്ചാണ് സര്‍വിസ് നടത്തിയത്. കൂടാതെ, വൈകീട്ട് ഏഴിന് പുറപ്പെടുന്ന എറണാകുളം ചെന്നൈ ട്രെയിനില്‍ തിരക്ക് കണക്കിലെടുത്ത് രണ്ട് അധിക കമ്പാര്‍ട്ട്മ​െൻറുകളും ഉള്‍പ്പെടുത്തിയിരുന്നു. ശനിയാഴ്ച രാവിലെ വിദ്യാര്‍ഥികള്‍ വന്നിറങ്ങിയതുമുതല്‍ ജില്ല ഭരണകൂടത്തി​െൻറ നേതൃത്വത്തില്‍ സജ്ജമാക്കിയ ഹെല്‍പ് ഡെസ്‌കുകള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സജീവമായിരുന്നു. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി വന്നിറങ്ങിയവര്‍ക്ക് താമസ സൗകര്യം, പരീക്ഷ കേന്ദ്രങ്ങളിലെത്താനുള്ള നിര്‍ദേശങ്ങള്‍ തുടങ്ങിയവയെല്ലാം ഹെല്‍പ് ഡെസ്‌കില്‍നിന്ന് വിദ്യാര്‍ഥികള്‍ക്ക് ലഭ്യമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.