കൊച്ചി: മലബാർ ദേവസ്വം ബോർഡിലെ വിവിധ ക്ഷേത്രങ്ങളിൽ 2007ൽ നടത്തിയ എക്‌സിക്യൂട്ടിവ് ഒാഫിസർമാരുടെ നിയമനം ഹൈകോടതി ശരിെവച്ചു. നിയമനത്തിന് നടത്തിയ അഭിമുഖം പ്രഹസനമായിരുന്നെന്ന് ആരോപിച്ച് തൃശൂർ പാവറട്ടി സ്വദേശി കെ.പി.ആർ. വാസുദേവൻ 2007ൽ നൽകിയ ഹരജി തള്ളിയാണ് സിംഗിൾ ബെഞ്ചിെൻറ ഉത്തരവ്. അന്ന് അധികാരത്തിലിരുന്ന സി.പി.എമ്മിെൻറ നിർദേശ പ്രകാരമാണ് നിയമനം നടത്തിയതെന്ന് ഹരജിക്കാരൻ ആരോപിച്ചിരുന്നു. പല ദിവസങ്ങളിലായാണ് അഭിമുഖം നടത്തിയത്. മൂന്നംഗ ഇൻറർവ്യൂ ബോർഡിൽ ചില ദിവസങ്ങളിൽ മലബാർ ദേവസ്വം കമീഷണർ ഹാജരായെന്നും മറ്റു ദിനങ്ങളിൽ ദേവസ്വം ബോർഡ് സൂപ്രണ്ടാണ് ഹാജരായതെന്നും ഹരജിയിൽ പറയുന്നു. എല്ലാ ദിവസവും ദേവസ്വം കമീഷണർ ഹാജരാകാതിരുന്നത് പോരായ്മയാണെങ്കിലും അതിെൻറ പേരിൽ നിയമനം വഴിവിട്ടാണെന്ന് പറയാനാവില്ലെന്ന് ഹൈകോടതി വ്യക്തമാക്കി. ഒരു പതിറ്റാണ്ടിലേറെ കഴിഞ്ഞതിനാൽ ഇപ്പോൾ ഇടപെടുന്നത് ഉചിതമല്ലെന്നും വ്യക്തമാക്കിയാണ് ഹരജി തള്ളിയത്. 2016ൽ ഇതേ തസ്തികയിലേക്ക് തയാറാക്കിയ റാങ്ക് ലിസ്റ്റ് സർക്കാർ റദ്ദാക്കിയതും ഹൈകോടതി ശരിെവച്ചു. നിയമനത്തിനുള്ള മാർഗ നിർദേശങ്ങൾക്കനുസരിച്ചല്ല ഇൻറർവ്യൂവിെൻറ മാർക്ക് നിശ്ചയിച്ചതെന്ന് വിലയിരുത്തിയാണ് സർക്കാർ ലിസ്റ്റ് റദ്ദാക്കിയത്. സർക്കാർ നടപടിക്കെതിരെ നൽകിയ ഹരജിയും ഹൈകോടതി തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.