ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് യുവാവ്​ മരിച്ചെന്ന് പരാതി

കൊച്ചി: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ചതായി പരാതി. ആലപ്പുഴ എഴുപുന്ന സ്വദേശി സിബിച്ചനാണ്(22) മാര്‍ച്ച് 18ന് ആശുപത്രിയിൽ മരിച്ചത്. സംഭവത്തിൽ ഡ്യൂട്ടി ഡോക്ടറടക്കം ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പിതാവ് കെ.ആര്‍. ആൻറണി രംഗത്തെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കിയിട്ടും നടപടിക്ക് അധികൃതർ തയാറായിട്ടില്ലെന്ന് ആൻറണി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സിമ്പിച്ചനെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്നാണ് 18ന് ആശുപത്രിയിലെത്തിച്ചത്. ഏറെ അവശനിലയിലായിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ പരിശോധിക്കാന്‍ കൂട്ടാക്കിയില്ലേത്ര. അറ്റൻറര്‍മാരും നഴ്‌സുമാരുമടക്കമുള്ളവരിൽനിന്ന് കടുത്ത അവഗണനയാണ് സിബിച്ചന് നേരിടേണ്ടിവന്നെതന്ന് പിതാവ് ആരോപിക്കുന്നു. ഏഴ് മണിക്കൂറോളം കാഷ്വൽറ്റിയില്‍ അവശനിലയില്‍ കിടന്നിട്ടും ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കാന്‍ കൂട്ടാക്കിയില്ല. വിദഗ്ധ ചികിത്സ നല്‍കാന്‍ ഐ.സി.യുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടിട്ടും ചെവിക്കൊണ്ടില്ല. 18ന് വണ്ടാനം മെഡിക്കല്‍ കോളജില്‍ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെയും മറ്റ് സ്റ്റാഫുകള്‍ക്കെതിരെയും നടപടി വേണമെന്ന് പിതാവ് ആവശ്യപ്പെട്ടു. മാതാവില്‍നിന്ന് വൃക്ക സ്വീകരിക്കുന്നതിന് ഓപറേഷന് കാത്തിരിക്കുകയായിരുന്നു. നീതി ലഭിച്ചില്ലെങ്കിൽ സംസ്ഥാന മനുഷ്യാവകാശ കമീഷനെ സമീപിക്കുമെന്നും ആൻറണി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.