എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ പെയിന്‍ ആൻഡ്​ പാലിയേറ്റിവ് കെയര്‍ യൂനിറ്റ് * 12.68 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി

കൊച്ചി: എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ പെയിന്‍ ആൻഡ് പാലിയേറ്റിവ് കെയര്‍ യൂനിറ്റ് നിർമിക്കാന്‍ സര്‍ക്കാർ ഭരണാനുമതിയായി. ആറ് നിലയിൽ 60,000 ചതുരശ്രയടിയിലെ കെട്ടിടം 12.68 കോടി ചെലവിലാണ് നിർമിക്കുന്നത്. കേരളത്തിൽ ആദ്യമായാണ് ഒരു മെഡിക്കല്‍ കോളജില്‍ പാലിയേറ്റിവ് രോഗികള്‍ക്ക് ഇത്രയും ബൃഹത്തായ സംരംഭം. കൊച്ചി ഇൻറര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡി​െൻറ (സിയാൽ) കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി സ്‌കീമിൽപെടുത്തിയാകും പദ്ധതി നടപ്പാക്കുകയെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ഒാഫിസ് അറിയിച്ചു. പാലിയേറ്റിവ് രോഗികള്‍ക്ക് മികച്ച സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുന്നത്. 100രോഗികളെ ഒരേസമയം കിടത്തിച്ചികിത്സിക്കാം. എല്ലാ നിലയിലും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേക വാര്‍ഡുകള്‍, ഡോക്ടര്‍മാരുെടയും നഴ്‌സുമാരുെടയും ഡ്യൂട്ടി റൂം, ഐസലേഷന്‍ റൂം, നഴ്‌സിങ് സ്റ്റേഷന്‍ എന്നിവയുണ്ടാകും. ഒരുരോഗിയോടൊപ്പം ഒരു കൂട്ടിരുപ്പുകാരന് കഴിയാവുന്ന സൗകര്യവുമുണ്ടാകും. ബേസ്‌മ​െൻറിലാണ് പാർക്കിങ് സൗകര്യം. സംസ്ഥാന പാരിസ്ഥിതിക വകുപ്പി​െൻറ അനുമതി ലഭിച്ചാലുടൻ നിര്‍മാണം തുടങ്ങും. ഒരുവര്‍ഷത്തിനകം യൂനിറ്റ് പ്രവര്‍ത്തനസജ്ജമാക്കുകയാണ് ലക്ഷ്യം. എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ മൂന്നുവര്‍ഷമായി റോട്ടറി ക്ലബി​െൻറ സഹകരണത്തോടെ പാലിയേറ്റിവ് കെയര്‍ യൂനിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. പാലിയേറ്റിവ് കെയര്‍ ഒ.പിക്കുപുറമെ ഈ രോഗികളെ നിത്യേന വീടുകളില്‍ചെന്ന് പരിചരിക്കുകയും വേണ്ട ഉപകരണങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നു. പാലിയേറ്റിവ് രംഗത്തെ സന്നദ്ധപ്രവര്‍ത്തകർക്ക് പരിശീലനവും നൽകുന്നുണ്ട്. എറണാകുളം ഗവ. മെഡിക്കല്‍ കോളജി​െൻറ സമഗ്രവികസനത്തി​െൻറ ഭാഗമായി ഇമേജിങ് സ​െൻറര്‍ ആരംഭിക്കാൻ അടുത്തിടെ സർക്കാർ 25 കോടി അനുവദിച്ചിരുന്നു. നെഫ്രോളജി പ്രഫസറെ നിയമിച്ചു. കാര്‍ഡിയോളജി ഉള്‍പ്പെടെ വിഭാഗങ്ങളിലെ പ്രഫസര്‍മാരുടെ നിയമനം നടക്കുകയാണ്. ജീവനക്കാരെ സര്‍ക്കാര്‍ ഏറ്റെടുക്കല്‍ നടപടിയും ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.