ഉദ്യോഗസ്​ഥരെ ഒാഫിസിൽ തളച്ചിട്ടു; നികുതിവെട്ടിപ്പിന്​ സർക്കാറി​െൻറ പച്ചക്കൊടി

കൊച്ചി: ചരക്ക് സേവന നികുതി വകുപ്പിലെ ഇൻറലിജൻസ് വിഭാഗം ഉദ്യോഗസ്ഥരെ ഒാഫിസിൽ തളച്ചിട്ട് പരിശോധന മരവിപ്പിച്ച സർക്കാർ നികുതി വെട്ടിപ്പിന് കളമൊരുക്കുന്നു. വകുപ്പിന് ഫലത്തിൽ ഒരുപ്രയോജനവുമില്ലാത്ത ജോലി ഉദ്യോഗസ്ഥർക്കുമേൽ അടിച്ചേൽപിച്ചതോടെ ഇൻറലിജൻസ് സ്ക്വാഡുകൾ നടത്തിവന്ന വാഹനപരിശോധന ഇല്ലാതായി. നികുതിവെട്ടിപ്പ് കണ്ടെത്താൻ വേണ്ടത്ര ഉദ്യോഗസ്ഥർ ഇല്ലാതിരിക്കെയാണ് നിലവിലുള്ളവരെ മനുഷ്യവിഭവശേഷിയും പണവും സമയവും പാഴാക്കുന്ന ജോലികൾക്ക് നിയോഗിച്ചത്. കഴിഞ്ഞ അഞ്ചുവർഷം ഇൻറലിജൻസ് വിഭാഗം നികുതിവെട്ടിപ്പ് കണ്ടെത്താൻ നടത്തിയ പരിശോധനകളും തുടർനടപടികളുമായി ബന്ധപ്പെട്ട ഫയലുകളിലെ വിവരങ്ങൾ പൂർണമായും കമ്പ്യൂട്ടറിൽ കയറ്റണമെന്നാണ് സംസ്ഥാന ജി.എസ്.ടി കമീഷണറുടെ നിർദേശം. നടപടി പൂർത്തീകരിച്ച് അസസ്മ​െൻറ് വിഭാഗത്തിന് കൈമാറിയ ഒരുലക്ഷത്തോളം ഫയലുകളിലെ വിവരങ്ങളാണ് കമ്പ്യൂട്ടറിലാക്കേണ്ടത്. കമീഷണറുടെ നിർദേശത്തെത്തുടർന്ന് ഫയലുകളെല്ലാം തിരിച്ചുവിളിച്ച് കമ്പ്യൂട്ടറിലാക്കുന്ന ജോലിയിലാണ് ഉദ്യോഗസ്ഥർ. സ്ക്വാഡുകളിലെ ഗസറ്റഡ് ഒാഫിസർ റാങ്കിലുള്ളവരടക്കം ഇൗ ജോലിയിലേക്ക് തിരിഞ്ഞതോടെ വാഹനപരിശോധന ഏറക്കുറെ നിലച്ചു. ആരെങ്കിലും വിളിച്ചറിയിക്കുന്ന കേസുകൾ മാത്രമേ സ്ഥലത്തെത്തി പരിശോധിക്കുന്നുള്ളൂ. നടപടിക്രമം പൂർത്തിയായ കേസുകളുടെ ഫയലുകളിലെ വിവരങ്ങൾ കമ്പ്യൂട്ടറിലാക്കുന്നതുകൊണ്ട് കാര്യമായ പ്രയോജനമില്ലെന്നും മനുഷ്യവിഭവശേഷി പാഴാക്കുന്ന നടപടിയാണ് ഇതെന്നും ജി.എസ്.ടി വകുപ്പിലെതന്നെ ഒരുവിഭാഗം ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഫയലിലെ വിവരങ്ങൾ കമ്പ്യൂട്ടറിലാക്കുന്ന ജോലി ഇൗ മാസം 31നകം തീർക്കണമെന്നായിരുന്നു കമീഷണറുടെ നിർദേശം. എന്നാൽ, ജോലി പൂർത്തിയാകാൻ ആറുമാസം കൂടിയെങ്കിലും എടുക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ജി.എസ്.ടി നിലവിൽവന്നതോടെ ചെക്പോസ്റ്റുകൾ ഇല്ലാതായതും വാഹന പരിശോധന നാമമാത്രമായതും മുതലെടുത്ത് നികുതി വെട്ടിപ്പ് വ്യാപകമായിരുന്നു. സർക്കാറിന് കോടികളുടെ വരുമാന നഷ്ടമാണ് ഇതുമൂലമുണ്ടായത്. ഇതിന് പിന്നാലെയാണ് സ്ക്വാഡ് അംഗങ്ങളെ പുറത്തിറങ്ങാൻ അനുവദിക്കാതെ ക്ലറിക്കൽ സ്വഭാവമുള്ള ജോലിക്ക് നിയോഗിച്ചത്. പി.പി. കബീർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.