സാമൂഹികവിരുദ്ധർക്ക്​ പേടിസ്വപ്​നമായി 'ഓപറേഷന്‍ തണ്ടര്‍'

ആലപ്പുഴ: സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളെ അമർച്ച ചെയ്ത് സമാധാനജീവിതം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ 'ഓപറേഷന്‍ തണ്ടര്‍' എന്ന പേരില്‍ ആരംഭിച്ച ദ്രുതകർമ പദ്ധതി വിജയകരം. ജില്ലയില്‍ നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നവരുടെയും ക്രമസമാധാനത്തിന് ഭംഗം വരുത്തുന്നവരുടെയും ഒന്നിൽക്കൂടുതല്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട സാമൂഹികവിരുദ്ധരുടെയും വിശദവിവരങ്ങള്‍ ശേഖരിച്ചു. ഇവരെ സൈബര്‍ സെല്ലി​െൻറയും മറ്റ് ആധുനിക സംവിധാനങ്ങളുടെയും സഹായത്താല്‍ 24 മണിക്കൂറും നിരീക്ഷണം ഏര്‍പ്പെടുത്തി. മുൻകരുതല്‍ അറസ്റ്റും മറ്റ് നടപടികളും സ്വീകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. സബ് ഡിവിഷന്‍ ഡിവൈ.എസ്.പി നേതൃത്വത്തില്‍ പ്രത്യേക സെല്ലും ജില്ലതലത്തില്‍ പ്രത്യേക സെല്ലും രൂപവത്കരിച്ചാണ് പദ്ധതി വിജയകരമായി നടപ്പാക്കിയത്. പൊതുജനങ്ങൾക്ക് ഏതുസമയവും രഹസ്യമായി വിവരം നൽകാൻ 1090 (ക്രൈം സ്റ്റോപ്പര്‍), 100 (കൺട്രോൾ റൂം) നമ്പറുകള്‍ കൂടാതെ ഓപറേഷന്‍ തണ്ടറിന് മാത്രമായി 9497910100 എന്ന നമ്പര്‍ സജ്ജീകരിച്ചതും ആയതിലേക്ക് വാട്സ് ആപ്പിലൂടെയും പരാതി നൽകാനും സംവിധാനമുണ്ട്. ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്ര​െൻറ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഓപറേഷന്‍ തണ്ടര്‍ ആരംഭിച്ചശേഷം ഒരുമാസത്തിനുള്ളില്‍ മാത്രം 34 പേർക്കെതിരെ ഗുണ്ടനിയമപ്രകാരം നടപടി സ്വീകരിച്ചു. മാരകായുധങ്ങള്‍ കണ്ടെത്താൻ ജില്ല മുഴുവന്‍ പ്രത്യേക പരിശോധന നടത്തി. 18 വടിവാള്‍, 10 കഠാര, 15 ഇരുമ്പ് പൈപ്പ്, ഒരു എയര്‍ ഗണ്‍, എട്ട് നഞ്ചക്ക് എന്നിവ പിടിച്ചെടുത്ത് 12 കേസ് രജിസ്റ്റര്‍ ചെയ്തു. പണംവെച്ച് ശീട്ടുകളിച്ച ഇനത്തില്‍ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് 34 കേസ് രജിസ്റ്റര്‍ ചെയ്തു. 86 പേരെ അറസ്റ്റ് ചെയ്ത് 1,25,328 രൂപ പിഴ ഒടുക്കി. കരുതല്‍ തടങ്കല്‍, കരുതല്‍ അറസ്റ്റ് നിയമ പ്രകാരം ജില്ലയില്‍ 568 പേർക്കെതിരെ നടപടി സ്വീകരിച്ചു. കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ താമസിച്ച 94 പേരെ അറസ്റ്റ് ചെയ്ത് ഹാജരാക്കി. മദ്യപിച്ച് സ്കൂള്‍ ബസ് ഓടിച്ച 18 ഡ്രൈവർക്കെതിരെ നടപടി സ്വീകരിച്ചു. സ്കൂള്‍ പരിസരങ്ങളില്‍ നിരോധിത പുകയില ഉൽപന്നങ്ങള്‍ വിറ്റതിന് 47 പേർക്ക് എതിരെയും ലഹരി വസ്തുക്കള്‍ വിറ്റതിന് 63 പേർക്കെതിരെയും നിയമനടപടി സ്വീകരിച്ചു. നീലച്ചിത്രം, വ്യാജ സീഡി എന്നിവ വിറ്റതിന് 12 പേർക്കെതിരെയും നടപടി സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.