കായംകുളം: താലൂക്ക് ആശുപത്രിയിൽ അർബുദ നിർണയ സംവിധാനം, വയോമിത്രം ബ്ലോക്ക്, നഗരത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി വാട്ടർ എ.ടി.എം സംവിധാനം, ഭവന പുനരധിവാസമായി ഫ്ലാറ്റ്, അംഗൻവാടികളിൽ ഇ-സേവാകേന്ദ്രം തുടങ്ങിയ ശ്രദ്ധേയ വികസന നിർദേശങ്ങളുമായി കായംകുളം നഗരസഭ ബജറ്റ്. താലൂക്ക് ആശുപത്രിയുടെ വികസനത്തിന് ഒരു കോടി വകയിരുത്തി. ട്രോമാകെയർ യൂനിറ്റ്, സ്കാനിങ് സെൻറർ, വയോമിത്രം ബ്ലോക്ക് എന്നിവയാണ് ആശുപത്രിയിൽ നടപ്പാക്കുക. ആലക്കൽകുളം, അയ്യൻകോയിക്കൽ കോളനി എന്നിവിടങ്ങളിലെ നഗരസഭ സ്ഥലത്താണ് 200 ഗുണഭോക്താക്കളെ പുനരധിവസിപ്പിക്കുന്ന ഫ്ലാറ്റ് പദ്ധതി വിഭാവനം ചെയ്യുന്നത്. വിധവ, വൃദ്ധർ, ഭിന്നശേഷിക്കാർ എന്നിവരുടെ പുനരധിവാസം ലക്ഷ്യമാക്കി വാർഡുകൾതോറും മൂന്ന് ബങ്കുകൾ വീതം നിർമിച്ച് നൽകും. ഇൻറർനെറ്റ്, പ്രിൻറർ സൗകര്യങ്ങളോടെ അംഗൻവാടികൾ കേന്ദ്രീകരിച്ച് ഇ-സേവാ കേന്ദ്രങ്ങൾ തുടങ്ങും. അഭ്യസ്തവിദ്യരുടെ തൊഴിലന്വേഷണത്തിന് സഹായകമെന്ന നിലയിലാണ് പദ്ധതി. ഒരു രൂപക്ക് ഒരു ലിറ്റർ ശുദ്ധജലം ലഭ്യമാക്കുന്ന വാട്ടർ എ.ടി.എം സംവിധാനം നഗരത്തിലെ രണ്ട് ഭാഗങ്ങളിൽ സജ്ജീകരിക്കും. ഇതോടൊപ്പം നഗരത്തിന് സ്വന്തമായ കുടിവെള്ള പദ്ധതിയും ആവിഷ്കരിക്കും. ശുചിത്വമിഷെൻറ സഹകരണത്തോടെ ഉറവിട മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കും. തോടുകൾ മാലിന്യമുക്തമാക്കും. അറവുശാലയിലും ആധുനിക സൗകര്യങ്ങളുണ്ടാകും. ഗവ. ബോയ്സ് സ്കൂളിൽ 50 ലക്ഷം ചെലവിൽ പുതിയ കെട്ടിടം നിർമിക്കും. ബാൻഡ് സെറ്റും നൽകും. പെൺകുട്ടികൾക്ക് ജൂഡോ, കരാേട്ട, യോഗ എന്നിവയിൽ പരിശീലനം നൽകും. വനിതക്ഷേമ ഭാഗമായി െറസ്റ്റ് ഹൗസിന് സമീപം വനിത സൗഹൃദകേന്ദ്രവും ഗേൾസ് സ്കൂളുകളിൽ നാപ്കിൻ വൈൻഡിങ് മെഷീനുകളും സ്ഥാപിക്കും. വാർഡുകൾതോറും കുടുംബശ്രീ ഹോട്ടലുകൾ വേറിെട്ടാരു പദ്ധതിയായി മാറ്റും. ആലക്കൽകുളത്ത് വൃദ്ധസദനം ഇൗവർഷം യാഥാർഥ്യമാക്കും. സ്വകാര്യ ബസ്സ്റ്റാൻഡ് അടക്കം വിവിധ പദ്ധതികൾക്ക് സ്ഥലം ഏറ്റെടുക്കലും ബജറ്റ് നിർദേശിക്കുന്നു. 67,56,52,977 രൂപ വരവും 61,96,69,676 രൂപ െചലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയർപേഴ്സൻ ആർ. ഗിരിജ അവതരിപ്പിച്ചു. ചെയർമാൻ എൻ. ശിവദാസൻ അധ്യക്ഷത വഹിച്ചു. കായംകുളം കോടതി സമുച്ചയത്തിന് 15 കോടിയുടെ ഭരണാനുമതി കായംകുളം: കോടതി സമുച്ചയം നിർമാണത്തിന് 15 കോടിയുടെ ഭരണാനുമതി ലഭിച്ചതായി യു. പ്രതിഭ എം.എൽ.എ അറിയിച്ചു. 40,000 ചതുരശ്ര അടി വിസ്തീർണത്തിൽ കേരളീയ വാസ്തു ശിൽപകല മാതൃകയിൽ ലിഫ്റ്റ് സൗകര്യത്തോടെ മൂന്നുനില കെട്ടിടമാണ് നിർമിക്കുന്നത്. മജിസ്േട്രറ്റ് കോടതി ഹാൾ, ചേംബറുകൾ, ലോബി, നടുമുറ്റം, ഓഫിസ് ബ്ലോക്ക്, അദാലത് ഹാൾ, ബാർ അസോസിയേഷൻ ഹാൾ, ലൈബ്രറി, ഗുമസ്തന്മാർക്കുള്ള മുറി, വനിത അഭിഭാഷകർക്കുള്ള മുറി, മെഡിറ്റേഷൻ ഹാൾ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. പൊതുമരാമത്ത് വകുപ്പിനാണ് നിർമാണച്ചുമതല. കാലങ്ങളായി ജീർണാവസ്ഥയിലായിരുന്ന കോടതി കെട്ടിടത്തിന് പകരം ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിട സമുച്ചയം എന്ന കായംകുളത്തിെൻറ ദീർഘകാല അഭിലാഷമാണ് ഇതോടെ യാഥാർഥ്യമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.